ത്യശൂര്‍: രണ്ട് വര്‍ഷത്തിനകം കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കും. ഇത് സുരേഷ് ഗോപിയുടെ ഉറപ്പ്. കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി തന്നെ കാണാനെത്തിയ അത്‌ലറ്റുകളോടാണ് ഇക്കാര്യം അറിയിച്ചത്.
സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതിനാല്‍ പരിശീലനം നടത്താന്‍ കഴിയുന്നില്ലെന്ന് അത്‌ലറ്റുകള്‍ പരാതി പറഞ്ഞു. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് അനുവദിക്കാമെന്ന് ഇന്ത്യ ഒളിപിക് അസോസിയേഷന്‍ പ്രസിഡന്റും എംപിയുമായ പി.ടി.ഉഷ വാഗ്ദാനം നല്‍കിയിരുന്നു. അന്താരാഷ്‌ട്ര നിലവാരമുളള സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന് ഒമ്പത് കോടി രൂപ അനുവദിക്കാനും തയ്യാറായിരുന്നു. അവസാന നിമിഷം സമ്മതപത്രം ഒപ്പിടുന്നതില്‍ നിന്ന് കോര്‍പറേഷന്‍ ഒഴിഞ്ഞുമാറി. ഇതോടെ അത്‌ലറ്റുകളുടെ ചിരകാല സ്വപ്‌നമായ സിന്തറ്റിക് ട്രാക്ക് യാഥാര്‍ഥ്യമാകാതെ പോയി.
ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ് ഒഴിച്ച് മറ്റ് പരിപാടികള്‍ നടത്തരുതെന്നും ഭാവിയില്‍ കായിക മീറ്റുകള്‍ നടത്തണമെങ്കില്‍ ഖേലോ ഇന്ത്യ അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയാണ് കരാറില്‍ നിന്ന് ഒപ്പിടുന്നതില്‍ നിന്ന് മേയറെ പിന്‍തിരിപ്പിച്ചതെന്ന് കരുതന്നു. ഗ്രൗണ്ടില്‍ പ്രാക്ടീസ് നടത്തുന്ന യുവ അത്‌ലറ്റുകള്‍ തങ്ങളുടെ പ്രയാസവും അസൗകര്യങ്ങളും സുരേഷ് ഗോപിയോട് വിവരിച്ചു. എന്ത് വന്നാലും രണ്ട് വര്‍ഷത്തിനകം സിന്തറ്റിക് ട്രാക്ക് യാഥാര്‍ഥ്യമാകും, പി.ടി. ഉഷ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഫണ്ട് അതിനായി പ്രയോജനപ്പെടുത്തുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.
ഗ്രൗണ്ടില്‍ അതിരാവിലെ എത്തിയ താരത്തെ കാണാനും സംസാരിക്കാനുമായി അത്‌ലറ്റുകളും വാക്കേഴ്‌സ് ക്ലബ് അംഗങ്ങളും ഒപ്പം കൂടി. മുന്‍ ദേശീയ അത്‌ലറ്റ് ആന്റോ പി.വിയുമായും അദ്ദേഹം സംസാരിച്ചു. കായിക താരങ്ങളുടെ പരിശീലനത്തെയും അവര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും സുരേഷ്‌ഗോപി ആന്റോയോട് ചോദിച്ച് മനസ്സിലാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: