കണ്ണൂര്‍: എഐസിസി വക്താവ് ഷമ മുഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയിലെ ആരുമല്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പരസ്യമായ അതൃപ്തിയറിയിച്ച ഷമ മുഹമ്മദിന്റെ നടപടി മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുധാകരന്റെ പ്രതികരണം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും മൂന്ന് സീറ്റെങ്കിലും സ്ത്രീകള്‍ക്ക് നല്‍കേണ്ടതായിരുന്നുവെന്നുമുള്ള ഷമയുടെ വിമര്‍ശനം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു സുധാകരന്റെ മറുപടി. ‘അതൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ല’, സുധാകരൻ സുധാകരൻ പറഞ്ഞു.
രാഹുലിന്റെ വാക്ക് പാലിക്കപ്പെട്ടില്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ ആലത്തൂരില്‍ രമ്യാ ഹരിദാസിനെയും നേതൃത്വം തഴഞ്ഞേനെയെന്നും ഷമാ മുഹമ്മദ് വിമര്‍ശിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 50 ശതമാനം മുഖ്യമന്ത്രിമാര്‍ സ്ത്രീകളായിരിക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സ്ത്രീകള്‍ സദസ്സില്‍ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണമെന്ന് ഷമാ മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: