വെളളറട: കൂലിപ്പണിക്കാരുടെയും ചെറുകിടക്കാരുടെയും സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്ത് ഗ്രാമീണമേഖലയില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും പലിശക്കാരുമടങ്ങിയ ബ്ലേഡ്മാഫിയ വീണ്ടും പിടിമുറുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കുകാരുടേയും പലിശക്കാരുടെയും കടബാധ്യത തീര്‍ക്കാനാകാതെ വെള്ളറടയിലെ വ്യാപാരി ദിവസങ്ങള്‍ക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകരും പ്രതിസന്ധിയിലാണ്. ജോലിയും വരുമാനവും നഷ്ടമായി ജീവിതം വഴിമുട്ടിയവര്‍ക്കിടയിലേക്കാണ് സഹായഹസ്തവുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മൈക്രോ ഫിനാന്‍സുകാരും വട്ടിപ്പലിശക്കാരുമെത്തുന്നത്. ഇവര്‍ സാധുക്കള്‍ക്ക് ഭീഷണിയിമാറിയിട്ടുണ്ട്. വായ്പയെടുത്തവരുടെ വീടുകളില്‍ സ്ഥാപന പ്രതിനിധികളും കളക്ഷന്‍ ഏജന്റുമാരും എത്തി ഭീഷണിപ്പെടുത്തുന്നു.
മിക്ക പണമിടപാട് സ്ഥാപനങ്ങളിലും എല്ലാ മാസവും ആദ്യ ആഴ്ചയാണ് തവണകള്‍ അടയ്ക്കേണ്ടത്. എന്നാല്‍ തൊട്ടടുത്ത മാസത്തെ തവണ കൃത്യമായി അടയ്ക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഉപഭോക്താക്കളുടെ മേല്‍ സമ്മര്‍ദം ആരംഭിക്കും. ഭീഷണിസ്വരവും കടുംപിടുത്തവുമായെത്തുന്ന വാഹനവായ്പാ ഏജന്റുമാരുമുണ്ട്. സ്ത്രീകള്‍ക്ക് മാത്രം വായ്പ നല്കുന്ന സ്ഥാപനങ്ങളും വ്യക്തികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പരസ്പര ജാമ്യവ്യവസ്ഥയില്‍ നല്കുന്ന വായ്പകളുടെ തിരിച്ചടവ് മുടക്കം കൂടാതെ അടയ്ക്കാന്‍ സ്ത്രീകള്‍ മുന്‍പന്തിയിലാണെന്നാണ് ഇവര്‍ പറയുന്നത്. പരസ്പര ജാമ്യമായതിനാല്‍ അടവു മുടങ്ങുന്നവരുടെ ഉത്തരവാദിത്തവും കൂട്ടത്തിലുള്ളവര്‍ക്ക് തന്നെയായിരിക്കും.
ഓപ്പറേഷന് കുബേരയും പോലീസിന്റെ പരിശോധനകളും നിലച്ചതോടെയാണ് പലിശക്കാരുടെ ശല്യം വര്‍ധിച്ചത്. ബ്ലാങ്ക് ചെക്കുകള്‍ വാങ്ങി കേസുകള്‍ സൃഷ്ടിച്ച് ഇടപാടുകാരില്‍ നിന്ന് ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളുണ്ട്. വസ്തു ഈടായി വാങ്ങി വന്‍ തുക നല്‍കുന്നവരുമുണ്ട്. ഇതിനൊക്കെ കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. ഭീമമായ പലിശയ്ക്ക് പണം നല്കിയ ശേഷം മടക്കി ലഭിക്കാതെ വരുമ്പോള്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലും കയറി ഭീഷണി മുഴക്കുന്ന സംഭവങ്ങളും ഏറിവരുന്നു.
പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ പതിന്മടങ്ങ് നല്കിയാലും കടം തീരാത്തവരാണ് അധികവും. കേസിന്റെയും മറ്റും നൂലാമാലകളില്‍പ്പെടുമെന്നതിനാല്‍ നഷ്ടം സഹിച്ചും ഇടപാടുകാര്‍ വീണ്ടും പലിശ ഇവര്‍ക്ക് നല്കിക്കൊണ്ടിരിക്കും. മൈക്രോഫിനാന്‍സ് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വ്യാപക പരാതിയുണ്ട്.
ഒരു ഡസനോളം സ്ഥാപനങ്ങളാണ് ഏജന്റുമാര്‍ മുഖേന പലിശയ്ക്ക് കൊടുക്കുകയും അടവ് തെറ്റിയാല്‍ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നത്. ഇവര്‍ സ്ത്രീകളോട് അപമാര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. വീട്ടില്‍ ആളില്ലെന്ന പേരില്‍ സ്ത്രീകളുടെ ജോലിസ്ഥലങ്ങളിലെത്തിയും ഭീഷണിമുഴക്കുന്നു. കൊള്ളപ്പലിശക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: