കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളെ എസ്എഫ്ഐയില്‍ നിന്നു മോചിപ്പിക്കാന്‍ വിമോചനസമരം അനിവാര്യമാണെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി. രമേശിന്റെ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
കലാലയങ്ങളില്‍ എസ്എഫ്ഐയുടെ കിരാതവാഴ്ച കാരണം മക്കളെ കേരളത്തിലെ വിദ്യാലയങ്ങളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. ചോര നീരാക്കി വളര്‍ത്തിയ മക്കള്‍ കലാലയങ്ങളില്‍ നിന്ന് തിരിച്ചുവരുന്നതും കാത്ത് ഊണും ഉറക്കവുമില്ലാത്തവരായി രക്ഷിതാക്കള്‍ മാറുന്നു. കൊലയാളി പ്രസ്ഥാനമായ എസ്എഫ്ഐ പ്രവര്‍ത്തകരെയും കൊലയാളിയാക്കി വളര്‍ത്തുന്നു. വിദ്യാര്‍ത്ഥികള്‍ കേരളം വിടാന്‍ പ്രധാനകാരണം എസ്എഫ്ഐ ആണെന്നും സിദ്ധാര്ത്ഥന് എസ്എഫ്ഐ പിച്ചിച്ചീന്തിയ അവസാനത്തെ യുവാവാകണമെന്നും കുമ്മനം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷ നല്‍കേണ്ട അദ്ധ്യാപകര്‍ പാര്‍ട്ടി അടിമകളാണ്. അവരില്‍ നിന്ന് സംരക്ഷണം പ്രതീക്ഷിക്കേണ്ട. കണ്ണൂര്‍ തോട്ടട പൊളിടെക്നിക്ക് കോളജിലെ അശ്വന്തിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജീവച്ഛവമായ ഒരാള്‍ക്ക് തൂങ്ങിമരിക്കാന്‍ ശേഷിയുണ്ടാവില്ല. കാട്ടുമൃഗങ്ങള്‍ മനുഷ്യരെ കുത്തിക്കൊല്ലുമ്പോള്‍ മനുഷ്യമൃഗങ്ങള്‍ അടിച്ചുകൊല്ലുകയാണ്. അക്രമങ്ങളില്‍ പ്രതിസ്ഥാനത്തുള്ള, ധര്മ്മാവബോധമില്ലാത്ത എസ്എഫ്ഐയുടെ കിരാത നടപടിയില്‍ നിന്ന് കലാലയത്തെ മോചിപ്പിക്കാന്‍ വിമോചനസമരം വേണം.
അഭിമന്യുവിന്റെയും സിദ്ധാര്‍ത്ഥന്റെയും കൊലയേക്കാള്‍ ഭയാനകമാണ് മുഖ്യമന്ത്രിയുടെ അര്‍ത്ഥഗര്‍ഭമായ മൗനം. സാംസ്കാരിക നായകരുടെ മൗനം അപലപനീയമാണ്. കൊലയ്ക്കു പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. സിബിഐ അന്വേഷണത്തില്‍ മാത്രമെ ഇതു വെളിച്ചത്തു കൊണ്ടുവരാന്‍ കഴിയൂ.
അരമണിക്കൂര്‍ കൊണ്ട് എത്താമെന്നിരിക്കെ, മുഖ്യമന്ത്രിയോ മന്ത്രിമാരൊ സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ സമാശ്വസിപ്പിക്കാന്‍ എത്താന്‍ വൈകി. സാധുക്കളായ അവര്‍ വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഭാഷ സംസാരിക്കില്ല. സമ്മര്‍ദ്ദത്തിലൂടെ അവരെ കാണാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുകയാണ് പൊതുജനപ്രതിഷേധമെന്നും എംടിയുടെ നിരാഹാരം ആ കുടുംബത്തിന് നീതിവാങ്ങി കൊടുക്കാനാണെന്നും കുമ്മനം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അധ്യക്ഷനായി. കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി കൂടിയായ എം.ടി. രമേശ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: