മുംബൈ: സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ കുതിക്കുകയാണെന്നും 2033 മുതല്‍ ഇന്ത്യ ഉയര്‍ന്ന- ഇടത്തരം വരുമാനക്കാരുടെ (Upper-middle income) സമ്പദ് ഘടനയായി മാറുമെന്നും റിപ്പോര്‍ട്ട്. ക്രെഡിറ്റ് റേറ്റിംഗും ക്രൈഡിറ്റ് വിപണിയെക്കുറിച്ച് ഗവേഷണവും നടത്തുന്ന ഏജന്‍സിയായ ഇന്ത്യാ റേറ്റിംഗ് ആന്‍റ് റിസര്‍ച്ച് (India Rating and Research) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളാണ്. ആ പട്ടികയിലേക്കാണ് ഇന്ത്യ കുതിച്ചുയരുക.
2033 മുതല്‍ 2036 വരെ ഇന്ത്യ ഉയര്‍ന്ന ഇടത്തരം വരുമാനക്കാരുടെ സമ്പദ് ഘടനയായി മാറുമെന്നതിനര്‍ത്ഥം ഇന്ത്യ കൂടുതല്‍ സമ്പന്നമാകുന്നു എന്ന് തന്നെയാണ്. മാത്രമല്ല, 2043 മുതല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി 100ാം വര്‍ഷത്തിലേക്ക് കടക്കുന്ന 2047 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ സമ്പദ്ഘടന 15 ട്രില്യണ്‍ ഡോളര്‍( 15 ലക്ഷം കോടി ഡോളര്‍) ആയി മാറുമെന്നും ഇന്ത്യ റേറ്റിംഗ്സ് ആന്‍റ് റിസര്‍ച്ച് പറയുന്നു.
2030ല്‍ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടന
2030ല്‍ എത്തുമ്പോള്‍ തന്നെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ (5 ലക്ഷം കോടി ഡോളര്‍) സമ്പദ് വ്യവസ്ഥയായി മാറുമെന്നും അന്ന് ഇന്ത്യയിലെ ആളോഹരി വരുമാനം ശരാശരി 3,467 ഡോളര്‍ ആയി ഉയരുമെന്നും ഇന്ത്യ റേറ്റിംഗ്സ് ആന്‍റ് റീസര്‍ച്ച് പ്രവചിക്കുന്നു. ഈ സ്ഥിതിയിലേക്ക് ഉയരാന്‍ ഇന്ത്യ കൈവരിക്കേണ്ട വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 6.25 ശതമാനം മാത്രമാണ്. ഇന്ത്യന്‍ രൂപയെ യുഎസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോഴുള്ള മൂല്യത്തകര്‍ച്ച 3.25 ശതമാനത്തില്‍ നിന്നാല്‍ മതിയാകും. അതേ സമയം 2029 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 5 ട്രില്യണ്‍ ഡോളര്‍ (അഥവാ 5 ലക്ഷം കോടി ഡോളര്‍) എന്ന സമ്പദ്ഘടനയിലേക്ക് ഇന്ത്യയ്‌ക്ക് കുതിക്കണമെന്നുണ്ടെങ്കില്‍ വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 8 ശതമാനമെങ്കിലും കൈവരിക്കേണ്ടി വരുമെന്ന് മാത്രമല്ല, ആളോഹരി വരുമാനം 3530 ഡോളര്‍ ആകുകയും വേണം.
2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 3.6 ട്രില്യണ്‍ ഡോളര്‍ സമ്പദ് ഘടനയായി
പക്ഷെ ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശനാണ്യവിനിമയ നിരക്ക്, നാണ്യപ്പെരുപ്പം, യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച എന്നിവ കണക്കിലെടുക്കുമ്പോള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 3.6 ട്രില്യണ്‍ ഡോളര്‍ സമ്പദ് ഘടനയായി മാറുമെന്ന് കരുതുന്നുവെന്ന് ഇന്ത്യ റേറ്റിംഗ്സ് ആന്‍റ് റീസര്‍ച്ച് സീനയര്‍ ഡയറക്ടറും പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റുമായ സുനില്‍ കുമാര്‍ സിന്‍ഹ പറയുന്നു. 2006 വരെ ലോകബാങ്ക് ഇന്ത്യയെ കണക്കാക്കിയിരുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളുടെ ഗണത്തില്‍ ആണ്. പക്ഷെ 2007ല്‍ ഇന്ത്യ താഴ്ന്ന-ഇടത്തരം വരുമാനക്കാരുടെ സാമ്പദ്ഘടനയുള്ള രാജ്യമായി ഉയര്‍ന്നു. അന്നുമുതല്‍ ഇതുവരേക്കും ഈ നിലയിലായിരുന്നു ഇന്ത്യ. 2022ല്‍ ഇന്ത്യയുടെ ആളോഹരി വരുമാനം 2390 ഡോളര്‍ മാത്രമായിരുന്നു. ഒരു ഉയര്‍ന്ന-ഇടത്തരം സമ്പദ്ഘടനയിലേക്ക് ഉയരണമെങ്കില്‍ ഇന്ത്യയുടെ ആളോഹരി വരുമാനം 4466 ഡോളര്‍ മുതല്‍ 13,845 ഡോളര്‍ വരെ വേണം.
ആഗോള ഡിമാന്‍റിനെ, ആഗോള വ്യാപാരത്തെ ആശ്രയിക്കാതെ ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടും
2047ല്‍ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയിലേക്ക് ഉയരണമെങ്കില്‍ ഇന്ത്യ 9.7 ശതമാനം വാര്‍ഷിക സാമ്പത്തിക വളര്‍ച്ചാനിരക്ക് നേടിയിരിക്കണം. ഇന്ത്യന്‍ സമ്പദ് ഘടന പുഷ്കലമായ വളര്‍ച്ച കൈവരിക്കുകയാണെന്നും ആഗോള ഡിമാന്‍റിനെയും ആഗോള വ്യാപാരത്തെയും ആശ്രയിക്കാതെ തന്നെ ഏഴ് ശതമാനത്തില്‍ അധികം സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയുന്ന സുപ്രധാന സമ്പദ് ഘടനയായി ഇന്ത്യയുടെ സമ്പദ്ഘടന മാറുകയാണെന്നും ഇന്ത്യ റേറ്റിംഗ് ആന്‍റ് റിസര്‍ച്ച് പറയുന്നു.
2043-2047 ല്‍ ഇന്ത്യയുടെ ആളോഹരി വരുമാനം 9218 ഡോളര്‍ മുതല്‍ 9920 ഡോളര്‍ വരെയാകും
2043-2047 കാലഘട്ടത്തില്‍ ഇന്ത്യന്‍ വന്‍ കുതിച്ചുചാട്ടം സാമ്പത്തികരംഗത്ത് കൈവരിക്കുമെന്നും ഇന്ത്യാ റേറ്റിംഗ്സ് പ്രവചിക്കുന്നു. അന്ന് ഇന്ത്യയിലെ ആളോഹരി വരുമാനം 9218 ഡോളര്‍മുതല്‍ 9920 ഡോളര്‍ വരെയായി ഉയരുമെന്നും ഇന്ത്യ പതുക്കെ ഉയര്‍ന്ന വരുമാനക്കാരുടെ രാജ്യമായി മാറുന്നതിന് തുടക്കമിടുമെന്നും പറയുന്നു. 13,846 ഡോളര്‍ വരുമാനം ആളോഹരി വരുമാനം നേടുമ്പോഴാണ് ആ രാജ്യം ഉയര്‍ന്ന വരുമാനക്കാരുടെ രാജ്യമായി(Higher-income country) മാറുക. യുഎസ്, ലക്സംബര്‍ഗ്, ആസ്ത്രിയ, ആസ്ത്രേല്യ, സ്വിറ്റ്സര്‍ലാന്‍റ്, നോര്‍വ്വെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: