യുജിസി നിയമവും ചട്ടവും പാലിക്കാതെ നിയമിതരായ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിനെയും, കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണനെയും പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണ്. ഇരു വിസിമാര്‍ക്കും, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷയ്ക്കും ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിനും ചാന്‍സലറായ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, രാജ്ഭവനില്‍ ഹിയറിങ്ങിനു വിളിക്കുകയും ചെയ്തിരുന്നു. ഇതിനോട് പലവിധത്തിലാണ് ഇവര്‍ പ്രതികരിച്ചത്. ഡിജിറ്റല്‍ സര്‍വകലാശാല വിസി നേരിട്ടും, കോഴിക്കോട് സര്‍വകലാശാല-സംസ്കൃത സര്‍വകലാശാല വിസിമാര്‍ അഭിഭാഷകര്‍ മുഖേനയും വിശദീകരണം നല്കിയപ്പോള് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി ഹിയറിങ്ങിനെത്താതെ രാജി സമര്‍പ്പിക്കുകയാണ് ചെയ്തത്. പുറത്താക്കല്‍ നടപടി ഒഴിവാക്കാനുള്ള തന്ത്രപൂര്‍വമായ നീക്കമായതിനാല്‍ ഈ രാജി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. വിസിമാരെ പുറത്താക്കുന്നത് ഒരു അയോഗ്യതയാണ്. രാജിവച്ചാല്‍ ഈ പ്രശ്നമില്ല. ഹിയറിങ്ങിനുശേഷം നാല് വിസിമാര്‍ക്കും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ഗവര്‍ണര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വിസിമാരെ പുറത്താക്കിയത്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ യുജിസിയുടെ അഭിപ്രായം ലഭിച്ചശേഷം നടപടിയെടുക്കും. ഇവരെയും പുറത്താക്കാനാണ് സാധ്യതയും.
വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളജ് കാമ്പസില്‍ എസ്എഫ്ഐ അക്രമികളുടെ ക്രൂരമര്‍ദ്ദനമേറ്റ് സിദ്ധാര്ത്ഥന് എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ നിഷ്ക്രിയത പാലിക്കുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍ എം.ആര്. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്പെന്‍ഡു ചെയ്തിരുന്നു. സിദ്ധാര്ത്ഥന് മര്‍ദ്ദനമേറ്റ് മരിക്കുന്ന ദിവസം കാമ്പസിലുണ്ടായിരുന്ന വിസി അതിനെക്കുറിച്ച് അന്വേഷിക്കാനോ റിപ്പോര്‍ട്ടു ചെയ്യാനോ തയ്യാറായില്ല. വെറ്ററിനറി വിസിക്കെതിരായ ഗവര്‍ണറുടെ സമയോചിതമായ ഈ നടപടി വ്യാപകമായി പ്രശംസിക്കപ്പെട്ടു. കോളജ് കാമ്പസുകളെ അക്രമവല്ക്കരിക്കുന്നവര്ക്കുള്ള താക്കീതുമായിരുന്നു ഇത്. ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെ നോമിനികളായി വൈസ് ചാന്‍സലര്‍ സ്ഥാനത്ത് എത്തുന്ന വിസിമാര്‍ പാര്‍ട്ടിയുടെ താളത്തിനൊത്ത് തുള്ളുന്നവരാണ്. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ ഈ വിസിമാര്‍ ചെറുവിരല്‍ പോലും അനക്കാറില്ല. ഇടതുപക്ഷ സംഘടനയില്‍പ്പെടുന്ന അധ്യാപകരും ഇതിന് കൂട്ടുനില്‍ക്കുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ചുപോലും അവിടുത്തെ വിസി തന്റെ പാര്‍ട്ടിവിധേയത്വം പ്രകടിപ്പിക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം വിസി പദവിയിലെത്തിയാളാണ് ഇദ്ദേഹമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും സര്‍ക്കാരും എസ്എഫ്ഐയും ഒറ്റക്കെട്ടായി അക്രമാസക്ത സമരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിസിമാര്‍ പരോക്ഷമായി അതിനൊപ്പം നിന്നത്.
സംസ്ഥാനത്ത് കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയൊഴികെ മറ്റെല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്. ദൈനംദിന കാര്യങ്ങളുള്‍പ്പെടെ ഇവിടുത്തെ എല്ലാ നിയമവിരുദ്ധ നടപടികളെയും ചോദ്യം ചെയ്യാനുള്ള അധികാരം നിയമപരമായി ഗവര്‍ണര്‍ക്കുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരം സര്‍വകലാശാലകളില്‍ നടത്തുന്ന ബന്ധുനിയമനങ്ങളെയും മറ്റും ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിന് അനഭിമതനായത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പരസ്യമായിത്തന്നെ ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നു. എന്നാല്‍ നിയമയുദ്ധത്തില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഗവര്‍ണര്‍ക്ക് അനുകൂലമായ വിധികള്‍ വന്നു. ഗവര്‍ണറെ നീക്കം ചെയ്യാന്‍ നിയമസഭ പാസ്സാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതുമില്ല. ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഉപയോഗിക്കാമെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. ഗവര്‍ണറെ സര്‍വകലാശാല കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ പിന്തുണയോടെ അക്രമാസക്ത സമരം നടത്തിയ എസ്എഫ്ഐയ്ക്കും മറ്റും ഇത് കനത്ത തിരിച്ചടിയായി. സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് രണ്ട് വിസിമാരെ ഗവര്‍ണര്‍ പുറത്താക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ശുദ്ധീകരിക്കുന്നതിന് ഇത്തരം കൂടുതല്‍ നടപടികള്‍ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: