ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 മാര്‍ച്ച് 13നു രാവിലെ 10.30നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിത ഭാരതത്തിനായി ചിപ്പുകള്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കുകയും ഏകദേശം 1.25 ലക്ഷംകോടിരൂപയുടെ മൂന്നു സെമികണ്ടക്ടര്‍ പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യും. രാജ്യത്തുടനീളമുള്ള യുവാക്കളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
സെമികണ്ടക്ടര്‍ രൂപകല്‍പ്പന, ഉല്‍പ്പാദനം, സാങ്കേതികവികസനം എന്നിവയുടെ ആഗോളകേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്തുക, രാജ്യത്തെ യുവജനങ്ങള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഇതിനനുസൃതമായി, ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപമേഖലയില്‍ (ഡിഎസ്ഐആര്‍) സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ കേന്ദ്രം. അസമിലെ മരിഗാവില്‍ ഔട്ട്സോഴ്സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (ഒഎസ്എടി) കേന്ദ്രം; ഗുജറാത്തിലെ സാനന്ദില്‍ ഔട്ട്സോഴ്സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (ഒഎസ്എടി) കേന്ദ്രം എന്നിവയ്ക്കു തറക്കല്ലിടും.
ഇന്ത്യയില്‍ സെമികണ്ടക്ടര്‍ ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പരിഷ്കരിച്ച പദ്ധതിക്കുകീഴില്‍ ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎല്‍) ധോലേര പ്രത്യേക നിക്ഷേപമേഖലയില്‍ (ഡിഎസ്ഐആര്‍) സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ കേന്ദ്രം സ്ഥാപിക്കും. മൊത്തം 91,000 കോടിയിലധികം നിക്ഷേപമുള്ള ഈ കേന്ദ്രം രാജ്യത്തെ ആദ്യത്തെ വാണിജ്യ സെമികണ്ടക്ടര്‍ ഫാബ് ആയിരിക്കും.
സെമികണ്ടക്ടര്‍ നിര്‍മാണം, പരിശോധന, മാര്‍ക്കിങ്, പാക്കേജിങ് (എടിഎംപി) എന്നിവയ്ക്കായുള്ള പരിഷ്കരിച്ച പദ്ധതിക്കുകീഴില്‍ ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎല്‍) അസമിലെ മരിഗാവില്‍ ഔട്ട്സോഴ്സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (ഒഎസ്എടി) കേന്ദ്രം സ്ഥാപിക്കും. മൊത്തം 27,000 കോടിരൂപയാണ് ഇതിനായുള്ള നിക്ഷേപം.
സെമികണ്ടക്ടര്‍ നിര്‍മാണം, പരിശോധന, മാര്‍ക്കിങ്, പാക്കേജിങ് (എടിഎംപി) എന്നിവയ്ക്കായുള്ള പരിഷ്കരിച്ച പദ്ധതിക്കുകീഴില്‍ സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ലിമിറ്റഡാണു സാനന്ദില്‍ ഔട്ട്സോഴ്സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (ഒഎസ്എടി) കേന്ദ്രം സ്ഥാപിക്കുന്നത്.
ഈ കേന്ദ്രങ്ങളിലൂടെ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ കരുത്താര്‍ജിക്കുകയും ഇന്ത്യയില്‍ ഉറച്ച അടിത്തറ സ്വന്തമാക്കുകയും ചെയ്യും. ഈ യൂണിറ്റുകള്‍ സെമികണ്ടക്ടര്‍ വ്യവസായത്തില്‍ ആയിരക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ നല്‍കും. ഇലക്ട്രോണിക്സ്, ടെലികോം മുതലായ അനുബന്ധമേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സെമികണ്ടക്ടര്‍ വ്യവസായരംഗത്തെ പ്രമുഖര്‍ക്കൊപ്പം ആയിരക്കണക്കിനു കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളുടെ വന്‍ പങ്കാളിത്തത്തിനു പരിപാടി സാക്ഷ്യം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: