പത്തനംതിട്ട: പുല്‍വാമ സ്ഫോടനത്തില്‍ പാക്കിസ്ഥാന് പങ്കില്ലന്ന ആന്റോ ആന്റണി എംപി യുടെ പ്രസ്താവന കോണ്‍ഗ്രസിന് തിരിച്ചടിയാകും.. തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി പുല്‍വാമയില്‍ 42 ജവാന്മാരെ ബിജെപി ബലികൊടുത്തുവെന്നും സ്ഫോടകവസ്തു ശേഖരം പുല്‍വാമയിലെത്തിയത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും പറഞ്ഞ ആന്റോ ആന്റണി, സ്ഫോടനത്തില്‍ പാക്കിസ്ഥാന് എന്ത് പങ്കെന്നും ചോദിച്ചിരുന്നു.
പാക്കിസ്ഥാനെ വെള്ളപൂശുന്ന പ്രസ്താവനയാണ് പാര്‍ലമെന്റ് അംഗം നടത്തിയിരിക്കുന്നത്. സംഭവത്തിനു ശേഷം 5 വര്‍ഷം പാര്‍ലമെന്റില്‍ ഉണ്ടായിട്ടും ഒരിക്കല്‍ പോലും ഇക്കാര്യം ആന്റോ
പാര്‍ലമെന്റില്‍ ഉന്നയിക്കാത്തതെന്തുകൊണ്ട് എന്നതാണ് പ്രധാന ചോദ്യം. ഇത്രയും ഉത്തരവാദിത്തം ഇല്ലാത്ത ആള് വീണ്ടും എന്തിനാണ് പാര്‍ലമെന്റില്‍ പോകുന്നത് ? എന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.
ആന്റോ ആന്റണിയുടെ വാക്കുകള്‍ തീരെ നിരുത്തരവാദപരമാണ്. നിയമവിധേയമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അവിശ്വാസവും വ്യാജപ്രചരണവും നടത്തി രാഷ്ട്രത്തെ അപകടപ്പെടുത്താനും ശ്രമിച്ചതിന്റെ പേരില്‍ ആന്റോയ്ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന നടത്തിയ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആരുടെ വോട്ടിനു വേണ്ടിയാണ് ഇത്തരം നീചമായ പ്രസ്താവന നടത്തുന്നതെന്ന് കെ സുരേന്ദ്രന് ചോദിച്ചു. ആന്റോയുടെ പാക് അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
ആന്റോ ആന്റണി പാക്കിസ്ഥാന് വക്താവാകാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പാക് അനുകൂല നിലപാട് സ്വീകരിച്ച ആന്റോ ആന്റണിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു
രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചതായി അനില്‍ ആന്റണി കുറ്റപ്പെടുത്തി. ആന്റോ ആന്റണിക്ക് പാര്‍ലമെന്റില്‍ കാലുകുത്താന്‍ അവകാശമില്ലെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ക്ക് ബിജെപി ഇറങ്ങുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: