കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട, പാല് വിതരണത്തില്‍ ഭാഗികമായി കുറവു വരുത്തിയതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സ്കൂളുകള്‍ക്ക് നല്‍കേണ്ട ഉച്ചഭക്ഷണ ഫണ്ടില്‍നിന്ന് തുക വെട്ടിക്കുറച്ചതായി പ്രധാനാധ്യാപകരുടെ പരാതി.
കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും ഉച്ചഭക്ഷണം നല്‍കുന്നതിന് 150 കുട്ടികള്‍ വരെ എട്ടു രൂപയും 150നുമേല്‍ 500 വരെ ഏഴു രൂപയും അതില്‍ കൂടുതല്‍ എണ്ണത്തിന് ആറു രൂപയുമാണ് അനുവദിക്കുന്നത്. 2016 ലെ നിരക്കിലാണ് ഇപ്പോഴും ഫണ്ട് അനുവദിക്കുന്നത്. കമ്പോള വിലനിലവാരം അനുസരിച്ച് ഇത് വര്‍ധിപ്പിക്കണമെന്നത് പ്രധാനാധ്യാപകരുടെയും ഉച്ചഭക്ഷണ സമിതികളുടെയും ഏറെക്കാലമായുള്ള ആവശ്യമാണ്. ഫണ്ടിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്.
മുട്ട, പാല് വിതരണത്തിന് നാളിതുവരെ ബജറ്റില്‍ തുക നീക്കിവയ്ക്കുകയോ സ്കൂളുകള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ പല സ്കൂളുകളുടെയും ഉച്ചഭക്ഷണ സമിതികള്‍ ഇവയുടെ വിതരണം നിര്‍ത്തിവയ്ക്കാനോ ഭാഗികമായി നല്‍കാനോ തീരുമാനിച്ചിരുന്നു.
ഇതിന്റെ പേരില്‍ പല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും സ്കൂളുകള്‍ക്ക് അനുവദിക്കുന്ന ഉച്ചഭക്ഷണ ഫണ്ടില്‍ നിന്ന് തുക കുറവു വരുത്തിയതായാണ് പ്രധാനാധ്യാപകരുടെ പരാതി. അനുവദിക്കപ്പെടുന്ന തുക ഉച്ചഭക്ഷണ പദ്ധതിക്ക് തന്നെ തികയാത്ത സാഹചര്യത്തില്‍ മുട്ട, പാല് വിതരണത്തിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നാണ് ചോദ്യം. തുക വെട്ടിക്കുറച്ച നടപടിയില്‍ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) സംസ്ഥാന സമിതി പ്രതിഷേധിച്ചു. വെട്ടിക്കുറച്ച തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: