പാലക്കാട്: ഭരണമുന്നണിയായ എല്‍ഡിഎഫും – പ്രതിപക്ഷമായ യുഡിഎഫും സംസ്ഥാനത്ത് ജനങ്ങളെ അഭിമുഖീകരിക്കുവാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണെന്ന് ബിജെപി
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇരുമുന്നണികളുടെയും നാശത്തിന്റെ തെരഞ്ഞെടുപ്പാണിത്. 2019 ല്‍ ഇരുവര്‍ക്കും പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഇന്ന് കേന്ദ്രത്തില്‍ പ്രതിപക്ഷത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി. 400ല്‍ കൂടുതല്‍ സീറ്റ് നേടി എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്നത് മുന്നണികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇന്‍ഡി മുന്നണി ദേശീയതലത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ബംഗാളില്‍ കോണ്‍ഗ്രസിനെ തൃണമൂല്‍ കോണ്‍ഗ്രസ് കൈയൊഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ സംഖ്യത്തിനില്ലെന്ന് മായാവതിയും വ്യക്തമാക്കി. എന്നാല്‍, എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ കക്ഷികള്‍ പിന്തുണയുമായെത്തുന്നു. തമിഴ്നാട്ടില്‍ പുതിയ സഖ്യത്തിനുള്ള നീക്കം നടക്കുകയാണ്. കേരളത്തില്‍ ദേശീയ ജനാധിപത്യസഖ്യത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു. ഇരുമുന്നണികള്‍ക്കും തിരിച്ചടിയും നേരിടേണ്ടി വരും.
ദേശീയ ജനാധിപത്യസഖ്യത്തിലൂടെ കേരളത്തില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. കേന്ദ്രം അവഗണിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന പിണറായി സര്‍ക്കാരിന്റെ കള്ള പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ വികസനവും മോദിസര്‍ക്കാരിന്റെ സംഭാവനയാണെന്ന് പൊതുജനങ്ങള്‍ക്കറിയാം. 47 വര്‍ഷം മുടങ്ങിക്കിടന്ന തലശ്ശേരി – മാഹി ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. കൊല്ലം ബൈപ്പാസ് പദ്ധതി പൂര്‍ത്തിയാക്കിയത് മോദി സര്‍ക്കാരാണ്. കഴിഞ്ഞ മൂന്ന് സന്ദര്‍ശനങ്ങളിലായി 7000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി വന്‍ പദ്ധതികളാണ് നടപ്പാക്കിയത്.
സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നുപറഞ്ഞ് യുഡിഎഫ് നടത്തിയ കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം. വടകരയിലും, തൃശൂരും യുഡിഎഫ് തോല്‍ക്കുമെന്ന് ഉറപ്പ്. സമനില തെറ്റിയ തീരുമാനങ്ങള്‍ യുഡിഎഫിന്റെ തകര്‍ച്ചയുടെ ഉദാഹരണമാണ്. സ്വയം ജയിക്കാനല്ല, സുരേഷ്ഗോപിയെ തോല്‍പ്പിക്കാന്‍ ഇറങ്ങുന്നുവെന്നാണ് കെ. മുരളീധരന് പറഞ്ഞത്. തൃശൂരില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് കോണ്‍ഗ്രസ്. മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായി തങ്ങള്‍ തോല്‍ക്കണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. രണ്ട് സീറ്റിലും യുഡിഎഫിന് കൈ പൊള്ളുമെന്നും സുരേന്ദ്രന് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎയുടെ കരുത്തരായ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
വരുംദിവസങ്ങളില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപിയില്‍ ചേരുന്നവരെ അസഭ്യം പറയുകയെന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയിലേക്ക് വന്ന പത്മജയെ അധിക്ഷേപിച്ചു. ലീഡര്‍ കരുണാകരനെയും, ഭാര്യയെയും വരെ മ്ലേച്ഛമായി ആക്ഷേപിച്ചിട്ടും കെ. മുരളീധരന് അതിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നത് ദു:ഖകരമാണ്.
മോദിയുടെ ഗ്യാരന്റിയാണ് എല്‍ഡിഎഫും – യുഡിഎഫും അവരുടെ പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. നരേന്ദ്ര മോദിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പിനെ നയിക്കുന്നതെന്നും, കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ശക്തിയായി അദ്ദേഹം മാറിയെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ്. പ്രസി. പി. രഘുനാഥ്, പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന. സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: