ന്യൂദൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ രാജ്യത്തുടനീളമുള്ള സ്ത്രീശക്തികൾക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. നാരീശക്തികളുടെ കഴിവിൽ രാജ്യത്തിന് അഭിമാനമുണ്ടെന്നും അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം രാജ്യത്തെ വനിതകൾക്ക് ആശംസകൾ നേർന്നത്.
‘അന്താരാഷ്‌ട്ര വനിതാ ദിനാശംസകൾ! രാജ്യത്തെ നാരീശക്തികളുടെ ധൈര്യം, ശക്തി, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെ കേന്ദ്രസർക്കാർ ഏറെ അഭിമാനത്തോടെയാണ് കാണുന്നത്. നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.
വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തിന്റെ വികസന യാത്രയിൽ നമ്മുടെ നാരീശക്തി വഹിച്ച പങ്ക് ചെറുതല്ല. വരും കാലങ്ങളിലും സ്ത്രീകളെ മുൻനിരയിൽ നിർത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ തുടരും.’ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രിക്ക് പുറമെ രാഷ്‌ട്രപതി ദ്രൗപദി മുർമു അന്താരാഷ്‌ട്ര വനിതാ ദിന ആശംസകൾ നേർന്നു. രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് വളരെയധികം വിലമതിക്കുന്നതാണെന്ന് പറഞ്ഞ രാഷ്‌ട്രപതി, ഇന്ന് ആഘോഷിക്കേണ്ട ദിനമാണെന്നും പറഞ്ഞു. എക്‌സിലൂടെയാണ് രാഷ്‌ട്രപതി ആശംസകൾ നേർന്നത്. വനിതാ ദിനാശംസകൾ! രാജ്യത്തെ നാരീ ശക്തികൾക്ക് ആഘോഷിക്കാനുള്ള അവസരമാണിത്. സ്ത്രീകളുടെ പുരോഗതിയിലൂടെയാണ് ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്നത്.
കായിക രംഗം മുതൽ ശാസ്ത്ര രംഗം വരെയുള്ള എല്ലാമേഖലകളിലും സ്ത്രീകൾ രാജ്യത്തിന് അഭിമാനമാകുന്നു. അവർക്ക് നേരിടേണ്ടി വരുന്ന അവഗണനകൾ ഇല്ലാതാക്കാനും സ്വപ്‌നങ്ങൾക്ക് ചിറകുപകരാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, കാരണം നാളെത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നത് അവരാണ്.- രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: