കൊച്ചി: ഇന്ത്യന്‍ നാവികസേനയ്ക്ക് വര്‍ധിത വീര്യവുമായി എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും. കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയില്‍ രാജ്യത്തെ ആദ്യ എംഎച്ച് 60 സ്ക്വാഡ്രന്‍ ഹെലികോപ്പ്റ്ററുകള്‍ കമ്മീഷന് ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്മീഷന് ചെയ്തത്. എംഎച്ച് 60 ആര് ഹെലികോപ്റ്റര്‍ ലോകത്തിലെ ശക്തമായ മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകളിലൊന്നാണെന് നാവികസേന മേധാവി അഡ്മിറല്‍ ആര് ഹരികുമാര്‍ പറഞ്ഞു.
ആദ്യ സ്ക്വാഡ്രന്‍ ദക്ഷിണ നാവിക കമാന്‍ഡിന് കീഴിലാണ് അമേരിക്കന്‍ നിര്‍മ്മിത സീ ഹോക്ക് ഹെലികോപ്റ്ററുകളുടെ വിന്യസിക്കുന്നത്. ഒരു സ്ക്വാഡ്രനില്‍ ആറ് ഹെലികോപ്റ്ററുകളാണ് ഉള്‍പ്പെടുന്നത്. നാവികസേനയുടെ ചരിത്രപരമായ കമ്മീഷനിങ് ചടങ്ങിന് ശേഷം എംഎച്ച് 60 ആര് ഹെലികോപ്റ്ററുകളെ പരമ്പരാഗത വാട്ടര്‍ കാനോന്‍ സല്യൂട്ട് നല്കി സ്വീകരിച്ചു. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫഌഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വി എഡ്എം സഞ്ജയ് ജെ സിങ്, നാവികസേന ഡെപ്യൂട്ടി ചീഫ് വി എഡിഎം തരുണ്‍ സോബ്തി, നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ വിഎഡിഎം എഎന്‍ പ്രമോദ്, മറ്റ് ഫഌഗ് ഓഫീസര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ നാവികസേനയുടെ കരുത്തായാണ് ഫോറിന് മിലിറ്ററി സെയില്‍സ് പദ്ധതിയുടെ ഭാഗമായി യുഎ സില് നിന്ന് ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളില്‍ ആറണ്ണെം ദക്ഷിണ നാവികസേനയുടെ ഭാഗമായത്. 2020 ഫെബ്രുവരിയിലാണ് അമേരിക്കയുമായി എംഎച്ച് 60 ആര് സീഹോക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത്.
രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്ന ശത്രു രാജ്യത്തിന്റെ അന്തര്‍വാഹിനികളെ മിനിറ്റുകള്‍ക്കകം നശിപ്പിക്കാന്‍ ഈ ഹെലികോപ്റ്ററിന് കഴിയും. അതേ സമയം ശത്രു താവളത്തില്‍ കടന്നു ചെന്ന് ആക്രമണം നടത്തി ഒരു പോറലും ഏല്ക്കാതെ മടങ്ങിയെത്താനും ഈ ഹെലികോപ്റ്ററിന് കഴിയും. സമുദ്രോപരിതലത്തിലെ ശത്രു രാജ്യത്തിന്റെ കപ്പലുകളെ പോലെ കടലിനടിയില്‍ മറഞ്ഞിരിക്കുന്ന അന്തര്‍ വാഹിനികളെയും തിരിച്ചറിഞ്ഞ് ആക്രമിക്കാന്‍ മിനിറ്റുകള്‍ മാത്രം മതിയെന്നതാണ് എംഎച്ച് 60 ആര് സീഹോക്ക് ഹെലികോപ്റ്ററുകളുടെ ഏറ്റവും വലിയ പ്രത്യേകത.
ഉപയോഗക്ഷമതയുടെ വ്യാപ്തി കാരണമാണ് എംഎച്ച് 60 ആര് സീഹോക്ക് ഹെലികോപ്റ്ററിനെ മള്‍ട്ടിറോള്‍ ഹെലികോപ്റ്റര്‍ എന്ന് വിളിക്കുന്നത്. അന്തര്‍വാഹിനികള്‍ക്കെതിരായ ആക്രമണം, ശത്രുക്കളുടെ യുദ്ധക്കപ്പലുകള്‍ക്കെതിരായ ആക്രമണം, സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഓപ്പറേഷന്, ലോജിസ്റ്റിക് സപ്പോര്‍ട്ട്, വ്യക്തിഗത കൈമാറ്റം, മെഡിക്കല്‍ ഒഴിപ്പിക്കല്‍ എന്നിവയ്ക്ക് ഹെലികോപ്റ്ററിന് കഴിയും. ഇതുകൂടാതെ ആകാശ കേന്ദ്രീകൃതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇലക്ട്രോണിക് യുദ്ധത്തിനും ഈ ഹെലികോപ്റ്ററിന് കഴിയും. മടക്കാവുന്ന റോട്ടറുകളും വാലും ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകതയാണ്.
പ്രതിരോധ രംഗത്തും യുദ്ധമുഖത്തും ഒരുപോലെ ഫലപ്രദമാണ് എംഎച്ച് 60 ആ സീഹോക്ക് മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍. ഷാഫ്, ഫ്ലെയര്‍ എന്നിവ അന്തരീക്ഷത്തിലേക്ക് തുടരെ വര്‍ഷിച്ച് ശത്രുവിന്റെ റഡാറുകളെയും മിസൈലുളെയും കബളിപ്പിച്ച് സ്വയരക്ഷയ്ക്കുള്ള തന്ത്രവും എംഎച്ച് 60 ആറില്‍ ഉണ്ട്. ശത്രുവിനെ നശിപ്പിക്കാന്‍ 38 ലേസര്‍ ഗൈഡഡ് റോക്കറ്റുകളും, നാല് എംകെ 54 ടോര്‍പിഡോകളും, യന്ത്രത്തോക്കുകളും, തദ്ദേശ നിര്‍മിത അണ്ടര്‍ വാട്ടര്‍ ബോംബുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഹെലികോപ്റ്ററിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: