കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍. ജെ.എസ്. മരിക്കും മുമ്പ് ക്രൂരമായ മര്‍ദനത്തിനും ശാരീരിക പീഡനത്തിനും ഇരയായ വിവരം പുറത്തുപറയരുതെന്ന് ഡീന്‍ നിര്‍ദേശിച്ചെന്ന് വിദ്യാര്‍ത്ഥികളുടെ മൊഴി.
ആന്റി റാഗിങ് ഹെല്‍പ് ലൈനിന് ലഭിച്ച പരാതികളില്‍ യുജിസിയുടെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്. സ്‌ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് മൊഴിയെടുത്തപ്പോള്‍ കോളജ് അധികാരികളില്‍ ചിലര്‍ അരികില്‍ ഉണ്ടായിരുന്നെന്നും കൂടുതല്‍ സംസാരിക്കാന്‍ സമ്മതിച്ചില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡിനുമൊഴി നല്‍കി. ഫെബ്രുവരി 26, 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് യുജിസി ആന്റി റാംഗിങ് സ്‌ക്വാഡ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തത്.
ആകെ 97 പേരാണ് മൊഴിനല്‍കിയത്. 26ന് ഇരുപതും 27ന് മുപ്പത്തേഴും വിദ്യാര്‍ത്ഥികള്‍ ഹാജരായി. 28ന് 32 വിദ്യാര്‍ത്ഥികളും നാല് അദ്ധ്യാപകരും സ്‌ക്വാഡ് മുമ്പാകെയെത്തി. മാര്‍ച്ച് ഒന്നിന് രണ്ടുവീതം വിദ്യാര്‍ത്ഥികളും സ്റ്റാഫുമാണ് മൊഴി നല്‍കിയത്. ഫെബ്രുവരി 15ന് വീട്ടിലേക്കു പുറപ്പെട്ട സിദ്ധാര്‍ത്ഥന്‍, പ്രതിപ്പട്ടികയിലുള്ള രെഹാന്‍ ബിനോയ് ഫോണ്‍ ചെയ്തതിനെത്തുടര്‍ന്ന് യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് 16ന് രാവിലെ എട്ടു മണിയോടെ കാമ്പസില്‍ തിരിച്ചെത്തിയത് മുതല്‍ സംഭവിച്ചതില്‍ അറിയാവുന്ന കാര്യങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡ് മുമ്പാകെ വെളിപ്പെടുത്തിയത്.
ഫെബ്രുവരി 16ന് രാത്രി സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിനു എതിര്‍വശത്തുള്ള കുന്നിന്‍ മുകളില്‍ കൊണ്ടുപോയും തിരിച്ച് മുറിയില്‍ എത്തിച്ചും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട് 16ന് രാത്രി സിദ്ധാര്‍ഥന്റെ മുറിയില്‍നിന്നു നിലവിളി കേട്ടതായും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡിനെ അറിയിച്ചു. 17ന് രാവിലെ സിദ്ധാര്‍ഥന്‍ കഞ്ഞി കുടിക്കാന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സ്‌ക്വാഡിനെ അറിയിച്ചു. മൊഴി നല്‍കിയതില്‍ മറ്റൊരാളും സിദ്ധാര്‍ത്ഥന്‍ 17ന് നേരം പുലര്‍ന്നശേഷം ആഹാരം കഴിക്കുന്നതു കണ്ടിട്ടില്ല. 16ന് രാത്രി കഴുത്തിനു കുത്തിപ്പിടിച്ചുള്ള മര്‍ദനത്തിന് വിധേയനായ സിദ്ധാര്‍ത്ഥന്‍ 18ന് രാവിലെ തൊണ്ടമുറിഞ്ഞെന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പരിശോധിച്ച് മരുന്ന് നിര്‍ദേശിച്ചതായും സ്‌ക്വാഡിനു മൊഴി ലഭിച്ചു.
ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞ് സിദ്ധാര്‍ത്ഥനെ മുറിയില്‍ കണ്ടില്ല. മുട്ടിവിളിച്ചിട്ടും ബാത്ത് റൂം തുറന്നില്ല. ഇതേത്തുടര്‍ന്നു ബാത്ത് റൂം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെതെന്നാണ് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൊഴി. സിദ്ധാര്‍ത്ഥനു നേരിടേണ്ടിവന്നതു പോലുള്ള പീഡനം മുമ്പ് ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് അനുഭവിക്കേണ്ടിവന്നതായും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മൊഴി നല്‍കിയ വിവരവും ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: