തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. 150 പേര്‍ക്ക് സ്ലോട്ട് നല്കിയിരുന്നു. ടെസ്റ്റിനായി എത്തിയപ്പോള്‍ അമ്പതു പേര്‍ക്ക് മാത്രമെ ടെസ്റ്റ് നടത്താന്‍ സാധിക്കൂ എന്ന് എംവിമാര്‍ പറഞ്ഞതോടെ പ്രതിഷേധം ഉടലെടുത്തു. മെയ് ഒന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പരീക്ഷണമെന്ന നിലയിലാണ് ടെസ്റ്റുകളുടെ എണ്ണം നിയന്ത്രിച്ചത്. എന്നാല്‍ വിവരം അപേക്ഷകരെ അറിയിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍, മുക്കം, കാസര്‍കോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധം കനത്തു.
കോഴിക്കോട് മുക്കത്ത് ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. പലയിടങ്ങളിലും പോലീസെത്തി പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു. മെയില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നിലവില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. സാധാരണ നിലയില്‍ 100 മുതല്‍ 180 വരെയുള്ള പേര്‍ക്ക് ഒരുദിവസത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താറുണ്ട്.
ഇത് 50 ആയി ചുരുങ്ങുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. വിവാദമായപ്പോള്‍ മന്ത്രി പറഞ്ഞിട്ടാണ് നടപടിയെന്ന് ഉദ്യോഗസ്ഥരും, എന്നാല്‍ രഹസ്യമായി എടുത്ത നിര്‍ദേശം പുറത്ത് പറഞ്ഞ് ഉദ്യോഗസ്ഥരാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് മന്ത്രിയും പറഞ്ഞു. ഇന്നലെ സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്കെല്ലാം ടെസ്റ്റില്‍ പങ്കെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. അടുത്ത ടെസ്റ്റ് ദിവസങ്ങളിലെ തീരുമാനം സംബന്ധിച്ച് വ്യക്തതയില്ല.
ഇത് ഡ്രൈവിങ് ലൈസന്‍സ് അല്ല, ആളുകളെ കൊല്ലാനുള്ള ലൈസന്‍സാണെന്ന് ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്‌ക്കുമെന്നത് നിര്‍ദേശം മാത്രമായിരുന്നു, ഉത്തരവല്ലായിരുന്നു. അത് ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രശ്‌നമാക്കി മാറ്റി, മാധ്യമങ്ങള്‍ക്കും വാര്‍ത്ത ചോര്‍ത്തി നല്കി. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: