ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അഥവാ സിബിഎസ്ഇ, സംസ്ഥാന ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ഓപ്പൺ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്കും മെഡിക്കൽ യുജി പ്രവേശന പരീക്ഷയായ നീറ്റ് എഴുതാമെന്ന് സുപ്രീംകോടതി. 1997-ലെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ റെഗുലേഷൻസ് ഓൺ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ഈ വിഭാഗത്തിൽ പത്ത്, പ്ലസ്ടൂ കഴിഞ്ഞ വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്നും വിലക്കിയിരുന്നു.
2018-ൽ ഡൽഹി ഹൈക്കോടതി ഈ വ്യവസ്ഥ റദ്ദാക്കിയിരുന്നു. തുടർന്ന് ഇതിനെതിരെ മെഡിക്കൽ കൗൺസിൽ സമർപ്പിച്ച അപ്പീലിലാണ് സുപ്രീകോടതി ഇടപെടൽ. സാമ്പത്തിക ബുദ്ധിമുട്ടുകളും സാമൂഹിക കാരണങ്ങളും മൂലം റെഗുലർ സ്‌കൂളുകളിൽ ചേരാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പരീക്ഷയിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ നീറ്റിന് അർഹരല്ലെന്നുള്ള മെഡിക്കൽ കൗൺസിലിന്റെ അനുമാനം ഭരണഘടനാ ധാർമികതയ്‌ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദർ ശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: