കൊച്ചി: കേരളത്തിലെ ഇടത് ഭരണത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നും എസ്എഫ്ഐക്കാരെ പേടിച്ച് മക്കളെ കോളജില്‍ വിടാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും മറിയക്കുട്ടിയമ്മ.
അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ബിഎംഎസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാധാരണക്കാര്‍ക്ക് ഏഴ് മാസമായി പെന്ഷന് നല്കാന് കഴിയുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും സാധിക്കുന്നില്ല. സമ്പൂര്‍ണപരാജയമായി പിണറായി വിജയന് സര്‍ക്കാര്‍ മാറിയെന്നും കേരളത്തില്‍ ഇടത് സര്‍ക്കാര്‍ വന്നതില്‍ പിന്നെ അക്രമം മാത്രമാണ് അരങ്ങേറുന്നതെന്നും മറിയക്കുട്ടിയമ്മ പറഞ്ഞു.
സ്ത്രീശാക്തീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്ന വിവിധ പദ്ധതികളെകുറിച്ച് വോക്കല്‍ ഫോര്‍ ലോക്കല്‍ എന്റര്‍പ്രണേഴ്സ് ഫോറം ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍പേഴ്സണ്‍ സി.വി. സജിനി സംസാരിച്ചു. സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ അക്ഷയ ആശുപത്രി ചീഫ് ഗൈനക്കോളജിസ്റ്റും സയന്റിഫിക് ഡയറക്ടറുമായ ഡോ. ശശികല വി. പ്രഭുവും ഡോ. അക്ഷയ് വി. പ്രഭുവും സംസാരിച്ചു.
ബിഎംഎസ് സംസ്ഥാന സെക്രട്ടറി ദേവു ഉണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് ഷൈല മോഹന്‍, ജില്ല ജോയിന്റ് സെക്രട്ടറി സംഗീത രമേശ്, അങ്കണവാടി യൂണിയന് ജില്ലാ സെക്രട്ടറി കെ.സി. സിന്ധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: