കൊല്‍ക്കത്ത: മുന്‍ ദമ്പതികള്‍ നേര്‍ക്കുനേര്‍ മത്സരത്തിനിറങ്ങുന്ന മണ്ഡലമെന്ന നിലയില്‍ ബംഗാളിലെ ബിഷ്ണുപൂര്‍ വാര്‍ത്തകളിലിടം പിടിക്കുകയാണ്. ബിജെപിയുടെ സൗമിത്ര ഖാനെതിരെ മുന്‍ഭാര്യ സുജാതമൊണ്ഡലിനെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത്.
2019ലാണ് സൗമിത്ര ഖാന് ബിജെപിയോടൊപ്പം ചേരുന്നത്. 2020ല്‍ സുജാത തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ ഇരുവരം വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുജാതയെ ബിഷ്ണുപൂരിലെ സ്ഥാനാര്‍ത്ഥിയായി തൃണമൂല്‍ പ്രഖ്യാപിച്ചത്. താന്‍ നേരിട്ട അനീതിക്കെതിരെ പോരാടാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സുജാത മൊണ്ഡല്‍ പറഞ്ഞു. ജനങ്ങള്‍ നേരിടുന്ന അനീതിക്കെതിരെ ആകും തന്റെ പോരാട്ടമെന്ന് സൗമിത്ര തിരിച്ചടിച്ചു.
അതിനിടെ മൈനാപൂരില് സൗമിത്രഖാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ചില പ്രയോഗങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സുജാത മൊണ്ഡല്‍. തൃണമൂല്‍ ഗുണ്ടകളെ ജനശക്തി കൈകാര്യം ചെയ്യുമെന്നും അമ്മമാരുടെയും സോദരിമാരുടെയും നേരെ ദുഷ്ടലാക്കോടെ നോക്കുന്ന കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്നും സൗമിത്ര പറഞ്ഞു. ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ഏകാധിപത്യ സ്വഭാവത്തെയാണ് കാട്ടുന്നതെന്ന് സുജാത ചൂണ്ടിക്കാട്ടുന്നു.
കുടുംബകാര്യമല്ല, രാഷ്ട്രത്തിന്റെ കാര്യമാണ് തെരഞ്ഞെടുപ്പ് എന്ന് ഇതേപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗമിത്ര മറുപടി നല്കി. ജനങ്ങളെ ഭയപ്പെടുത്തുന്ന രാഷ്ട്രീയമാണ് തൃണമൂലിന്റേത്. ആ ഭയത്തില്‍ നിന്ന് അവരെ മോചിപ്പിക്കേണ്ടതുണ്ട്. ഞാന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. അവര്‍ക്ക് വേണ്ടി ഏതറ്റം വരെയും ഞാന്‍ പൊരുതും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോട്ടുല്‍പൂര്‍, ഇന്‍ഡാസ് നിയമസഭാ മണ്ഡലങ്ങളിലെ മൂന്ന് ലക്ഷം പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. അവരെ ഭയപ്പെടുത്തുകയാണ് തൃണമൂല്‍ ചെയ്തത്. എതിര്‍സ്ഥാനാര്‍ത്ഥി വീട്ടുകാര്യങ്ങള്‍ പറയുന്നു. ഞാന്‍ നാടിന്റെയും, സൗമിത്ര ഖാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: