തൃശൂര്‍: പ്രചാരണരംഗത്ത് ജനപ്രീതി നേടി വന്‍ മുന്നേറ്റം നടത്തുന്ന തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വ്യക്തിപരമായി വേട്ടയാടാന്‍ എല്‍ഡിഎഫ്- യുഡിഎഫ് ശ്രമം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്‍പ് തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളും മറ്റുമായി മണ്ഡലത്തില്‍ സജീവമായിരുന്നു സുരേഷ് ഗോപി.
തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ നിരവധി പേരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹത്തിനായി. 2019 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. ശക്തന് മാര്‍ക്കറ്റ് വികസനത്തിന്
ഒരു കോടി രൂപ നല്കി. ഈ ഇടപെടലുകളിലൂടെ വന്‍ ജനപിന്തുണയാണ് തൃശൂരില്‍ സുരേഷ് ഗോപിക്ക് ലഭിക്കുന്നത്. മറ്റ് രണ്ടു മുന്നണികളെയും വിറളി പിടിപ്പിക്കുന്നതും ഈ ജനപിന്തുണ തന്നെ.
ഇതോടെ തുടര്‍ച്ചയായി സുരേഷ് ഗോപിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമാണ് രണ്ടു മുന്നണികളും സ്വീകരിക്കുന്നത്. തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ അദ്ദേഹം സമര്‍പ്പിച്ച കിരീടത്തെ ചൊല്ലിയായിരുന്നു ആദ്യം വിവാദം സൃഷ്ടിച്ചത്. ഒടുവില്‍ പള്ളി ഭാരവാഹികള്‍ തന്നെ സത്യം വെളിപ്പെടുത്തിയതോടെ ഈ വിവാദത്തിന്റെ മുനയൊടിഞ്ഞു. തന്റെ കഴിവിനൊത്ത കിരീടമാണ് സമര്‍പിച്ചതെന്ന സുരേഷ് ഗോപിയുടെ മറുപടിയും കൂടിയായപ്പോള്‍ വിവാദക്കാര്‍ മുങ്ങി.
തുടര്‍ന്നും സുരേഷ് ഗോപിയെ കേന്ദ്രീകരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതില്‍ ഒടുവിലത്തെതാണ് ആളില്ലാത്തതിന് കഴിഞ്ഞദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ ശാസിച്ചു എന്ന മട്ടില്‍ പുറത്തുവന്ന വാര്‍ത്ത. പുതുക്കാട് മണ്ഡലത്തിലെ ശാസ്താംപൂവ്വം ട്രൈബല്‍ കോളനിയില്‍ രണ്ട് ബാലന്മാരെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവിടെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. ഇതിനിടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തോ എന്ന് അവരോട് ആരാഞ്ഞു. ഇല്ല എന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ബിജെപി ബൂത്ത് ഭാരവാഹികളെ അദ്ദേഹം ശാസിച്ചത്. അവര്‍ ചെയ്യേണ്ട ജോലി അവര്‍ ചെയ്യണം എന്നാണ് പറഞ്ഞത്. എങ്കിലേ ഞാന്‍ ചെയ്യേണ്ട ജോലി എനിക്ക് കൃത്യമായി ചെയ്യാന്‍ കഴിയുകയുള്ളൂ. സുരേഷ് ഗോപി വിശദീകരിച്ചു. അതിനെയാണ് വക്രീകരിച്ച് ചില മാധ്യമങ്ങള്‍ വലിയ വിവാദമായി പെരുപ്പിച്ചത്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്‍പ് തന്നെ സുരേഷ് ഗോപിയെ വേട്ടയാടാന്‍ ഇക്കൂട്ടര്‍ ശ്രമം ആരംഭിച്ചിരുന്നു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന് പ്രചരിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ മകളുടെ വിവാഹം പോലും വിവാദമാക്കാന്‍ ശ്രമമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ ഗുരുവായൂരില്‍ മറ്റ് വിവാഹങ്ങള്‍ മുടങ്ങും എന്നായിരുന്നു പ്രചരണം.
2019 ല്‍ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമ്പോള്‍ പതിനൊന്ന് ദിവസം മാത്രമാണ് പ്രചരണത്തിന് ലഭിച്ചത്. അന്ന് പ്രചരണം തുടങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരമാണ് സുരേഷ് ഗോപി അവസാന നിമിഷം രംഗത്ത് വന്നത്. തുഷാര്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും കോവിഡ് മൂലം അദ്ദേഹത്തിന് കൃത്യമായി പ്രചരണത്തിന് എത്താന്‍ കഴിഞ്ഞില്ല. എന്നിട്ടും രണ്ടു തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റമാണ് സുരേഷ് ഗോപി ഉണ്ടാക്കിയത്. ഇക്കുറി അങ്ങനെയല്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം മണ്ഡലത്തിലുണ്ട്. നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മറ്റ് സ്ഥാനാര്‍ത്ഥികളേക്കാള്‍ പ്രചരണത്തില്‍ ഏറെ മുന്നിലുമാണ്. ജനങ്ങള്‍ക്ക് സുരേഷ് ഗോപിയെ ഇഷ്ടവുമാണ്.
ഇതോടെ പരാജയം മണത്ത് തുടങ്ങിയ ഇടത്- കോണ്‍ഗ്രസ് പാളയങ്ങള്‍ അറ്റകൈയായി സുരേഷ് ഗോപിയുടെ പ്രതിഛായ തകര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത അധിക്ഷേപങ്ങളാണ് അവര്‍ നടത്തുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: