തിരുവനന്തപുരം: നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ ഗുണ്ടായിസം വീണ്ടും. നഗരസഭയുടെ തിരുവല്ലം സോണല്‍ ഓഫീസില്‍ കയറി ചാര്‍ജ് ഓഫീസറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവും പുഞ്ചക്കരി വാര്‍ഡ് കൗണ്‍സിലര്‍ ശിവന്‍കുട്ടിയും മറ്റൊരാളും കൂടി തിരുവല്ലം സോണല്‍ ഓഫീസില്‍ എത്തി. പി.കെ. രാജുവിന്റെ പാര്‍ട്ടിക്കാരനായ ഒരു വ്യക്തിയുടെ ഓണര്‍ഷിപ്പ് ചെയ്ഞ്ചിന്റെ ഫയല്‍, ചാര്‍ജ് ഓഫീസറായ അന്‍വര്‍ ഹുസൈനോട് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഡിസംബറില്‍ ഓണര്‍ഷിപ്പ് ചെയ്ഞ്ചിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. അപേക്ഷകന്റെ പേര് മാറിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനുവരിയില്‍ കെ. സ്മാര്‍ട്ട് നടപ്പിലാക്കുകയും ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പേരുമാറ്റം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നില്ല. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുളളൂ. എന്നാല്‍ അന്‍വര്‍ ഹുസൈന് മനഃപൂര്‍വം ഫയല്‍ പൂഴ്ത്തിവച്ച് കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ചാണ് ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു അസഭ്യവര്‍ഷത്തോടെ അന്‍വര്‍ ഹുസൈനെ ചെകിടത്ത് അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. മര്‍ദനമേറ്റ ഉദ്യോഗസ്ഥന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
വാസ്തവത്തില്‍ പി.കെ. രാജുവിനറിയാം സാങ്കേതിക പ്രശ്നമാണ് ഓണ്‍ലൈനിലേക്ക് ഡാറ്റ കൈമാറ്റം ചെയ്യാന്‍ സാധിക്കാതിരുന്നത് എന്ന്. എന്നാല്‍ ചാര്‍ജ് ഓഫീസറായ അന്‍വര്‍ ഹുസൈനോടുള്ള പൂര്‍വവൈരാഗ്യമാണ് പി.കെ. രാജു തീര്‍ത്തത്. വെള്ളാര്‍ വാര്‍ഡിലെ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അന്‍വര്‍ ഹുസൈന് എന്ന ഉദ്യോഗസ്ഥനെ ഡെപ്യൂട്ടി മേയറുടെ കണ്ണിലെ കരടാക്കിയത്. സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെന്നാണ് തിരുവല്ലം സോണല്‍ ഓഫീസിലെ ചാര്‍ജ് ഓഫീസറായ അന്‍വര്‍ ഹുസൈന് അറിയപ്പെടുന്നത്.
വെള്ളാര്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് അന്‍വര്‍ ഹുസൈന് തടഞ്ഞിരുന്നു. അന്നും ഡെപ്യൂട്ടി മേയര്‍ ഈ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അന്‍വര്‍ ഹുസൈന് തിരുവല്ലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: