കാസിരംഗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ കാസിരംഗ നാഷണൽ പാർക്കും ടൈഗർ റിസർവും സന്ദർശിച്ചു. ഇവിടുത്തെ ഏറെ പ്രചാരത്തിലുള്ള ആന, ജീപ്പ് സഫാരിയിൽ അദ്ദേഹം പങ്കെടുത്തു. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ പ്രധാനമന്ത്രി രണ്ട് മണിക്കൂർ പാർക്കിൽ ചെലവഴിച്ചു.യാത്രയ്‌ക്കിടെ, സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള വനിതാ ഫോറസ്റ്റ് ഗാർഡുമാർ, ആന പാപ്പാൻമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമായ ‘വാൻ ദുർഗ’ അംഗങ്ങളുമായി മോദി സംവദിച്ചു. ” നമ്മുടെ പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനുള്ള അവരുടെ സമർപ്പണവും ധൈര്യവും ശരിക്കും പ്രചോദനമാണ്,” – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
” കാസിരംഗ കാണ്ടാമൃഗങ്ങൾ പേരുകേട്ടതാണ്, എന്നാൽ മറ്റ് നിരവധി ഇനങ്ങളോടൊപ്പം ധാരാളം ആനകളും ഉണ്ട്,”- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പാർക്കിന്റെ സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയിലാണ് അദ്ദേഹം ആദ്യം ആന സഫാരി നടത്തിയത്. ജാക്കറ്റും തൊപ്പിയും ധരിച്ച് നരേന്ദ്രമോദി ‘പ്രദ്യുമ്ന’ എന്ന ആനപ്പുറത്ത് കയറി ഡാഗ്ലാൻഡ്, ഫോളിയോമാരി ഏരിയയിലെ സഫാരി റൂട്ടിലൂടെയാണ് സഞ്ചരിച്ചത്. 16 ആനകളുടെ വാഹനവ്യൂഹം അദ്ദേഹത്തെ പിന്തുടർന്നു. കാസിരനാഗ ദേശീയ ഉദ്യാനത്തിലെ പര്യടനത്തിനിടെ അദ്ദേഹം മൂന്ന് ആനകളായ ലഖിമായി, പ്രദ്യുമ്ന, ഫൂൽമായി എന്നിവയ്‌ക്ക് കരിമ്പ് തീറ്റയും നൽകി.
തുടർന്ന് അതേ ഫോറസ്റ്റ് റേഞ്ചിൽ ജീപ്പ് സഫാരി നടത്തിയ പ്രധാനമന്ത്രി ദഫ്‌ലാങ് വാച്ച് ടവറിൽ നിർത്തി വന്യജീവി സങ്കേതം കാണാനായി പോയി. കടുവ , ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം, കാട്ടുപോത്ത്, മാനുകൾ, നിരവധി പക്ഷികൾ എന്നിവയെ പ്രധാനമന്ത്രി മോദി കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കാസിരംഗ പര്യടനത്തിനിടെ പ്രധാനമന്ത്രി മോദി വനത്തിന്റെയും വന്യജീവികളുടെയും നിരവധി ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം കാസിരംഗ നാഷണൽ പാർക്ക് ഡയറക്ടർ സൊണാലി ഘോഷും ഉണ്ടായിരുന്നു. മറ്റ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും അവിടെ സന്നിഹിതരായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത് സെൻട്രൽ കൊഹോറ റേഞ്ചിലെ ജീപ്പും ആന സഫാരികളും മാർച്ച് 7 മുതൽ വിനോദ സഞ്ചാരികൾക്കായി അടച്ചിട്ടിരിക്കുകയാണ്. സന്ദർശകർക്കായി ഫോറസ്റ്റ് റേഞ്ചിലെ ജംഗിൾ സഫാരി മാർച്ച് 10 ന് വീണ്ടും തുറക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി കാസിരംഗയിലെത്തിയത്. ഉച്ചകഴിഞ്ഞ് ജോർഹട്ടിൽ ഐതിഹാസികനായ അഹോം ജനറൽ ലച്ചിത് ബർഫുകന്റെ 125 അടി ഉയരമുള്ള ‘ശൗര്യ പ്രതിമ’ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
തുടർന്ന് മെലെങ് മെറ്റെലി പോത്താറിലേക്ക് പോകുന്ന മോദി അവിടെ 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനം ചെയ്യും. ഇതേ വേദിയിൽ ഒരു പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: