മലപ്പുറം: മുസ്ലിംലീഗിന് എന്‍.ഡി.എയില്‍ ചേരാന്‍ ഉചിതമായ സമയമാണിപ്പോഴെന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വി.സിയുമായ ഡോ. എം. അബ്ദുള്‍ സലാം. മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലവിഷയങ്ങളിലും പാണക്കാട് തങ്ങളുടെ കൂടെയാണ് താന്‍. ബാബറി മസ്ജിദ് വിഷയത്തില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ അന്നത്തെ തങ്ങള്‍ എടുത്ത നിലപാട് അഭിനന്ദനാര്‍ഹമാണെന്നും ഡോ. എം. അബ്ദുള്‍ സലാം പറഞ്ഞു.
മുസ്ലിങ്ങളെ ഇനിയും രാമക്ഷേത്ര വിഷയത്തില്‍ കെട്ടിയിടരുത് എന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. തന്നെ വി.സി.യാക്കിയതില്‍ മുസ്ലിം ലീഗിനോട് നന്ദിയുണ്ട്.എന്നാല്‍ ബിജെപിയെ ഇപ്പോഴും ഒരു മുസ്ലിംവിരുദ്ധ പാര്‍ട്ടിയായി മുദ്രകുത്തുന്നത് ശരിയല്ലെന്നും ഡോ. അബ്ദുസലാം പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ അഞ്ചുകോടി മുസ്ലിങ്ങളുണ്ടെന്നും അവര്‍ സംതൃപ്തരാണെന്നും ഡോ അബ്ദുള്‍ സലാം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിക്ക് ലഭിച്ച പതിമൂന്നിലേറെ അന്തര്‍ദേശീയ ബഹുമതികളില്‍ ഏഴെണ്ണവും മുസ്ലിം രാജ്യങ്ങളില്‍നിന്നാണ്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നിര്‍ത്തിയതല്ല, ഇരട്ടിപ്പുവരാതിരിക്കാന്‍ പേരുമാറ്റി പുതിയത് കൊണ്ടുവരും. ബിജെപിക്കെതിരെ നുണക്കഥകള്‍ മെനയുകയാണ് ഒരുകൂട്ടം രാഷ്ട്രീയക്കാര്‍.
മലപ്പുറത്തിന്റെ സമഗ്രവികസനത്തിന് തനിക്ക് പ്രത്യേക പദ്ധതിതന്നെയുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, ദേശീയ സമിതിയംഗം സി. വാസുദേവന്‍, സംസ്ഥാനസമിതിയംഗം കെ. രാമചന്ദ്രന്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റെ സത്താര്‍ ഹാജി, എം. പ്രേമന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: