ഇടുക്കി: സിപിഎം അംഗത്വം പുതുക്കില്ലെന്ന് ദേവീകുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. ഇതോടെ സിപിഎം നേതാവ് മണിയുടെ എതിരാളിയായ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എത്തിയേക്കും എന്ന പ്രചാരണത്തിന് വീണ്ടും ശക്തികൂടുകയാണ്.
സിപിഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്നും രാജേന്ദ്രന്‍ തന്നെയാണ് തിങ്കളാഴ്ച വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജക്കെതിരെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തി സിപിഎം എസ്. രാജേന്ദ്രനെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. മുന്‍മന്ത്രി എം.എം. മണി തന്നെയാണ് രാജേന്ദ്രനെതിരെ പരസ്യമായ ആരോപണവുമായി രംഗത്തെത്തിയത്. ഇവര്‍ തമ്മിലുള്ള വഴക്ക് പരസ്യമായ വാഗ്വാദത്തില്‍ എത്തുകയും പാര്‍ട്ടി പറഞ്ഞാല്‍ രാജേന്ദ്രനെ വെടിവെക്കും എന്ന് വരെ എം.എം. മണി പ്രസ്താവിച്ചിരുന്നു. ഇത് കെട്ടിച്ചമച്ച കുറ്റാരോപണമാണെന്നും ഇങ്ങിനെ നുണകള്‍ കെട്ടിച്ചമച്ചവർക്കൊപ്പം പോകാൻ കഴിയില്ലെന്നുമാണ് എസ് രാജേന്ദ്രൻ വിശദീകരിക്കുന്നത്.
സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും എസ്. രാജേന്ദ്രനെ സിപിഎം തിരിച്ചെടുത്തിരുന്നില്ല. ഇതോടെയാണ് ബിജെപിയിലേക്ക് മാറിയാലോ എന്ന ആശയം ഉദിച്ചത്. ഇതേ തുടര്‍ന്ന് ബിജെപി ദേശീയ സംസ്ഥാന നേതൃത്വങ്ങളുമായി രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യം രാജേന്ദ്രന്‍ തന്നെ വെളിപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും കേരളത്തില്‍ പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും രജേന്ദ്രനുമായി സംസാരിച്ചുവെന്നും എസ് രാജേന്ദ്രൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈയിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സംസ്ഥാനതല യാത്ര നടത്തിയ വേളയിലും ഇടുക്കിയില്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എസ്. രാജേന്ദ്രനെ ശിക്ഷാകാലാവധി അവസാനിച്ച ഉടന്‍ സിപിഎമ്മിലേക്ക് തിരിച്ചെടുക്കുമെന്നായിരുന്നു ഞായറാഴ്ച എം.വി. ഗോവിന്ദന്‍ പറഞ്ഞത്. രാജേന്ദ്രനുമായുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെതിരായ നിലപാടാണ് രാജേന്ദ്രന്‍ തിങ്കളാഴ്ച മുന്നോട്ട് വെച്ചിരിക്കുന്നത്. സിപിഎം അംഗത്വം പുതുക്കില്ലെന്ന രാജേന്ദ്രന്റെ നിലപാടാണ് വീണ്ടും അദ്ദേഹം ബിജെപിയിലേക്ക് തന്നെ പോകുമോ എന്ന സംശയം ബലപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: