മെഡിക്കൽ കോളേജ് : മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയ്‌ക്കെത്തുന്ന സാർജ്ജൻ്റിന് ഡ്യൂട്ടിക്കിടെ രാത്രി ഒരു മണി വരെ വിശ്രമിക്കാമെന്ന നിർദ്ദേശം സുരക്ഷാവീഴ്ചയ്‌ക്ക് ചുണ്ടുപലകയാകുന്നു. ആശുപത്രിക്കുള്ളിലെ സാമൂഹ്യ വിരുദ്ധ ശല്ല്യം ഒഴിവാക്കി പൂർണ്ണ സുരക്ഷ ഒരുക്കുന്നതിനാണ് ഇത്തരത്തിലുള്ള ക്രമീകരണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
രാത്രി ഒരു മണി മുതൽ രാവിലെ 6 വരെയുള്ള സമയത്താണ് കവർച്ചയ്‌ക്കും മറ്റ് ക്രിമിനൽ പ്രവൃത്തികൾക്കായി സാമൂഹ്യ വിരുദ്ധർ ആശുപത്രിയ്‌ക്കുള്ളിൽ കയറിക്കൂടുന്നതെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് വിശ്രമത്തിന് ശേഷം ഒരു മണി മുതൽ രാവിലെ 6 വരെ അത്യാഹിത വിഭാഗത്തിലും വാർഡുകളിൽ ചുറ്റിനടന്ന് നിരീക്ഷിക്കണമെന്നും സംശയം തോന്നുന്നവരെ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കണമെന്നാണ് സെക്യൂരിറ്റി ഓഫീസറുടെ അറിയിപ്പിൽ പറയുന്നത്.
ഫെബ്രുവരി 21നാണ് രേഖാമൂലമുള്ള അറിയിപ്പ് പുറത്ത് വിട്ടത്. എന്നാൽ സെക്യൂരിറ്റി ഓഫീസറുടെ പുതിയ നിർദ്ദേശം ആശുപത്രിയിലെ സുരക്ഷയെ ഇല്ലാതാക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ലായെന്നാണ് ജീവനക്കാർ പറയുന്നത്. രാത്രിയിൽ ഒരു സാർജ്ജൻ്റിനെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. വൈകിട്ട് 7.30 ന് ഡ്യൂട്ടിക്ക് കയറിയ ഉടനെ സാർജ്ജൻ്റ് വിശ്രമിക്കണമെന്ന് പറയുന്നത് സെക്യൂരിറ്റി വ്യവസ്ഥയെ അട്ടിമറിക്കുകയാണ് സെക്യൂരിറ്റി ഓഫീസർ ചെയ്യുന്നത്. രാത്രി 9 മുതൽ 1 വരെയാണ് അത്യാഹിത വിഭാഗത്തിൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയത്താണ് അനധികൃതമായി സാമൂഹ്യ വിരുദ്ധർ ഉൾപ്പെടെയുള്ളവർ ആശുപത്രിക്കുള്ളിലേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നത്.
ഈ സമയം സാർജ്ജൻ്റ് വിശ്രമിക്കാൻ പോയാൽ അത്യാഹിത വിഭാഗം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറും. മാത്രവുമല്ല നിയമപ്രകാരം സാർജ്ജൻ്റ് ഡ്യൂട്ടിയിലാണ്. എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ സെക്യൂരിറ്റി ഓഫീസറുടെ നിർദേശത്തിൽ വിശ്രമത്തിന് പോയ സാർജ്ജൻ്റ് കുറ്റക്കാരായി മാറും. സാർജ്ജൻ്റുമാർക്കെതിരെയുള്ള ആസൂത്രിത പദ്ധതിയാണോയെന്നും സംശയിക്കപ്പെടുകയാണ്.
അടുത്ത കാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറുന്നതുൾപ്പെടെയുള്ള പല സംഭവങ്ങളും സാർജ്ജൻ്റുമാരാണ് നേരിട്ടത്. ഭരണപക്ഷ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ് സാർജ്ജൻ്റുമാരെ കയ്യേറ്റം ചെയ്ത് ആശുപത്രിയ്‌ക്കുള്ളിൽ കയറാൻ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പാർട്ടിക്കാർക്ക് യഥേഷ്ടം ആശുപത്രിക്കുള്ളിൽ അനധികൃതമായി ചുറ്റി നടക്കാനുള്ള അവസരത്തിന് വേണ്ടിയാണോ സെക്യൂരിറ്റി ഓഫീസറുടെ പുതിയ വ്യവസ്ഥയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: