ന്യൂദല്‍ഹി : ആദായ നികുതി കേസില്‍ തിരിച്ചടിയേറ്റ് കോണ്‍ഗ്രസ്. 105കോടി രൂപ നികുതി കുടിശിക അടയ്ക്കണമെന്ന ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ഐടിഎടിയുടെ ഉത്തരവ് ദല്‍ഹി ഹൈക്കോടതി ശരിവച്ചു.
ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ ,പുരുഷീന്ദ്ര കുമാര്‍ കൗര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തളളിയത്. 2021ലാണ് കോണ്‍ഗ്രസിനെതിരെ നടപടികള്‍ ആരംഭിച്ചത്. പാര്‍ട്ടി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്ന് കോടതി അഭിപ്രായപ്പെട്ടു.
2018-19 സാമ്പത്തികവര്‍ഷത്തെ നികുതി കോണ്‍ഗ്രസ് അടച്ചില്ലെന്ന് കാട്ടിയാണ് ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചത്. പലിശ സഹിതം കുടിശിക ഏകദേശം 135 കോടി രൂപയാണ്. 2021 ജൂലൈയില്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആദായനികുതി ഇളവ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരസിച്ചു. 105 കോടി തിരിച്ചടയ്ക്കാന്‍ നിര്‍ദേശവും നല്കി.
സമയപരിധി കഴിഞ്ഞും കുടിശിക അടയ്ക്കാത്തതിനാല്‍ പാര്‍ട്ടി അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഈ നടപടിയില്‍ സ്റ്റേ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്രൈബ്യൂണലിനെ സമീപിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ നടപടി ശരിവച്ചുകൊണ്ട് 2024 മാര്‍ച്ച് 8 ന് ഐ ടി എ ടി ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
ദല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: