കണ്ടല്ലൂര്‍ ലാഹിരി
വെറ്റിലചെല്ലം, ചുണ്ണാമ്പ്, പാക്ക്.. നമ്മെ
പോരാട്ടചരിത്രത്തിന്റെ
തേരോട്ടമുള്ള
ഭൂമികയിലേക്ക്
കവാടം
കടത്തിവിടുന്നുണ്ട്.
വെറ്റില കയ്യില്‍
തെളിഞ്ഞ
ഞരമ്പിന്റെ വരമ്പില്‍,
ചരിത്രത്തിന്റെ പഞ്ചവര്‍ണ്ണത്തത്തകള്‍
കൊത്തിപ്പെറുക്കിയും
പാട്ടുമൂളിയും ഇരിക്കുന്നു.
നാലുംകൂട്ടി
മുറുക്കി ചുവപ്പിച്ച്
വായുടെ അകം
പടനിലവും
പോര്വിളികളുമാക്കുന്നു.
ആയോധനമുറകളുടെ
പെരുമാറ്റ ചലനങ്ങള്‍
വായിലെ
ചുടുകാറ്റിന്റെ ഹൃദയം
ചുമക്കുന്നു.
ചുമന്ന് തളര്‍ന്ന്
ഇരട്ടിയായി വിയര്‍ക്കുന്നു.
വീഴ്ചകളുടെയും
വാഴ്ചകളുടെയും
സമവാക്യകുന്തമുനകള്
രാകി
മൂര്‍ച്ചകൂട്ടുന്ന എതിരാളികള്‍.
ചരിത്രയുദ്ധത്തിലെ
ചില വിചിത്രപാഠങ്ങള്
കുളച്ചല്‍ യുദ്ധത്തിലോ
ആറ്റിങ്ങല്‍ കലാപത്തിലോ
മരിച്ചുവീണ
വീരശൂര പരാക്രമികളായ
യോദ്ധാക്കളുടെ ചുടുരക്തമാണ്
നാം
മുറുക്കി തുപ്പുന്നത്.
ചോരത്തുപ്പി കളഞ്ഞിട്ട്
പുറംലോകത്തെ അറിയിക്കാന്‍
പലകുറി നോക്കിയതാ.
എന്തൊക്കെയായിട്ടെന്താ,
പുരാവൃത്തപുസ്തകത്തില്
ഇരിപ്പിടം കിട്ടാതെ
ആസനം ദ്രവിച്ചു പോയ
പോരാട്ടങ്ങളായി
അവസാനിക്കുകയായിരുന്നു.
ചിലത് അങ്ങനെയാണ്
കുറിച്ചുവെക്കപ്പെടാതെ
മറവിമണ്ണില്‍
കുഴിച്ചുമൂടി
ഒടുങ്ങുന്നവ.
അറിഞ്ഞോ അറിയാതെയോ
ചരിത്രസ്നേഹത്തിന്റെ
ഉയര്‍ന്നതാപനിലയില്‍
തിളച്ചു മറിയാറുണ്ട്
എങ്ങനെയെന്നല്ലേ,
എന്നും രാവിലെ
ബ്രഷും പേസ്റ്റും കൊണ്ട്
അവരുടെ സ്മാരകങ്ങളായ
പല്ലുകളെ
തേച്ചുമിനുക്കി വെളുപ്പിക്കാറുണ്ട്
മാറാല നീക്കി
ഓര്‍മ്മകളെ
പുതുക്കാറുണ്ട്.
നാവില്‍
എഴുതിവെക്കപ്പെട്ട
മരണപ്പെട്ടപേരുകള്,
വടിച്ചു പൂപ്പല്നീക്കി
വെള്ളത്താല്‍
കുലുക്കി കൊപ്ലിച്ച്
വെളിച്ചത്ത് കൊണ്ടുവരാറുണ്ട്.
എഴുതപ്പെടാത്ത ചരിത്രത്തിന്
നാം
ഊടും പാവും നെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: