ആലപ്പുഴ: ഓരോ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുകയും, ഒടുവില്‍ തോല്‍ക്കുകയും ചെയ്ത ആലപ്പുഴ മണ്ഡലത്തില്‍ എന്‍ഡിഎ വോട്ട് നിലയില്‍ വന്‍ കുതിപ്പാണ് കാഴ്ച വെച്ചത്. ശോഭാ സുരേന്ദ്രന്‍ മത്സരരംഗത്ത് എത്തിയതോടെ വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നുമല്ല ലക്ഷ്യമെന്ന് എന്‍ഡിഎയും ബിജെപിയും വ്യക്തമാക്കി കഴിഞ്ഞു. പ്രചാരണ രംഗത്ത് വലിയ മുന്നേറ്റമാണ് എന്‍ഡിഎ കാഴ്ച വെക്കുന്നത്. സ്ഥാനാര്‍ത്ഥിക്ക് പൊതുസമൂഹത്തില്‍ ലഭിക്കുന്ന വലിയപിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ വികസനനേട്ടങ്ങളും, നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസവും, ബിജെപിയുടെ സംഘടനാശേഷിയും, സ്ഥാനാര്‍ത്ഥിയുടെ മികവും ഒത്തു ചേരുമ്പോള്‍ ആലപ്പുഴ മറ്റൊരു വിജയകുതിപ്പിനാകും സാക്ഷിയാകുക. മോദിയുടെ ഗ്യാരന്റി എന്ന എന്‍ഡിഎയുടെ പ്രചാരണം ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നു.
ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നു. ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ളത്. 2019ല്‍ 61,500 വോട്ടുകള്‍ക്കായിരുന്നു കൊടിക്കുന്നിലിന്റെ വിജയം. കൊടിക്കുന്നില്‍ സുരേഷിന്റെ പത്താമത്തെ തിരഞ്ഞെടുപ്പു മത്സരമാണിത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജുകലാശാല മണ്ഡലത്തില്‍ ഏറെ സുപരിചിതനാണ്. കെപിഎംഎസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് പട്ടികജാതി പിന്നാക്കവിഭാഗങ്ങളുടെ മുന്നണി പോരാളിയായിരുന്നു. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ ബൈജു നേരത്തെ മാവേലിക്കര നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുട്ടുണ്ട്.
അതേസമയം ഇന്‍ഡി മുന്നണിയിലെ ഘടകകക്ഷികള്‍ ആരോപണ, പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടുകയാണ്. ആലപ്പുഴയില്‍ കോണ്‍ഗ്രസിനെ കൂടാതെ ഇന്‍ഡി മുന്നണിയിലെ സിപിഎമ്മും, മാവേലിക്കരയില്‍ സിപിഐയുമാണ് മത്സരിക്കുന്നത്. ആലപ്പുഴയില്‍ കോണ്‍ഗ്രസിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും, സിപിഎം സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംപി എ.എം ആരീഫും മത്സരിക്കുന്നു. മാവേലിക്കരയില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ സിപിഐയുടെ സി.എ. അരുണ്‍കുമാറാണ് മത്സരരംഗത്തുള്ളത്.
തീരദേശ മണ്ഡലമാണ് ആലപ്പുഴ. തെക്ക് കരുനാഗപ്പള്ളി മുതല്‍ വടക്ക് അരൂര്‍വരെയാണ് മണ്ഡലത്തിന്റെ പരിധി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നിറഞ്ഞതാണ് മണ്ഡലം. 2009ലും 2014ലുമാണ് വേണുഗോപാല്‍ ഇവിടെ നിന്ന് ജയിച്ച് ലോക്സഭയിലേക്കു പോയത്. ആദ്യം സിപിഎമ്മിലെ ഡോ.കെ.എസ്. മനോജായിരുന്നു എതിരാളി. 57,635 വോട്ടിനായിരുന്നു വേണുഗോപാലിന്റെ വിജയം. അന്ന് ബിജെപിക്ക് 19,711 വോട്ടേ ഉണ്ടായിരുന്നുള്ളൂ.
2014 ആയപ്പോഴേക്കും വേണുഗോപാലിന്റെ ലീഡ് 19,407 ആയി കുറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രൊഫ. എ.വി. താമരാക്ഷന്‍ 43,051വോട്ടുനേടി. 2019 ല്‍ സിപിഎമ്മിന്റെ എ.എം. ആരിഫ് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 10,474 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മറികടന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ.കെ.എസ്. രാധാകൃഷ്ണന്‍ 1,87,729 വോട്ടുനേടി വന്‍ മുന്നേറ്റം കാഴ്ചുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക