സൗരാഷ്ട്രേ സോമനാഥം ച
ശ്രീശൈലേ മല്ലികാര്‍ജ്ജുനം
ഉജ്ജയിന്യാം മഹാകാലം
ഓംകാരം അമലേശ്വരം
പരല്യാം വൈദ്യനാഥം ച
ഡാകിന്യം ഭീമശങ്കരം
സേതുബന്ധേ തു രാമേശം
നാഗേശം ദാരുകാവനേ
വാരാണസ്യാം തു വിശ്വേശം
ത്ര്യംബകം ഗോമതീതടേ
ഹിമാലയേ തു കേദാരം
ഘുശ്മേശം ച ശിവാലയേ
ഏതാനി ജ്യോതിര്ലിംഗാനി
സായംപ്രാതഃ പതേന്നരഃ
സപ്തജന്മ കൃതം പാപം
സ്മരണേന വിനശ്യതി
ശിവരാത്രി നാളില്‍ ശിവ പ്രീതിയ്ക്കായി ദ്വാദശ ശിവലിംഗ നാമം ജപിക്കുന്നതും സ്മരിക്കുന്നതും ജന്മാന്തര പാപ നാശിനിയാണെന്ന് പൂര്‍വികര്‍ ഈ ശ്ലോകത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതത്തിലെ നാല് ദിക്കുകളിലായി പ്രതിഷ്ഠിച്ചിട്ടുള്ള പ്രധാനപ്പെട്ടതും സവിശേഷതയുള്ളതുമായ പന്ത്രണ്ട് ശിവക്ഷേത്രങ്ങള്‍ ദര്‍ശിക്കാന്‍ നമഃശിവായ മന്ത്രം ജപിക്കുന്ന അപൂര്‍വം ഭക്തര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. എങ്കിലും ശിവഭക്തര്‍ ശിവലിംഗപൂജയിലും നാമജപത്തിലും ഭഗവാന്റെ അനുഗ്രഹം നേടിക്കൊണ്ടിരിക്കുന്നു. ഭഗവാന് അവരെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല.
പ്രപഞ്ചം ഇരുളില്‍ കഴിഞ്ഞിരുന്ന കാലത്ത് സത്തിന് നിറമോ, രൂപമോ, ഭാവമോ ഉണ്ടായിരുന്നില്ല. വലുതെന്നോ ചെറുതെന്നോ പറയുവാന്‍ കഴിയുമായിരുന്നില്ല. സത്ത് ഉണ്ടെന്ന അവസ്ഥയെ സൂചിപ്പിച്ചിരുന്നു. ബ്രഹ്മത്തിന്റെ ഇച്ഛാശയ രൂപമായ ശക്തിയില്‍ ജ്യോതിര്‍ലിംഗം ബ്രഹ്മാണ്ഡം എന്ന പേരില്‍ അറിയപ്പെട്ടു. അണ്ഡം പിളര്‍ന്ന് പരമാത്മസ്വരൂപനും, സൂക്ഷ്മസ്വരൂപനും, മഹാത്മാക്കളില്‍ മഹാനുമായ സര്വേശ്വരന് സര്‍വ ലോകങ്ങളിലും നിറഞ്ഞു നിന്നു. നാനാ വശങ്ങളിലേയ്ക്കും കണ്ണുകളും മുഖങ്ങളും കൈകാലുകളുമൊക്കെ ഉണ്ടായിരുന്നു. സകല പ്രാണികളുടേയും ഹൃദയത്തില്‍ വസിപ്പിച്ചിരുന്നു. ഈ പരബ്രഹ്മത്തെ പൂര്‍ണരൂപത്തില്‍ ആര്‍ക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. ബ്രഹ്മാണ്ഡത്തിന് ബ്രഹ്മത്തിന്റെ അണ്ഡം അഥവാ പ്രപഞ്ചോത്ഭവത്തിന്റെ മൂലമായ ഈശ്വര സ്ഥാനം എന്നാണര്‍ത്ഥം.
ദ്വാദശലിംഗ മഹാത്മ്യം
ഭാരതത്തിലെ പന്ത്രണ്ട് സ്ഥലങ്ങളില്‍ ജ്യോതിര്ലിംഗക്ഷേത്രങ്ങള് ഉണ്ട്. നാലു ദിക്കുകളിലായി ഇതു വ്യാപിച്ചുനില്ക്കുന്നു. സോമനാഥലിംഗം, ശ്രീശൈലത്തിലെ മല്ലികാര്‍ജ്ജുന ലിംഗം, ഉജ്ജയിനിയിലെ മഹാകാല ലിംഗം, നര്‍മ്മദാ തീരത്തിലെ ഓങ്കാരേശ്വര ലിംഗം, ഹിമവദ് ഗിരിയിലെ കേദാരലിംഗം, ഗോദാവരി തടത്തിലെ ത്രയംബകലിംഗം, ജാര്‍ഖണ്ഡിലെ വൈദ്യനാഥ ലിംഗം, ദാരുകവനത്തിലെ നാഗേശ്വര ലിംഗം, വാരണാസിയിലെ വിശ്വനാഥലിംഗം, ബേവാഗിരിയിലെ ഭീമശങ്കരലിംഗം, രാമേശ്വരത്തിലെ രാമേശ്വരലിംഗം, മഹാരാഷ്ട്രയ്ക്കടുത്തുള്ള ദേവഗിരിമലയിലെ കൃഷ്ണേശ്വരലിംഗം ഇതാണ് പ്രസിദ്ധമായ 12 ജ്യോതിര്‍ലിംഗങ്ങള്‍.
സോമനാഥലിംഗം: സോമനാഥലിംഗം ക്ഷേത്രം ഗുജറാത്തില്‍ അറബിക്കടലിന്റെ തീരത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. സോമനാഥനെന്നാല് ജീവാത്മാക്കള്‍ക്ക് ആത്മീയ ജ്ഞാനം എന്ന സോമരസത്തെ നല്കുന്നു എന്നാണര്‍ത്ഥം. മുക്തിക്കും ജീവന് മുക്തിക്കും ശരിയായ വഴികാട്ടിത്തരുന്നു സോമേശ്വരന്‍ എന്നാണ് വിശ്വാസം. മഹാദേവന് ചന്ദ്രന്റെ ദുഃഖം (സോമന്റെ) നശിപ്പിക്കുന്നു. ഇവിടെ ചന്ദ്രകുണ്ഡമുണ്ട്. അത് സകലപാപങ്ങളും നശിപ്പിക്കുന്നതിനാല്‍ ഇവിടെ സ്നാനം ചെയ്താല്‍ സര്‍വരോഗങ്ങളില്‍ നിന്നും മുക്തിനേടാമെന്നാണ് വിശ്വാസം.
മല്ലികാര്ജ്ജുനലിംഗം: ശ്രീ ശൈലത്തിലെ ഈ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സ്വയം തൊട്ട് വന്ദിച്ച് അഭിഷേകാരാധനകള് നടത്താം. മല്ലിക എന്ന പദത്തിന് മുല്ലപ്പൂ എന്നാണര്‍ത്ഥം. മുല്ലമലരുകളാല് പൂജിക്കപ്പെടുന്ന ഭഗവാന് എന്ന അര്‍ത്ഥത്തില്‍ മല്ലികാര്‍ജ്ജുനം എന്നു പറയുന്നു. ഓംഹ്രീം നമഃശിവായ എന്ന മൂലമന്ത്രം ചൊല്ലി ജലം,തേന്‍, വാസനലേപങ്ങള്, പനിനീര്, ഭസ്മം, ചന്ദനം എന്നിവകൊണ്ട് അഭിഷേകം നടത്തുന്നു. കൂവളപ്പൂ കൊണ്ട് അര്‍ച്ചന ചെയ്യുന്നത് പരമപൂജയായി കണക്കാക്കുന്നു. ഭക്തരുടെ ശിരസ്സാല്‍ ശിവലിംഗത്തെ തൊട്ടു കണ്ണില്‍ വച്ച് നമസ്കരിക്കുന്നത് ധൂളി ദര്‍ശനം എന്ന് പറയുന്നു. ശിവനും ശക്തിയും ചേര്‍ന്നുള്ള ശൈലസ്ഥലമാണ് ശ്രീ ശൈലം. ഇത് ആന്ധ്രയിലാണ്.
മഹാകാലേശ്വര ക്ഷേത്രം: മഹാകാലേശ്വര ക്ഷേത്രം മധ്യപ്രദേശിലാണ്. ശിപ്രാനദീ തീരത്ത് ഉജ്ജയിനിനഗരത്തില് സ്ഥിതിചെയ്യുന്നു. കലിയുഗാന്ത്യത്തില്‍ എല്ലാ ആത്മാക്കള്‍ക്കും മുക്തി കൊടുത്ത് ശാന്തിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്നതിനാലാണ് ഇവിടെ പരമേശ്വരനെ ശ്രീകാലേശ്വരന് എന്ന് വിളിക്കുന്നത്. ഭുഷ്ണനെന്ന അസുരന് ഒരിക്കല്‍ ഉജ്ജയിനിയില്‍ വന്ന് വൈദികകര്‍മ്മം നശിപ്പിച്ചു. ബ്രാഹ്മണരെ ദ്രോഹിച്ച് സകലതും നശിപ്പിച്ചു. അസരുന്റെ ശല്യം സഹിക്കവയ്യാതെ വേദപ്രിയനെന്നൊരു ബ്രാഹ്മണപുത്രന് എല്ലാ ബ്രാഹ്മണരേയും കൂട്ടി രാപ്പകല്‍ ശിവനെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി. ഭഗവാന് ഒരു ഹുങ്കാര ശബ്ദം കൊണ്ട് തന്നെ അസുരനെ ഭസ്മമാക്കി. ഭക്തരുടെ അപേക്ഷ പ്രകാരം അവരെ രക്ഷിക്കുന്നതിനായി മഹാകാലനെന്ന പേരില്‍ ജ്യോതിര്‍ലിംഗ രൂപത്തില്‍ ഭഗവാന് പ്രതിഷ്ഠിതനായി. ഇവിടത്തെ ദര്‍ശനം എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്നതാണെന്ന് വിശ്വസിക്കുന്നു. മോക്ഷപ്രാപ്തിയും കൈ വരുന്നു.
ഓങ്കാരേശ്വരലിംഗം: ഓങ്കാരേശ്വരന് സൗന്ദര്യമുള്ള സ്വയം ഭൂവാണ്. ഓങ്കാര അമലേശ്വരന്‍ എന്ന വേറൊരു പേരും ഉണ്ട്. നര്‍മ്മദാ നദിയുടെ ദ്വീപില്‍ ഈക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഓം എന്നാല്‍ ആത്മാ എന്ന മന്ത്രത്തിന്റെ സൗമ്യമായ അര്‍ത്ഥത്തെ മനസ്സിലാക്കികൊടുക്കുന്നതുകൊണ്ട് ഓങ്കാരേശ്വരനായി. ഓങ്കാരമെന്ന പ്രണവമന്ത്രത്തിന്റെ ഉല്പത്തിയും ലിംഗോല്പത്തിയും യശസ്സും വിവരിക്കുക സാധ്യമല്ല. ദൈവ കടാക്ഷംമൂലം ഇത് അനുഭവിച്ചറിയാന്‍ സാധിക്കും. ഭഗവാന്റെ നാലാമത്തെ അവതാരമാണിത്. വിന്ധ്യാഗിരി ഭക്തിപൂര്‍വം വിധിയനുസരിച്ച് ശിവന്റെ പാര്ത്ഥീവലിംഗം സ്ഥാപിച്ചു. ആ ലിംഗത്തില്‍ വിന്ധ്യന്റെ മനോരഥം പൂര്ണമാക്കുവാന് ഭഗവാന് പ്രത്യക്ഷനായി. ഭക്തര്‍ക്ക് ഭക്തിയും മുക്തിയും പ്രദാനം ചെയ്യാനായി ഇവിടെ ശിവന് രണ്ടുരൂപത്തില്‍ വിഭജിക്കപ്പെട്ടു. ഓങ്കാരത്തില്‍ ഓങ്കാരേശ്വരനെന്നും ഉത്തമലിംഗരൂപത്തില് രണ്ടാത്തേത് പാര്‍ത്ഥിവലിംഗം പരമേശ്വരന് എന്ന പേരിലും പൂജിച്ചു. ഇവയില്‍ ഏത് ലിംഗത്തെ ദര്‍ശിച്ചാലും
പൂജിച്ചാലും ഭക്തരുടെ ഏത് ആഗ്രഹലും പൂര്‍ണമാകുമെന്ന് വിശ്വസിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: