Categories: Kerala

ആര്‍ ശങ്കറിന്റെ മകനില്‍ തുടക്കം: ഇനി ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍

Published by

തിരുവനന്തപുരം: കേരളം ഭരിച്ചത് നാലു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. ആര്‍ ശങ്കര്‍, കെ കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി. ആദ്യമൂന്നു പേരുടേയും മക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറാണ് ആദ്യം ബിജെപി ആയത്. സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലും എത്തി. 2006 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍നിന്ന് താമര അടയാളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ചു. ഉമേഷ് ചള്ളിയില്‍ ആയിരുന്നു അന്ന് യു.ഡി.ഫ് സ്ഥാനാര്‍ത്ഥി, സിപിഐ നേതാവ് കെ.പി രാജേന്ദ്രനാണ് ഇവരെയും രണ്ടുപേരെയും പരാജയപ്പെടുത്തിയത്.
രാജ്യത്തു തന്നെ ബിജെപിയിലേയക്കുള്ള കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രിമാരുടെ വരവിന് രണ്ടു പതിറ്റാണ്ട് മുന്‍പ് തുടകക്കമിട്ടതും മോഹന്‍ ശങ്കര്‍ ആണെന്നും പറയാം.
ആന്റണിയുടെ മകന്‍ അനിലാണ് പിന്നീട് ബിജെപിയില്‍ ചേര്‍ന്നത്.യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എ!ന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദനേടിയ അനില്‍ സിസ്‌കോ, ടോര്‍ക്ക്, കാസ്പര്‍ ലാബ്‌സ് തുടങ്ങിയ ആഗോള കമ്പനികളില്‍ സേവനമനുഷ്ഠിച്ച ശേഷം 2019 ജനുവരിയില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റു. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അനില്‍ നവമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണം ഏറെ പ്രശംസ നേടിയിരുന്നു. ഇതാണ് അനിലിനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് എത്തിച്ചത്. കര്‍ണാടക, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളുടെ ഡിജിറ്റല്‍ പ്രചാരണ ചുമതലകള്‍ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരുന്നു.ഗുജറാത്ത് കലാപം സംബന്ധിച്ച് ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ കോണ്‍ഗ്രസും അനില്‍ ആന്റണിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ രാജ്യത്ത് വിലക്കിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അതിനെ എതിര്‍ത്തു. എന്നാല്‍ അനില്‍ ബിബിസിയെ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. ബിജെപിയോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.പിന്നിട് പലപ്പോഴായി കോണ്‍ഗ്രസ് നിലപാടുകളെ പരസ്യമായി വിമര്‍ശിച്ച അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു. പിന്നാലെ കഴിഞ്ഞ വര്‍ഷം ബിജെപിയിലേക്കുള്ള കൂടുമാറ്റം. ദേശീയ സെക്രട്ടറിയും വക്താവുമാക്കി.
്അവസാനം കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലും ബിജെപി ആയി. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നതിനെക്കുറിച്ച് പത്മജയുടെ പോസ്റ്റ് ഇതായിരുന്നു.

‘കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവര്‍ ജനിച്ചത് മുതല്‍ വിശ്വസിക്കുന്നതും കാണുന്നതും കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയമാണ്. കുഞ്ഞുനാള്‍ മുതല്‍ അച്ഛനും അമ്മയും പറഞ്ഞ് തന്നതും ഞങ്ങള്‍ കണ്ടതും എല്ലാം കോണ്‍ഗ്രസ് നേതാക്കളുടെ ത്യാഗത്തിന്റെ കഥകളാണ്. അങ്ങനെ വളര്‍ന്ന ഒരാള്‍ എന്തുകൊണ്ട് പാര്‍ട്ടി വിട്ട് പോയി എന്നത് വളരെ ആഴത്തില്‍ ആലോചിക്കേണ്ട കാര്യമാണ്. ഒരു കുടുംബം ആകുമ്പോള്‍ ഇണക്കവും പിണക്കവും ഉണ്ടാകും. അതെല്ലാം നിസാരമായി കാണുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. വിഷമങ്ങള്‍ പലര്‍ക്കും ഉണ്ട്. അതൊക്കെ പറഞ്ഞ് തീര്‍ത്ത് ഒരുമിച്ച് പോയാല്‍ മാത്രമേ പ്രസ്ഥാനം രക്ഷപ്പെടൂ…’ എന്നാണ് പത്മജ പോസ്റ്റില്‍ പറയുന്നത്.
ഇനി ഉമ്മന്‍ ചാണ്ടിയുടെ മക്കളാണ് ബിജപിയില്‍ ചേരാന്‍ ബാക്കിയുള്ളത്. ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക