കൊല്‍ക്കത്ത: റേഷന്‍ വിതരണ കുംഭകോണക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍ക്കട്ട ഹൈക്കോടതി തള്ളി.
മുന്‍കൂര്‍ ജാമ്യത്തിനായി കീഴ്‌കോടതിയെ സമീപിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. കേസിനോട് ഷാജഹാന്‍ ഷെയ്ഖ് ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് ഇ ഡി അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇ ഡി സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
റേഷന്‍ വിതരണ കുംഭകോണ കേസുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ഷാജഹാന്‍ ഷെയ്ഖിന്റെ ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഹാജഹാന്‍ ഷെയ്ഖ് ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്. സന്ദേശ്ഖാലിയില്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ഇവരുടെ ഭൂമി തട്ടിയെടുക്കുന്നതിനും നേതൃത്വം നല്‍കിയത് ഷാജഹാന്‍ ഷെയ്ഖാണ്. നാല്പതോളം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. എന്നാല്‍ ഒന്നില്‍ പോലും ഇയാളെ അറസ്റ്റ് ചെയ്യുവാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തയാറായിരുന്നില്ല. ഹൈക്കോടതിയും ഗവര്‍ണറുടേയും ഇടപെടലിനെത്തുടര്‍ന്നാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ബംഗാള്‍ പോലീസ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സിബിഐക്ക് കൈമാറുകയും ചെയ്തത്.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ഷാജഹാന്‍ ഷെയ്ഖിന്റെ സെക്യൂരിറ്റി ഗാര്‍ഡ് ഉള്‍പ്പെടെ മൂന്ന് അനുയായികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സെക്യൂരിറ്റി ഗാര്‍ഡ് ദിദാര്‍ ബക്ഷ് മൊല്ല, സര്‍ബീരിയ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാന്‍ ജയുദ്ദീന്‍ മൊല്ല, ഫറൂഖ് അകുഞ്ചി എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഷെയ്ഖിന്റെ അടുത്ത കൂട്ടാളികളാണ് മൂവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: