തിരുവനന്തപുരം: മക്കള്‍ രാഷ്ടീയത്തെ വാരിപ്പുണരുന്നവരാണ് മലയാളികള്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആറു മന്ത്രിമാര്‍ മുന്‍ എംഎല്‍എമാരുടെ മക്കളായിരുന്നു. തെരഞ്ഞെടുപ്പിലും രസകരമായ മക്കള്‍ മാഹാത്മ്യം കണ്ടിട്ടുണ്ട്.
ഒരേ തെരഞ്ഞെടുപ്പില്‍ തോറ്റ അച്ഛനും മകനും കെ കരുണാകരനും കെ മുരളീധരനുമാണ്. രണ്ടു തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ ഒന്നിച്ച് മത്സരിക്കാനുണ്ടായിരുന്നു. 1996, 1998 ലോകസഭാ തെരഞ്ഞെടുപ്പുകളില്‍. 1996 ല്‍ കോഴിക്കോട് എം പി വീരേന്ദ്രകുമാറിനോട് മുരളി തോറ്റപ്പോള്‍ തൃശ്ശൂരില്‍ കരുണാകരനെ വി വി രാഘവന്‍ തോല്‍പിച്ചു. 1998 ല്‍ ഇരുവരും മണ്ഡലം മാറി. കരുണാകരന്‍ തിരുവന്തപുരത്ത് ജയിച്ചു. തൃശ്ശൂരില്‍ വി വി രാഘവന്‍ തന്നെ മുരളീധരനേയും തോല്‍പിച്ചു. അച്ഛനേയും മകനേയും തോല്‍പിച്ച ആള്‍ എന്ന പേര് രാഘവന്‍ സ്വന്തമാക്കുകയും ചെയ്തു.
അച്ഛനോടൊപ്പമല്ല സഹോദരിയോടൊപ്പവും തോറ്റ നേതാവാണ് മുരളീധരന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്‌സരിച്ച മുരളി മൂന്നാം സ്ഥാനക്കാരനായി. തൃശ്ശൂരില്‍ പത്മജ രണ്ടാം സ്ഥാനത്തും.
സഹോദരിയും സഹോദരനും ഒരേ തെരഞ്ഞെടുപ്പില്‍ ആദ്യം
മത്സരിച്ചത് 2016 നിയമസഭാ തെരഞ്ഞെടുപ്പിലാണ്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും തൃശ്ശൂരില്‍ പത്മജ വേണുഗോപാലും. മുരളി ജയിച്ചു. പത്മജ തോറ്റു.
ഒരേ തെരഞ്ഞെടുപ്പില്‍ ജയിച്ച അച്ഛനും മകനും ആര്‍ ബാലകൃഷ്ണപിള്ളയും കെ ബി ഗണേഷ്‌കുമാറുമാണ്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്ന് ആര്‍ ബാലകൃഷ്ണപിള്ളയും പത്തനാപുരത്തുനിന്ന് കെ ബി ഗണേഷ്‌കുമാറും ജയിച്ചു. അച്ഛന്‍ എംഎല്‍എയും പുത്രന്‍ മന്ത്രിയും എന്ന പ്രത്യേകതയും അന്നുണ്ടായി. കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിളളയെ മന്ത്രി ആക്കാനാവില്ലന്ന് എ കെ ആന്റണി വാശി പിടിച്ചതാണ് കാരണം. ജയില്‍ കിടന്ന ബാലകൃഷ്ണപിള്ള തിരിച്ചുവന്നപ്പോള്‍ മകനെ മാറ്റി മന്ത്രി ആയി.
ഒന്നിച്ചു പോരിനിറങ്ങിയ അമ്മായച്ചനും മരുകനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു. ധര്‍മ്മടത്തു മത്സരിച്ച പിണറായി വിജയനും ബേപ്പൂരില്‍ മത്സരിച്ച മുഹമ്മദ് റിയാസും. ഇരുവരും ജയിച്ചു. വിജയന്‍ മുഖ്യമന്ത്രിയും റിയാസ് മന്ത്രിയും ആയി,
അളിയന്മാരുടെ മത്സരത്തിനും കഴിഞ്ഞ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. പാലായില്‍ ഇടതിനുവേണ്ടി കെഎം മാണിയുടെ മകന്‍ ജോസ് കെ മാണി മത്സരിച്ചപ്പോള്‍ മരുമകന്‍ എംപി ജോസഫ് തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. ഇരുവരും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: