ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കൊതിപൂണ്ട് കര്‍ണാടകയിലെ സുരക്ഷിത മണ്ഡലമായ ബെല്ലാരിയില്‍ സോണിയ മത്സരിക്കാനിറങ്ങിയത് തെരഞ്ഞെടുപ്പ് പോരാട്ട ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നിനാണ് തുടക്കമിട്ടത്. സോണിയയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടായിരുന്നില്ല ബെല്ലാരി വാര്‍ത്തയിലിടം പിടിച്ചത്.
സോണിയയെ നേരിടാന്‍ പ്രതിജ്ഞ ചെയ്തിറങ്ങിയ ബിജെപി നേതാവ് സുഷമ സ്വരാജിന്റെ സാന്നിധ്യമായിരുന്നു മണ്ഡലത്തെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. നെറ്റിയില്‍ വലിയ ബിന്ദിപൊട്ടും സീമന്തത്തില്‍ സിന്ദൂരവും ധരിച്ച് ഒരു ഭാരതീയ സ്ത്രീ എന്ന അഭിമാനം ജനങ്ങളിലുണര്ത്തിയായിരുന്നു സുഷമ മണ്ഡലം നിറഞ്ഞത്. പോരാട്ടം ഇറ്റലിയും ഇന്ത്യയും തമ്മിലെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ചിലര്‍ അന്ന് തലക്കെട്ടിട്ടു.
അമേഠിയില്‍ തോല്‍വി മണത്താണ് രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സോണിയ തീരുമാനിച്ചത്. ജയിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയാകുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ച സോണിയ അമേഠിക്ക് പിന്നാലെ സുരക്ഷിത മണ്ഡലം തേടി കര്‍ണാടകയിലെ ബെല്ലാരിയിലേക്ക് പായുകയായിരുന്നു. ഭാരതത്തിന്റെ പുത്രിയും ഇറ്റാലിയന്‍ മരുമകളും തമ്മിലുള്ള മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്ന് മാധ്യമങ്ങള്‍ ബെല്ലാരിയിലേക്ക് വണ്ടി കയറി.
മത്സര ഫലം വന്നപ്പോള്‍ ബെല്ലാരിയില്‍ സുഷമ സ്വരാജ് പരാജയപ്പെട്ടു. ബിജെപിക്ക് പതിനായിരത്തില്‍ താഴെമാത്രം വോട്ടുണ്ടായിരുന്ന ബെല്ലാരിയില്‍ സുഷമ നേടിയത് മൂന്നരലക്ഷത്തിലേറെ വോട്ട്. സോണിയ ജയിച്ചത് വെറും 52000 വോട്ടിന്. തോറ്റു, പക്ഷേ രാജ്യം ജയിച്ചു എന്നായിരുന്നു സുഷമയുടെ പ്രതികരണം.
പിന്നീട് ആ മണ്ഡലം ബിജെപി നേടി എന്നത് ചരിത്രം. ബെല്ലാരിയിലും അമേഠിയിലും ജയിച്ചെങ്കിലും സോണിയ പ്രധാനമന്ത്രി പദം എന്ന സ്വപ്നം വിജയിക്കാന്‍ ജനം സമ്മതിച്ചില്ല. ഒറ്റയ്ക്ക് 182 സീറ്റ് ജയിച്ച ബിജെപി സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരണത്തിലേറി. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായി. 2000ല്‍ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തിയ സുഷമ സ്വരാജ് അടല്‍ മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ വകുപ്പ് ഭരിച്ചു.
2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ സോണിയയുടെ പേര് വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ന്നു. സോണിയ പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കുമെന്നും വെള്ളവസ്ത്രം ധരിക്കുമെന്നും വെറും നിലത്തുറങ്ങുമെന്നും അവര്‍ ശപഥമെടുത്തു. ഭാരതം സ്വാതന്ത്ര്യം നേടിയത് മറ്റൊരു വിദേശിയെ അധികാരത്തിലെത്തിക്കാനല്ല എന്ന് സുഷമ പ്രഖ്യാപിച്ചു.
പ്രതിഷേധം എല്ലാ ഭാഗത്തും ഉയര്‍ന്നതോടെ സോണിയ പ്രധാനമന്ത്രി പദമോഹം മനസില്ലാ മനസോടെ ഉപേക്ഷിക്കേണ്ടിവന്നു. അത് മഹത്തായ ത്യാഗമാണെന്ന് കോണ്‍ഗ്രസ് പിന്നീട് ഏറെക്കാലം പാടിനടന്നു എന്നത് മാത്രം ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: