ന്യൂദല്‍ഹി: പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്ക്, അവര്‍ വന്ന രാജ്യത്തിന്റെ പാസ്പോര്‍ട്ടോ വിസയോ വേണമെന്ന നിബന്ധന കേന്ദ്രം എടുത്തുകളഞ്ഞു. ഇതിന് മാതാപിതാക്കളുടെയോ മറ്റ് പൂര്‍വ്വികരുടെയോ എന്തെങ്കിലും രേഖ മതി. ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്. ആധാര്‍ കാര്‍ഡ് തുടങ്ങി ഇരുപത് രേഖകളില്‍ ഒന്ന് നല്കിയാല് മതി. ഇതില്ലെങ്കില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഉള്‍പ്പടെ ജനപ്രതിനിധികളുടെ സാക്ഷ്യപത്രം ഹാജരാക്കാം.
സംസ്ഥാനതല ഉന്നതാധികാരസമിതിക്കാണ് അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം. ഈ സമിതി ജില്ലാതല സമിതികള്‍ മുഖേന രേഖകള്‍ പരിശോധിക്കും. തുടര്‍ന്ന് രേഖകള്‍ ഉന്നതാധികാര സമിതിക്ക് കൈമാറും. വേണമെങ്കില്‍ ഉന്നതാധികാരസമിതിക്കും അന്വേഷണം നടത്താം. അപേക്ഷയില്‍ സമിതി തൃപ്തരാണെങ്കില്‍, അധ്യക്ഷന്‍ ഡിജിറ്റല്‍ ഒപ്പിട്ട രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ വിശദാംശങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സമിതി സൂക്ഷിക്കും. ഈ രജിസ്റ്റര്‍ ഓണ്‍ലൈന്‍ വഴി ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും ലഭ്യമാക്കും.
അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഉന്നതാധികാര സമിതിക്ക് സെന്‍സസ് വകുപ്പിലെ ഡയറക്ടര്‍തല ഉദ്യോഗസ്ഥന് നേതൃത്വം നല്‍കും. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്, ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന് ഓഫീസര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സ്റ്റേറ്റ് ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ (അല്ലെങ്കില്‍ അദ്ദേഹം നാമനിര്‍ദേശം ചെയ്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥന്), ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധി എന്നിവരും സമിതിയിലെ ക്ഷണിതാവാകും.
അപേക്ഷ പരിശോധിക്കാനുള്ള ജില്ലാതല സമിതിയില്‍ സീനിയര്‍ സൂപ്രണ്ട് റാങ്കിലെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകും ഉണ്ടാകുക. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍, നായിബ് തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത അല്ലെങ്കില്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്നുള്ള തത്തുല്യമായ ഒരു പ്രതിനിധി, റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ (ലഭ്യമെങ്കില്‍) എന്നിവര്‍ ക്ഷണിതാക്കളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: