എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-ജിഹാദി സഖ്യം വകവരുത്തിയ അഭിമന്യുവിന്റെ കേസും പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവും തമ്മിലുള്ള സാദൃശ്യവും അതിന്റെ പിന്നിലെ ജിഹാദി ബന്ധവും കേരളത്തിന്റെ മനസാക്ഷി ഇനിയും തിരിച്ചറിയേണ്ടതാണ്. രണ്ടു കൊലപാതകങ്ങളും തമ്മില്‍ ഏറെ സാദൃശ്യമുണ്ട്. വട്ടവടയിലെ വീട്ടില്‍ ആയിരുന്ന അഭിമന്യുവിനെ എസ്എഫ്‌ഐ സഹപ്രവര്‍ത്തകര്‍ വിളിച്ചുവരുത്തുകയായിരുന്നു. വിളിച്ചുവരുത്തിയ അഭിമന്യു ജിഹാദി ഭീകരരുടെ കത്തിക്കിരയാവുകയായിരുന്നു. വീട്ടില്‍ പോയ സിദ്ധാര്‍ത്ഥനെയും എറണാകുളത്ത് എത്തിയപ്പോള്‍ സഹപാഠിയായ എസ്എഫ്‌ഐ സഖാവ് കോളജിലേക്ക് തിരിച്ചുവരുത്തിയാണ് കൊന്നു കെട്ടിത്തൂക്കിയത്. രണ്ടു കേസുകളിലും ഒരേപോലെ തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമം ഉണ്ടായി. സിദ്ധാര്‍ത്ഥന്റെ കേസില്‍ ഗത്യന്തരമില്ലാതെ കേരളത്തിലെ പൊതുസമൂഹത്തിന്റെ നിരന്തരമുള്ള സമ്മര്‍ദ്ദവും ഗവര്‍ണര്‍ ജനാഭിലാഷം അനുസരിച്ച് പ്രവര്‍ത്തിച്ചതും കാരണം സിബിഐ അന്വേഷണത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ബന്ധിതനായി.
പക്ഷേ, കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം പിണറായി വിജയന്‍ എടുത്തത് മരണം നടന്ന് 19 ദിവസത്തിന് ശേഷമാണ്. ഇനി നടപടിക്രമങ്ങള്‍ പാലിച്ച് സിബിഐ അന്വേഷണം ഏറ്റെടുക്കുകയാണെങ്കില്‍ രണ്ടുമൂന്ന് ആഴ്ച കൂടി അതിനുവേണ്ടി വരും. സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തി വകവരുത്തിയ ശേഷം ലഭ്യമായ എല്ലാ തെളിവുകളും നേരത്തെ തന്നെ പ്രതികളും ഹോസ്റ്റല്‍ വാര്‍ഡന്മാരും ഡീനും ഒക്കെ ചേര്‍ന്ന് നശിപ്പിച്ചു കഴിഞ്ഞു എന്നാണ് വിദ്യാര്‍ഥികള്‍ തന്നെ പറഞ്ഞത്. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥന്റെ മരണ വിവരം പോലീസിനെ അറിയിക്കുന്നതില്‍ തന്നെ വീഴ്ച വരുത്തി. റാഗിംഗ് എന്ന നിലയില്‍ കേസിനെ കൈകാര്യം ചെയ്യാനാണ് വെറ്ററിനറി സര്‍വ്വകലാശാല അധികൃതരും പോലീസും ശ്രമിച്ചത്. ഒരു സര്‍വകലാശാലയിലും സീനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്യുക പതിവില്ല. സിദ്ധാര്‍ത്ഥ് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നു. ഒന്നാം വര്‍ഷം വരുന്ന വിദ്യാര്‍ഥികളെയാണ് സാധാരണ റാഗിംഗ് എന്ന കാടത്തത്തിന് പലപ്പോഴും വിധേയരാക്കുന്നത്. ഇത് വളരെ വ്യക്തമായും ആള്‍ക്കൂട്ട വിചാരണയും കൊലപാതകവും ആയിരുന്നു. ആ രീതിയിലേക്ക് അല്ല കേരള പോലീസ് അന്വേഷണം നടത്തിയത്. റാഗിംഗ് എന്ന നിലയില്‍ കേസ് അന്വേഷണം നടന്നാല്‍ അത് കൊലക്കുറ്റത്തിനും ഗൂഢാലോചനയ്‌ക്കും വിധേയമാകുന്ന കുറ്റകൃത്യങ്ങള്‍ അല്ല. ഇക്കാര്യത്തില്‍ ഡീനും വാര്‍ഡന്‍മാരും കോളജിലെ ഇടതുപക്ഷ യൂണിയന്‍ നേതാക്കളായ അധ്യാപകരും മാത്രമല്ല പോലീസും ഒത്തു കളിച്ചു എന്നത് വ്യക്തമാണ്.
സിദ്ധാര്‍ത്ഥന്‍ തൂങ്ങി എന്നുപറയുന്ന മുണ്ട് എവിടെ? അതൊരിക്കലും പോലീസ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് നല്‍കിയിട്ടില്ല. ഫോറന്‍സിക് പരിശോധനയില്‍ വളരെ വ്യക്തമായ, തെളിവാകുന്ന സംഭവങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കി എന്നുമാത്രമല്ല, പോലീസ് വരും മുന്‍പ് തന്നെ കൊലപാതകം നടന്നു എന്ന് സംശയിക്കുന്ന 21-ാം നമ്പര്‍ മുറി കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. സിദ്ധാര്‍ത്ഥനെ കൊന്നു എന്ന് പറഞ്ഞ ജീവനക്കാരന്റെയും വിദ്യാര്‍ത്ഥിനിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റ് മുതല്‍ മറ്റ് സാധനങ്ങള്‍ ഒന്നും തന്നെ ഇനിയും കണ്ടെടുത്തിട്ടില്ല. ഹോസ്റ്റലിലെയും കാമ്പസിലെയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി എന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് ഡീനും ഹോസ്റ്റല്‍ വാര്‍ഡനും എതിരെ കൊലപാതകത്തിനും ഗൂഢാലോചനയ്‌ക്കും കേസെടുക്കാത്തത്? അഭിമന്യുവിന്റെ കേസിലും ഏതാണ്ട് ഇതേ രീതിയിലുള്ള സംഭവങ്ങളാണ് നടന്നത്.
‘നാന്‍ പെറ്റ മകനേ…’ എന്ന് വട്ടവടയിലെ ഭൂപതി എന്ന അമ്മയുടെ ഹൃദയം പൊട്ടിയുള്ള നിലവിളി അല്പമെങ്കിലും കാരുണ്യമുള്ള ഏതൊരു രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകന്റെയും കരളലിയിക്കേണ്ടതായിരുന്നു. സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ബലി നല്‍കിയ അഭിമന്യുവിനോടും അവന്റെ കുടുംബത്തോടും സിപിഎം ചെയ്ത ചതിയും നീചമായ വഞ്ചനയും ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനത്തേതാണ് കേസിന്റെ രേഖകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കാണാതായ സംഭവം. സിപിഎം ഭരിക്കുന്ന കേരളത്തില്‍ ഭരണകക്ഷിയുടെ പിന്തുണയില്ലാതെ, അറിവില്ലാതെ, സമ്മതമില്ലാതെ, കോടതിയില്‍ നിന്ന് ഈ രേഖകള്‍ പുറത്തുപോകുമെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. കേസിന്റെ ഏറ്റവും നിര്‍ണായകമായ 11 രേഖകളാണ് കോടതിയില്‍ നിന്ന് പോയത്. സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രേഖകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2018ല്‍ നടന്ന കൊലപാതകത്തില്‍ വിചാരണ 2024 വരെ നീണ്ടതില്‍ നിന്ന് തന്നെ കേസിന്റെ അട്ടിമറി ശ്രമവും സിപിഎം ബന്ധവും വ്യക്തമാണ്. 2023 നവംബറില്‍ പ്രതികള്‍ക്ക് കുറ്റപത്രം വായിച്ച് കുറ്റം ചുമത്താന്‍ കേസ് പരിഗണിച്ചപ്പോഴാണ് 11 രേഖകള്‍ കാണാതായ സംഭവം പുറത്തുവന്നത്. കുറ്റപത്രം കവറിങ് ലെറ്റര്‍ അടക്കമുള്ള കേസിന്റെ വിശദാംശങ്ങള്‍, ജയില്‍ പരിശോധനയില്‍ കണ്ടെത്തിയ സ്വത്ത് രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയത്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, അര്‍ജുന്‍ എന്ന വ്യക്തിക്ക് നല്‍കിയ പോലീസ് അറിയിപ്പ്, കാഷ്വാലിറ്റി രജിസ്റ്റര്‍, വിനീതിന്റെ ആശുപത്രി കാര്‍ഡ്, രാഹുലിന്റെ മുറിവ് സര്‍ട്ടിഫിക്കറ്റ്, സിം കാര്‍ഡ് വാങ്ങാന്‍ വേണ്ടി നല്‍കിയ 15 അപേക്ഷാഫോമുകള്‍, കോളജിന്റെ സൈറ്റ് പ്ലാന്‍, മഹാരാജാസ് കോളജില്‍ നിന്ന് നല്‍കിയ സാക്ഷ്യപത്രം, പ്രതികള്‍ നല്‍കിയ 161 സിആര്‍പിസി മൊഴി എന്നിവയും കാണാതായ രേഖകളില്‍ ഉള്‍പ്പെടുന്നു. ഇത്രയും രേഖകള്‍ കാണാതായിട്ടുണ്ടെങ്കില്‍ മറ്റേതെല്ലാം രേഖകളില്‍ അട്ടിമറി നടത്തിയിട്ടുണ്ടാവും എന്നകാര്യം ആലോചിക്കേണ്ടതാണ്. കേരളം മുഴുവന്‍ ശ്രദ്ധിച്ച വളരെ ഗൗരവമായ ഒരു കൊലക്കേസില്‍ കോടതിമുറിയില്‍ നിന്ന് രേഖകള്‍ കാണാതായ സംഭവം ലാഘവ ബുദ്ധിയോടെ കാണാന്‍ കഴിയുമോ? പിന്നെ എന്തു സുരക്ഷിതത്വമാണ് കോടതിക്ക് മരണമടഞ്ഞ അഭിമന്യുവിന്റെ ജീവനും അവന്റെ കുടുംബത്തിന്റെ നഷ്ടത്തിനും നല്‍കാന്‍ കഴിയുക? കുറഞ്ഞത് ഈ സംഭവം സിബിഐയോ, എന്‍ഐഎയോ അന്വേഷിക്കേണ്ടതല്ലേ?
എന്തുകൊണ്ടാണ് രേഖകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് പകരം ഇത്തരത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതി മടിക്കുന്നത് എന്നചോദ്യം ബാക്കിയാണ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ നഷ്ടമായതിന്റെ പ്രാഥമിക ഉത്തരവാദിത്വത്തില്‍ നിന്ന്, ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിക്കും കഴിയുമോ? ഈ സംഭവം എന്തുകൊണ്ട് കോടതി പോലും ഗൗരവമായി കാണുന്നില്ല? വട്ടവടയിലെ ഒരു സാധാരണ വനവാസി കുടുംബത്തില്‍പ്പെട്ട അഭിമന്യുവിന്റെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. അവര്‍ക്ക് കോടികള്‍ കൊടുത്ത് കപില്‍ സിബാലിനെ ഇറക്കുന്ന ജിഹാദി ഭീകരതയോട് പൊരുതി നില്‍ക്കാനുള്ള കരുത്തില്ല. വീട്ടില്‍ പോയിരുന്ന അഭിമന്യുവിനെ വിളിച്ചുവരുത്തി കുത്തിക്കൊന്ന സംഭവം ആകസ്മികമല്ല, ആസൂത്രിതമാണെന്ന് മനസ്സിലാക്കാന്‍ പോലീസ് ബുദ്ധി ആവശ്യമില്ല. സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനേയും വെല്ലുന്ന ബുദ്ധിശക്തിയുടെ കേന്ദ്രമാണെന്ന് അവകാശപ്പെടുന്ന കേരള പോലീസിന് ഇത് ഗൂഢാലോചനയായി തോന്നിയില്ല എന്നു മാത്രമല്ല, അഭിമന്യു സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുകയോ അന്വേഷണ പരിധിയില്‍ കൊണ്ടുവരികയോ ചെയ്തില്ല. അഭിമന്യുവിനെ കുത്തിയ കത്തി കണ്ടെടുക്കാന്‍ ഇതുവരെ കേരള പോലീസിന് കഴിഞ്ഞിട്ടില്ല. കേസ് അന്വേഷണത്തിനും എസ്എഫ്‌ഐയും കാമ്പസ് ഫ്രണ്ട് നേതാക്കളും തമ്മില്‍ നടത്തിയ ഗൂഢാലോചനയും ഒരിക്കലും പുറത്തു വന്നില്ല. ഇത് കൂടാതെ അഭിമന്യുവിന്റെ കുടുംബത്തിന് എന്ന പേരില്‍ പിരിച്ച വന്‍ തുകയില്‍ പകുതി പോലും ആ കുടുംബത്തിന് നല്‍കാതെ പാര്‍ട്ടി കാര്യത്തിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു. സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഹോമിക്കാന്‍ നടക്കുന്ന എല്ലാ എസ്എഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ക്കും വളരെ വ്യക്തമായ സൂചനയാണ് ഈ രണ്ട് കേസുകളിലെയും അട്ടിമറിയും പോലീസ് പ്രകടിപ്പിക്കുന്ന അവധാനതയും.
കേസിന്റെ വിചാരണയില്‍ നിര്‍ണായകമാവുന്ന മുറിവിന്റെ സര്‍ട്ടിഫിക്കറ്റും കുറ്റപത്രം അടക്കമുള്ള രേഖകളും കാണാതെ പോയിട്ടും അതിനോടുള്ള സമീപനമാണ് സംശയം ഉയര്‍ത്തുന്നത്. നേരത്തെ സെക്രട്ടറിയേറ്റിലും ഈ തരത്തില്‍ ഗൗരവമായ കേസുകളുടെ ഫയല്‍ നഷ്ടമായതായി കേട്ടിട്ടുണ്ട്. ഒന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴത്തെ എസ്എന്‍സി ലാവ്‌ലിന്‍ സംബന്ധിച്ച ഫയലാണ്. വരദാചാരിയുടെ തല പരിശോധിക്കണം എന്ന് എഴുതിയ ഫയലും ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ കാണാനില്ല എന്നാണ് പറയുന്നത്. ജിഹാദികള്‍ക്ക് അടിമപ്പെട്ട എസ്എഫ്‌ഐയെയും സിപിഎമ്മിനെയും തിരിച്ചുപിടിക്കാനും ജിഹാദി ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനും സ്വന്തം പാര്‍ട്ടിയില്‍ സമരം നടത്തേണ്ട ഗതികേടിലേക്ക് സിപിഎം മാറിയിരിക്കുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് മുമ്പ് എറണാകുളം ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇക്കാര്യം ചൂണ്ടിക്കാട്ടിയത് അന്ന് ഇതിന്റെ അപകടം സിപിഎം മനസ്സിലാക്കിയിരുന്നില്ല. ഇന്നോ? ഇന്ന് അപകടം മനസ്സിലാക്കിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം പാര്‍ട്ടി തളച്ചിടപ്പെട്ടു കഴിഞ്ഞു. വോട്ട് ബാങ്കിന്റെ മോഹം കൂടി ആയതോടെ ഒന്നും ചെയ്യാന്‍ കഴിയാതെ മൂകമായി കണ്ണീരൊഴുക്കാനേ നേതൃത്വത്തിന് കഴിയൂ.
വട്ടവടയിലെ കോളനിയില്‍ ഇനിയും വറ്റാത്ത കണ്ണീരും അടങ്ങാത്ത തേങ്ങലുമായി ജീവിതം തള്ളിനീക്കുന്ന ഭൂപതിയും മനോഹരനും, നെടുമങ്ങാട്ട് വീട്ടില്‍ അതേപോലെതന്നെ കണ്ണീരൊലിപ്പിച്ച് സങ്കടക്കടലായി നമ്മുടെ മുന്നില്‍ നില്‍ക്കുന്ന സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളായ ഷീബയെയും ജയപ്രകാശിനെയും കേരളത്തിലെ പൊതുസമൂഹം കാണണം. ഈ രണ്ട് കേസുകളും അട്ടിമറിക്കാനുള്ള ശ്രമത്തിന് പിന്നിലെ ഭരണനേതൃത്വത്തിലെ കറുത്ത കൈകള്‍ ആരുടേതാണെന്ന് കണ്ടെത്തിയേ കഴിയൂ. അതിനുവേണ്ടിയാകണം പുതിയ വിമോചന സമരം ഉണ്ടാകേണ്ടത്. എസ്എഫ്‌ഐ ജിഹാദി കൂട്ടുകെട്ട് ഇല്ലാതാക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തിരിച്ചുപിടിക്കാന്‍ ഒരു പുതിയ വിമോചന സമരം അനിവാര്യമാണ്. ഒപ്പം കോടതികളില്‍ കയറി തെളിവുകള്‍ പോലും അട്ടിമറിക്കുന്ന ജിഹാദി സിപിഎം അച്ചുതണ്ടിനെയും പുറത്തുകൊണ്ടുവന്നേ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: