നെടുമങ്ങാട്: കൃഷിയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ ഇല്ലാത്തതാണ് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കാത്തതിന്റെ കാരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നെടുമങ്ങാട് സംരംഭകസംഗമവും വായ്പാ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാര്‍ഷികമേഖല വലിയ വെല്ലുവിളി നേരിടുകയാണ്. വന്യജീവി ആക്രമണം ഉത്പാദനത്തെ സാരമായി ബാധിച്ചു.
വിളകള്‍ കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും തട്ടിയെടുക്കുകയാണെങ്കില്‍ എങ്ങനെ കാര്‍ഷിക സംരംഭങ്ങള്‍ സാധ്യമാവുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കേന്ദ്രം നിര്‍ദേശിച്ച നടപടികള്‍ കൈക്കൊണ്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ കേരളം നേരിടുന്ന വന്യജീവി ആക്രമണ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകനെ സ്വയം പര്യാപ്തനാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. സംരഭകത്വത്തിലൂടെ കര്‍ഷക കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘സഹസ്രദളം’ കേരളത്തിനാകെ മാതൃകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക ഉത്പാദക കമ്പനികള്‍ ഒത്തുചേര്‍ന്നാണ് ‘സഹസ്രദളം, 2024’ എന്ന പേരില്‍ ആയിരം സംരംഭങ്ങള്‍ക്ക് തുടക്കംകുറിച്ചത്. കര്‍ഷക കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എഐഎഫ്, പിഎംഎഫ്എംഇ, പിഎംഇജിപി, കാര്‍ഷിക വായ്പ തുടങ്ങിയ പദ്ധതികള്‍ വഴി യൂക്കോ, കാനറാ, ബാങ്ക് ഓഫ് ബറോഡ എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ആദ്യഘട്ടം ആരംഭിക്കുന്ന 348 സംരംഭങ്ങള്‍ വഴി 15 കോടി രൂപ വായ്പ അനുവദിച്ചു. ഭാരത സര്‍ക്കാരിന്റെ എസ്എഫ്എസി, നബാര്‍ഡ് എന്നിവയുടെ കീഴിലെ 11 കാര്‍ഷിക ഉത്പാദക കമ്പനികളാണ് പദ്ധതികള്‍ ആരംഭിക്കുന്നത്.
സിസ്സാ വൈസ് പ്രസിഡന്റ് ഡോ. സി.എസ്. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ്‌കുമാര്‍ മുഖ്യപ്രഭാക്ഷണം നടത്തി. കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ചേതന്‍ എച്ച്.എന്‍., യൂക്കോ ബാങ്ക് അഗ്രി ഹെഡ് രാജീവ് പി.എ., ബാങ്ക് ഓഫ് ബറോഡ മാനേജര്‍ അനുജയകുമാര്‍, രേഷ്മ എന്നിവര്‍ വായ്പാ അനുമത്രി പത്രം നല്‍കി.
കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജി. ബൈജു, മിത്രാനികേതന്‍ കൃഷി വിജ്ഞാന കേന്ദ്രം ടെക്‌നിക്കല്‍ ഹെഡ് ചിത്ര, നാഷണല്‍ ട്രെയിനര്‍ ഡോ. പ്രകാശ് ആര്‍., ഗ്രാമസമൃദ്ധി എഫ്പിഒ ചെയര്‍മാന്‍ രാമചന്ദ്രന്‍ നായര്‍, കോയിക്കല്‍ നാട് എഫ്പിഒ ചെയര്‍മാന്‍ രാജേഷ് വി., സിസ്സ ഡയറക്ടര്‍ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: