ന്യൂദല്‍ഹി: മൂന്നംഗ കേന്ദ്ര വിജിലന്‍സ് കമ്മിഷനില്‍ മലയാളിയായ എ.എസ്. രാജീവ് വിജിലന്‍സ് കമ്മിഷണറായി ചുമതലയേറ്റു. 38 വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിലൂടെ ബാങ്കിങ് മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ രാജീവ് കോട്ടയം ആര്‍പ്പൂക്കര സ്വദേശിയാണ്.
ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ മുന്‍ സിഇഒ. സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, വിജയബാങ്ക് എന്നിവിടങ്ങളിലും ഉന്നത പദവികള്‍ അലങ്കരിച്ചിരുന്നു. രാജീവ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന സമയത്ത് ഇന്ത്യന്‍ ബാങ്ക് ഭാരതത്തിലെ ഏറ്റവും ശക്തമായ ബാങ്കുകളിലൊന്നായി ഉയര്‍ന്നു വന്നു. ഈ സമയത്ത് ബാങ്കിന്റെ ലാഭവും വര്‍ധിച്ചു. രാജ്യത്ത് മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന പൊതുമേഖലാ സ്ഥാപനമായി ബാങ്ക് ഓഫ് മഹാരാഷ്‌ട്രയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ രാജീവ് നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാങ്കിന്റെ സിഇഒ ആയിരുന്ന അദ്ദേഹം ഡിസംബറില്‍ വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ ആറ് മാസത്തേക്കു കൂടി കാലാവധി നീട്ടി. ഫെബ്രുവരിയില്‍ സിഇഒ പദവിയില്‍ നിന്ന് അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.
എക്‌സിം ബാങ്ക്, ന്യൂ ഇന്ത്യ അഷുറന്‍സ് കോ- ലിമിറ്റഡ്, നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ നോമിനി ഡയറക്ടറായിരുന്നു. കൂടാതെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍, ഇന്ത്യന്‍ അക്കൗണ്ടിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് നടപ്പാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കോര്‍ ഗ്രൂപ്പ് അംഗം എന്നിങ്ങനെയും പ്രവര്‍ത്തിച്ചു.
കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ, വിജിലന്‍സ് കമ്മിഷണറായ അരവിന്ദ കുമാര്‍ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍. നാലു വര്‍ഷമാണ് വിജിലന്‍സ് കമ്മിഷണറുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: