തൃശൂര്‍ : ഗുരൂവായൂര്‍ ദേവസ്വം ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ദേവസ്വം നികുതിവെട്ടിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ദേവസ്വം ബോര്‍ഡില്‍ വരുമാനത്തെ കുറിച്ച് കൃത്യമായ കണക്കുകളിലെന്നും 2018-19 വര്‍ഷത്തില്‍ ഓഡിറ്റ് നടന്നിട്ടില്ലെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.
നോട്ടീസ് അയച്ചിട്ടും ദേവസ്വം അത് അവഗണിച്ചെന്നും അധികൃതര്‍ പറയുന്നു. അതേസമയം ക്ഷേത്രത്തിലെ വെള്ളി ഉരുപ്പടികള്‍ സ്വര്‍ണ്ണമാക്കി മാറ്റുന്നതിലും ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച കിലോ കണക്കിനുള്ള വെള്ളി, സ്വര്‍ണമാക്കി മാറ്റാനായി ഹെദരാബാദിലുള്ള നാണയ നിര്‍മ്മാണശാലയുമായി ഗുരുവായൂര്‍ ദേവസ്വം കരാര്‍ ഒപ്പുവച്ചിരുന്നു.
വര്‍ഷങ്ങളായി ലഭിച്ച വെള്ളി ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹൈദരാബാദില്‍ വെള്ളി കട്ടികളായി മാറ്റുന്ന ഇവ പിന്നീട് തത്തുല്യ തുകയ്ക്കുള്ള സ്വര്‍ണക്കട്ടികള്‍ വാങ്ങുമെന്നായിരുന്നു കരാര്‍. തുടര്‍ന്ന്, മുംബൈയിലെ എസ്.ബി.ഐ ശാഖയില്‍ അവ നിക്ഷേപിക്കാനായിരുന്നു തീരുമാനം. ഈ ഇടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന.
നേരത്തെ, ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ ആഭരണങ്ങളും വസ്തുക്കളും ഇത്തരത്തില്‍ സ്വര്‍ണക്കട്ടികളാക്കി ബാങ്കില്‍ നിക്ഷേപിച്ചത് വഴി ആറ് കോടി രൂപ പലിശയിനത്തില്‍ മാത്രം ഗുരുവായൂര്‍ ക്ഷേത്രം നേടിയിരുന്നു. ഈ ഇടപാടുകളും ആദായ നികുതി വകുപ്പ് പരിശോധിച്ചുവെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: