അമൃത്സര്‍: കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുന്ന രാവി നദിയിലെ ഷാപൂര്‍ അണക്കെട്ട് യാഥാര്‍ത്ഥ്യമാകുന്നു. അണക്കെട്ടിന്റെ പണി 98 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പദ്ധതിയാണ് മോദി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുന്നത്.
പഞ്ചാബിന്റെയും ജമ്മുകശ്മീരിന്റെയും അതിര്‍ത്തിയിലായി 55.5 മീറ്റര്‍ ഉയരത്തില്‍ റിവര്‍ വാലി പ്രോജക്ടിന്റെ ഭാഗമായാണ് അണക്കെട്ട് നിര്‍മിക്കുന്നത്. രഞ്ജിത് സാഗര്‍ അണക്കെട്ടിന്റെ 11 കിലോമീറ്റര്‍ താഴെയാണ് ഷാപൂര്‍ ഡാം.
1979ലാണ് അണക്കെട്ട് നിര്‍മാണത്തിന് പഞ്ചാബും കശ്മീരും തമ്മില്‍ ധാരണയായത്. 1995ല്‍ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു പദ്ധതിക്ക് തറക്കല്ലിട്ടു. എന്നാല്‍ പദ്ധതി തുടര്‍ന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ 2018ല്‍ 485 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജമ്മു കശ്മീരിന് 1150 ക്യൂസെക്സ് അധിക ജലം ലഭിക്കും. പഴയ ലഖന്പൂര് അണക്കെട്ടില്‍ നിന്ന് പാകിസ്ഥാന് ലഭിച്ചിരുന്ന വെള്ളം ഇതോടെ കശ്മീരിന് ലഭിക്കും.
പഞ്ചാബിലെ കത്വ, സാംബ എന്നീ ജില്ലകള്‍ക്കാണ് അണക്കെട്ടിലൂടെ പ്രയോജനമുണ്ടാകുന്നത്. ഒപ്പം രാജസ്ഥാനും ഫലമുണ്ടാകും. ഇതിലൂടെ ഈ സംസ്ഥാനങ്ങളില്‍ സാമ്പത്തിക നേട്ടവുമുണ്ടാകും. ഷാപൂര്‍ അണക്കെട്ടില്‍ നിന്ന് 206 മെഗാവാട്ട് വെദ്യുതിയാണ് ഉത്പാദിപ്പിക്കുക. ഇതിന്റെ 20 ശതമാനം ജമ്മുകശ്മീരിനാണ്.
അതേസമയം പദ്ധതി നടപ്പിലാകുന്നതോടെ രാവി നദിയില്‍ നിന്ന് പാകിസ്ഥാനിലേക്ക് വെള്ളം ഒഴുക്കിയിരുന്നത് തടസപ്പെടും. ഭാരതത്തിന് അവകാശപ്പെട്ട രാവിയില്‍ നിന്ന് സിന്ധു നദീജല കരാറിന്റെ പേരില്‍ പാകിസ്ഥാന് പതിറ്റാണ്ടുകളായി വെള്ളം കൊണ്ടുപോകുകയായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഭാരതവും പാകിസ്ഥാനും തമ്മില്‍ 1960ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാക് പ്രസിഡന്റ് അയൂബ്ഖാനും ഒപ്പുവെച്ച സിന്ധു നദീജല കരാറും അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: