ഒട്ടാവ: കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്. 2020-ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, 2023 ജൂൺ 18-ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് വെടിയേറ്റാണ് നിജ്ജാർ കൊല്ലപ്പെട്ടത്.
സിബിഎസ് നെറ്റ്വർക്കിന്റെ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെൻ്ററി പരമ്പരയായ ‘ദി ഫിഫ്ത്ത് എസ്റ്റേറ്റ്’-ൽ നിന്ന് സിബിഎസ് ന്യൂസിന് വീഡിയോ ലഭിക്കുകയായിരുന്നു. ഒന്നിലധികം ഉറവിടങ്ങൾ ഈ ദൃശ്യങ്ങൾ പരിശോധിച്ചുവെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ചാരനിറത്തിലുള്ള ഡോഡ്ജ് റാം പിക്കപ്പ് ട്രക്കിൽ ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് നിജ്ജാർ ഇറങ്ങിപ്പോകുന്നത് വീഡിയോയിൽ കാണാം.
ഒരു വെളുത്ത സെഡാൻ അടുത്തുള്ള റോഡിലൂടെ പോകുന്നതും പിന്നീട് എക്സിറ്റിനടുത്തെത്തുമ്പോൾ കാർ നിജ്ജാറിന്റെ മുന്നിൽ വന്ന് ട്രക്കിനെ തടയുന്നതും വ്യക്തമാണ്. തുടർന്ന്, രണ്ട് പേർ ട്രക്കിലേക്ക് ഓടിക്കയറി നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇവർ പിന്നീട് സിൽവർ ടൊയോട്ട കാമ്രി കാറിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായ ഹർദീപ് സിംഗ് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സിഖ് ഫോർ ജസ്റ്റിസ് പ്രസ്ഥാനവുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. ഇന്ത്യ അടുത്തിടെ പുറത്തുവിട്ട 40 ഭീകരവാദികളുടെ പട്ടിയിൽ ഇയാളുടെ പേരുമുണ്ടായിരുന്നു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനെ തുടർന്ന് എൻഐഎ ഹർദീപിന്റെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വ്യക്തിയായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജാര്‍. നേരത്തേ, ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിജ്ജാറിനെ രാജ്യത്തിന് വിട്ടുനല്‍കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സിലെ അംഗങ്ങൾക്ക് പരിശീലനവും ധനസഹായവും നൽകുന്നവരിൽ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഹർദീപ്. കാനഡയിലെയും യുഎസിലെയും ഇന്ത്യൻ എംബസികൾക്ക് നേരെ നടന്ന അക്രമസംഭവങ്ങളിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുള്ളതായും കണ്ടെത്തിയിരുന്നു. ഈ കേസുകളുടെ അന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: