തൊടുപുഴ: സംസ്ഥാനത്ത് കുറയാതെ താപനില. ഉഷ്ണത്തില്‍ വലഞ്ഞ് ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍. സീസണില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ജില്ലയില്‍ താപനില 39 ഡിഗ്രി കടക്കുമെന്ന മുന്നറിയിപ്പ് വരുന്നത്. പാലക്കാട് ജില്ലയിലാണിത്. നിലവില്‍ തന്നെ ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനുകളില്‍ താപനില 42 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. പാലക്കാട് അടക്കം ആകെ ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.
പാലക്കാട് ജില്ലയില്‍ താപനില 39 ഡിഗ്രി വരെയും കൊല്ലത്ത് 38 ഡിഗ്രിയും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രിയും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരിയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനിലയില്‍ വര്‍ധനയുണ്ടാകും.
അതേസമയം സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. 91.0569 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപഭോഗം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനയാണിത്. പൊതുഅവധി ദിവസമായ ഞായറാഴ്ചയും ഇത്രകണ്ട് ഉപഭോഗം ഉയരാന്‍ ഏക കാരണം ചൂട് തന്നെയാണ്. എയര്‍കണ്ടീഷണര്‍, ഫാന്‍, കൂളര്‍ എന്നിവയുടെ ഉപഭോഗം വലിയ തോതില്‍ കൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: