ഭോപ്പാല്‍ : മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഭോജ്ശാല ക്ഷേത്രത്തിലും കമല്‍ മൗല മസ്ജിദ് സമുച്ചയത്തിലും ആറാഴ്ചയ്ക്കകം സര്‍വേ നടത്തണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) മധ്യപ്രദേശ് ഹൈക്കോടതി അവശ്യപ്പെട്ടു.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം,ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുളള സമുച്ചയം വാഗ്ദേവി (സരസ്വതി) ക്ഷേത്രമാണ്, മുസ്ലീങ്ങള്‍ക്ക് ഇത് കമല്‍ മൗല മസ്ജിദാണ്. 2003-ല്‍ ഏര്‍പ്പെടുത്തിയ ക്രമീകരണമനുസരിച്ച്, ഹിന്ദുക്കള്‍ ചൊവ്വാഴ്ചകളില്‍ സമുച്ചയത്തില്‍ പൂജ നടത്തുന്നു. മുസ്ലീങ്ങള്‍ വെള്ളിയാഴ്ചകളില്‍ നിസകാരവും നടത്തുന്നു.
പതിമൂന്നാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണകാലത്ത് ‘നിര്‍മ്മിച്ചതാണ് കമല്‍ മൗല മസ്ജിദ് എന്നാണ് ഹൈന്ദവരുടെ വാദം. അവിടെ നിലനിന്നിരുന്ന ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന വാദിക്കുന്നു.
ഭോജ്ശാല സമുച്ചയത്തിന്റെ സമ്പൂര്‍ണ ശാസ്ത്രീയ പരിശോധന, സര്‍വേ, ഖനനം എന്നിവയ്ക്കാണ് ഹൈക്കോടതി ഉത്തരവിട്ടത്. ‘ഏറ്റവും ആധുനിക രീതികളും സാങ്കേതിക വിദ്യകളും അവലംബിച്ച് ശാസ്ത്രീയ അന്വേഷണവും സര്‍വേയും ഖനനവും പൂര്‍ത്തിയാക്കി ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ കോടതി എഎസ്ഐയോട് ഉത്തരവിട്ടു.
പൂട്ടിയിട്ടിരിക്കുന്നതും മുദ്രവച്ചതുമായ മുറികള്‍, ഹാളുകള്‍ എന്നിവ തുറക്കാനും പുരാവസ്തുക്കള്‍, വിഗ്രഹങ്ങള്‍, പ്രതിഷ്ഠകള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങള്‍ തയാറാക്കി ശാസ്ത്രീയ പരിശോധന വിധേയമാക്കാനും’ എഎസ്ഐയോട് കോടതി ആവശ്യപ്പെട്ടു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: