ബരാസത്(ബംഗാള്‍: എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ഇന്‍ഡി മുന്നണി നേതാക്കള്‍ക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബരാസതില്‍ നാരീശക്തി വന്ദന്‍ വനിതാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവരിപ്പോള്‍ എന്നെ അസഭ്യം പറയുകയാണ്. ഞാന്‍ കുടുംബാധിപത്യത്തിനെതിരെ പറയുന്നത് എനിക്ക് കുടുംബമില്ലാത്തതുകൊണ്ടാണത്രെ. നോക്കൂ… ഇവിടെ തടിച്ചുകൂടിയിരിക്കുന്ന നിങ്ങള്‍ എന്റെ കുടുംബമല്ലേ… ഞാന്‍ നിങ്ങളുടേതല്ലേ… മോദി ഇരുകൈകളും ഉയര്‍ത്തി ചോദിച്ചപ്പോള്‍ അലകടലിരമ്പം പോലെ അതേ അതേ എന്ന് ജനം ആരവം മുഴക്കി.
ഭാരതത്തിന്റെ ഈ സ്ത്രീശക്തി എനിക്ക് സംരക്ഷണമേകുമെന്ന് ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കുന്നു. ‘ഞാനും മോദിയുടെ കുടുംബം’ എന്ന് ഓരോ ഭാരതീയനും വിളിച്ചുപറയുന്നത് അവര്‍ കേള്‍ക്കട്ടെ. ഏതെങ്കിലും രാഷ്ട്രീയക്കാരന് അധിക്ഷേപിച്ചതുകൊണ്ടല്ല മോദിക്ക് എല്ലാവരും സ്വന്തം കുടുംബമാകുന്നത്. ഞാന്‍ വളരെ ചെറുപ്പത്തില്‍ വീടുപേക്ഷിച്ചവനാണ്. സംന്യാസിയെപോലെ ചുറ്റിസഞ്ചരിക്കുകയായിരുന്നു. ഞാന്‍ പണം സമ്പാദിച്ചില്ല. എന്നിട്ടും ഒരുദിവസം പോലും വെറും വയറോടെ ഞാന്‍ ഉറങ്ങിയിട്ടില്ല. പാവങ്ങളില്‍ പാവപ്പെട്ടവര്‍ അവരുടെ കൊറ്റിന്റെ ഒരു പങ്ക് എനിക്ക് തന്നിട്ടുണ്ട്. ഈ രാജ്യത്തെ ഓരോ വ്യക്തിയും എനിക്ക് കുടുംബാംഗമാകുന്നത് അങ്ങനെയാണ്. ഇത് നിങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ്. മോദിയുടെ ശരീരത്തിലെ അണുവണുതോറും ഈ കുടുംബമുണ്ട്. ഈ ജീവിതത്തിലെ ഓരോ നിമിഷവും ഈ കുടുംബത്തിന് വേണ്ടിയാണ്. മോദി ഒരു പ്രതിസന്ധി നേരിടുമ്പോള്‍ കോടാനുകോടി അമ്മമാര്‍, സോദരിമാര്‍ എനിക്ക് കവചം തീര്‍ക്കും, പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരതത്തിന്റെ കരുത്തായി ബിജെപി എങ്ങനെയാണ് നാരീശക്തിയെ വളര്ത്തിയതെന്നതിന്റെ അടയാളമാണ് ബരാസതില്‍ കടലുപോലെ നിറഞ്ഞ വനിതകളുടെ ഈ മഹാസമ്മേളനമെന്ന് മോദി ചൂണ്ടിക്കാട്ടി. ജനുവരി 9ന് രാജ്യത്താകെ ശക്തിവന്ദന്‍ കാമ്പയിന് ബിജെപി തുടക്കമിട്ടു. സംരംഭകരായിത്തീര്ന്ന ലക്ഷക്കണക്കിന് സ്ത്രീകളുമായി ആശയവിനിമയം നടത്തി. ബംഗാളിലും അത്തരം മഹാസമ്മേളനങ്ങള്‍ നടന്നു. ബംഗാളിന്റെ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണ്. ലോക്സഭയിലേക്ക് നാനൂറിലേറെ അംഗങ്ങളെ എത്തിക്കാനുള്ള മുന്നേറ്റത്തില്‍ ബംഗാളും അണിചേരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: