കൊച്ചി: കാമ്പസുകളില്‍ നടക്കുന്ന ഇടതു ഭീകരതയുടെ അവസാനത്തെ ഉദാഹരണമാണ് പൂക്കോട്ട് വെറ്ററിനറി സര്‍വകലാശാലയില്‍ നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് (യുവിഎഎസ്).
സമാധാനപരമായി അധ്യയനം നടക്കേണ്ട കലാലയങ്ങളില്‍ എസ്എഫ്ഐ ഗുണ്ടകളുടെ താലിബാന് മോഡല്‍ ഭീകര വിളയാട്ടമാണ് നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ താലിബാന് തീവ്രവാദികളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് പൂക്കോട്ട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥനെ എസ്എഫ്ഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. കോളജ് അധികാരികളും ഇടത് അധ്യാപക സംഘടനകളും നല്കുന്ന പിന്തുണയും സംരക്ഷണവുമാണ് കലാലയങ്ങള്‍ ഇത്തരത്തില്‍ ഇടതു കോണ്‍സട്രേഷന്‍ ക്യാമ്പുകള്‍ ആയി മാറാന്‍ കാരണമായതെന്നും യുവിഎഎസ് ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന ആഭ്യന്തര വകുപ്പ് എസ്എഫ്ഐ ഗുണ്ടകള്‍ക്ക് തീറെഴുതി കൊടുത്തു നടത്തുന്ന ഈ നരനായാട്ട് സാധാരണക്കാരായ രക്ഷിതാക്കളില്‍ അരക്ഷിതാവസ്ഥയും ആശങ്കയും ഉണ്ടാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടതു സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും പൊതുജനങ്ങളില്‍ നിന്നു മറയ്ക്കാന്‍ എസ്എഫ്ഐ ഗുണ്ടകളെ ഗവര്‍ണര്‍ക്കെതിരെ തെരുവിലെത്തിച്ചത് മുഖ്യമന്ത്രിയാണ്. കേരളം ഭരിക്കുന്നവരും അവരുടെ ആജ്ഞാനുവര്‍ത്തികളായ സര്‍വകലാശാല അധികാരികളും നല്കിയ പിന്തുണ സിദ്ധാര്‍ത്ഥന്റെ പൈശാചിക കൊലപാതകത്തിനു പിന്നില്‍ ഉണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ റാഗിങ്, സ്ത്രീ പീഡന കേസ് തുടങ്ങിയ വ്യാജ പരാതികള്‍ കൊടുത്തു ഭീഷണിപെടുത്തി കേസ് പിന്‍വലിക്കാനും അട്ടിമറിക്കാനും അത് വഴി കൊലപാതകികളെ രക്ഷിക്കാനും വേണ്ടി അധികാരികളുടെ സഹായത്തോടെ എസ്എഫ്ഐ നടത്തുന്നു.
ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന അട്ടിമറി ശ്രമങ്ങള്‍ക്കു തടയിടാനുള്ള സമയോചിതമായ ഇടപെടലാണ് വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്യുക വഴി ഗവര്‍ണര്‍ കൈകൊണ്ടത്. ഗവര്‍ണറുടെ നടപടിയെ ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം പിന്തുണക്കുന്നതായി പ്രസിഡന്റ് ഡോ. സി.പി. സതീഷ്, ജനറല്‍ സെക്രട്ടറി ഡോ: എസ് സുധീഷ്, മീഡിയ സെല്‍ കണ്‍വിനര്‍ ഡോ:പി.പി. ബിനു എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സിദ്ധാര്‍ത്ഥന്റെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണം. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. യുജിസി പോലുള്ള കേന്ദ്രസ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: