തൃശൂര്‍: സുരേഷ് ഗോപിയെ മുസ്ലിംവിരോധിയാക്കുന്ന സൈബര്‍ സഖാക്കളേ, നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷെമീര്‍ ഒരിയ്ക്കലും മാപ്പ് തരില്ല. 20 വര്‍ഷമായി സുരേഷ് ഗോപിയ്ക്കൊപ്പം ഡ്രൈവറായി ജോലി ചെയ്യുന്ന ഷെമീര്‍ എന്ന മുസ്ലിം യുവാവിന്റെ വാക്കുകളില്‍ മതവിഭാഗീയതകള്‍ കാണാതെ പച്ചമനുഷ്യനായ സുരേഷ് ഗോപിയെയാണ് കാണാനാവുക. ഷെമീര്‍ സുരേഷ് ഗോപിയെക്കുറിച്ച് പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. “സുരേഷ് ഗോപിയെപ്പോലെ ഒരു നല്ല മനുഷ്യനില്ലെന്നും നോമ്പു തുറക്കേണ്ട സമയമായാല്‍ സുരേഷ് ഗോപിച്ചേട്ടന് എന്നെ തൊട്ടടുത്ത പള്ളിയിലേക്ക് ഡ്രൈവ് ചെയ്യാന്‍ പറയും. എന്നിട്ട് എന്നെ അവിടെ കൊണ്ടുവിട്ടശേഷം എന്നോട് നോമ്പ് മുറിച്ച് നിസ്കരിച്ചിട്ട് വരാന്‍ പറയും. നോമ്പ് മുറിച്ച് നിസ്കരിച്ച് ഞാന്‍ പുറത്തേക്ക് വരുന്നത് വരെ വെളിയില്‍ കാത്ത് നില്ക്കും.”- സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ഷെമീര്‍ പറയുന്നു.
ഒരു മുസ്ലിമായിട്ടും മതഭേദമില്ലാതെ പെരുമാറുന്ന പച്ചമനുഷ്യനാണ് സുരേഷ് ഗോപി എന്ന സാധാരണക്കാരനായ ഡ്രൈവര്‍ ഷെമീറിന്റെ വാക്കുകള്‍ കേട്ട് കേരളം തരിച്ചിരുന്നുപോവുകയാണ്. ഇവിടെ സിപിഎം സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ മുസ്ലിംവിരോധിയായ സുരേഷ് ഗോപിയെയല്ല, മുസ്ലിങ്ങളെ വരെ ജീവന് തുല്യം സ്നേഹിക്കുന്ന പച്ചയായ സുരേഷ് ഗോപിയെയാണ് ഷെമീറിന്റെ വാക്കുകളില്‍ കാണുന്നത്.
“നോമ്പു മുറിച്ച് നിസ്കരിച്ച് പുറത്തുവരുന്ന എന്നോട് തൊട്ടടുത്ത ഹോട്ടലിലേക്ക് വണ്ടിയെടുക്കാന്‍ പറയും. അവിടെ നിന്നും നല്ല ആഹാരം വാങ്ങിത്തന്നതിന് ശേഷമേ പിന്നെ സ്വന്തം കാര്യത്തിന് അദ്ദേഹം വണ്ടിയെടുക്കൂ.”- ഷെമീര്‍ പറയുന്നു.
“തെറ്റ് കണ്ടാല്‍ ഇടപെടും. അത് ആരൂടെ മുഖം നോക്കാതെ ഇടപെടും. തുറന്ന് പറയും. മറച്ച് വെക്കുന്ന സ്വഭാവമില്ല. എന്റെ കല്യാണസമയമായപ്പോള് അദ്ദേഹം ഷൂട്ടിംഗ് തിരക്ക് എല്ലാം മാറ്റിവെച്ച് കല്യാണത്തിന് വന്നു. എന്റെ കൊച്ച് ജനിച്ചപ്പോഴും അദ്ദേഹം എല്ലാ തിരക്കുകളും മാറ്റിവെച്ച് വന്നു. ധാരാളം സഹായിച്ചു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പച്ചയായ മനുഷ്യന്. സാറ് ശുദ്ധമനസ്കനാണ്. എപ്പോഴും നേരെ വാ, നേരെ പോ എന്ന രീതിയാണ്. എന്നാല്‍ രാഷ്ട്രീയം എന്നാല്‍ എല്ലാവര്ക്കും സ്വന്തം നേടണം. രാഷ്ട്രീയത്തില്‍ ഒരു സത്യസന്ധനെ ആര്‍ക്കും ഇഷ്ടമാവില്ല.” – ഷെമീര്‍ പറയുന്നു.
അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളുടെയും സപ്പോര്‍ട്ടുണ്ട്. ഞാന്‍ മുസ്ലിമാണ്. ഇപ്പോഴാണ് തൃശൂരിലെ മുസ്ലിങ്ങള്‍ക്കും സാറിനെ മനസ്സിലായത്. സാറിനെ ജയിപ്പിക്കണം എന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. എവിടെപ്പോയാലും അത്രയ്ക്ക് ആളുകള്‍ കൂടുന്നുണ്ട്. സാറിനെക്കുറിച്ച് ധാരാളം കള്ളങ്ങള്‍ ഓരോരുത്തരും പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ” – ഷെമീര്‍ പറയുന്നു.
“ആരെക്കുറിച്ചും അദ്ദേഹം തെറ്റോ കുറ്റമോ പറയില്ല. എല്ലാവരും നന്നാവണം എന്ന് ആഗ്രഹിക്കുന്നയാളാണ്. “- ഷെമീര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: