ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെകൊലപാതകത്തില് ന്യൂസിലാന്‍ഡിന്റെ നിലപാട് കാനഡയ്ക്കും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും തിരിച്ചടിയാവുന്നു. ഭാരതത്തിന് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ ന്യൂസിലന്‍ഡ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ചോദ്യം ചെയ്തു. ഭാരതത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. കേസില്‍ എന്ത് പുരോഗതിയുണ്ടായെന്ന് പറഞ്ഞിട്ടില്ലെന്ന് അഞ്ച് രാജ്യങ്ങളുടെ രഹസ്യാന്വേഷണ സംഘടനയായ ഫൈവ്-ഐസിലെ(അഞ്ചു കണ്ണുകള്‍) കാനഡയുടെ സഖ്യകക്ഷി കൂടിയായ ന്യൂസിലാന്‍ഡ് പറഞ്ഞു.
നാല് ദിവസത്തെ ഭാരത സന്ദര്‍ശനത്തിനെത്തിയ ന്യൂസിലന്‍ഡ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് കാനഡയുടെ ആരോപണത്തെ ചോദ്യം ചെയ്തത്. ‘പരിശീലനം ലഭിച്ച അഭിഭാഷകനായതിനാല്‍ എനിക്ക് സംശയങ്ങളുണ്ട്. കേസ് എന്തായിരുന്നു, ഇപ്പോള്‍ എവിടെയാണ്? അതിനുള്ള തെളിവെവിടെ? കേസില്‍ എന്തെല്ലാം വിവരങ്ങളാണ് പുറത്തുവന്നത്, ഇതുവരെ ഒന്നും വെളിച്ചത്ത് വന്നിട്ടില്ല, അദ്ദേഹം വ്യക്തമാക്കി.
ന്യൂസിലന്‍ഡിന്റെ ഉപപ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ഫൈവ് ഐസിന്റെ മറ്റ് കനേഡിയന്‍ സഖ്യകക്ഷികളുടെ നിലപാടില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. കാനഡയെ കൂടാതെ ന്യൂസിലന്‍ഡ്, അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് രഹസ്യാന്വേഷണ സഖ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സപ്തംബറില്‍ കനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നടത്തിയ ആരോപണത്തെ ഭാരതം ശക്തമായി നിഷേധിച്ചിരുന്നു. വ്യക്തമായ തെളിവുകള്‍ ഹാജരാക്കുവാനും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: