തൊടുപുഴ: ചൂടിനൊപ്പം പരീക്ഷാക്കാലം കൂടി ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു. 98.1823 ദശലക്ഷം യൂണിറ്റാണ് രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ വൈദ്യുതി ഉപഭോഗം.
ഇതില്‍ 77.3981 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചതാണ്. ഉപഭോഗം കൂടിയതോടെ ആഭ്യന്തര ഉത്പാദനത്തില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച 96.2349 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം.
102.9985 ദശലക്ഷം യൂണിറ്റാണ് ഇതുവരെയുള്ള സര്‍വകാല റിക്കാര്‍ഡ്. വൈകാതെ തന്നെ ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുമെന്നാണ് പുതിയ വിലയിരുത്തലുകള്‍. രാത്രി വൈകിയാണ് ഉപഭോഗം ഏറ്റവും കൂടുതല്‍ ഉയരുന്നത്.
പകല്‍ സമയത്ത് 4000 മെഗാവാട്ടില്‍ താഴെയാണ് ഉപയോഗമെങ്കില്‍ വൈകിട്ടോടെ ഇത് ഉയര്‍ന്ന് തുടങ്ങും. രാത്രി ഏഴു മണിക്ക് ശേഷം 4500 മെഗാവാട്ട് കടക്കും. 10 മണിയോടെ വീണ്ടും ഉയരും. 12 മണിയോടെ 5000 മെഗാവാട്ടിന് അടുത്ത് വരെ ഉപഭോഗം എത്തുന്നുണ്ട്. പിന്നീട് പുലര്‍ച്ചയോടെയാണ് ഉപഭോഗം കുറഞ്ഞ് 3500 മെഗാവാട്ടിലേക്ക് എത്തുന്നത്.
അതേ സമയം ഇടുക്കിയിലെ മൊത്തം ശേഖരം 50.12 ശതമാനമെത്തി. 2355.02 അടിയാണ് സംഭരണിയിലെ നിലവിലെ ജലനിരപ്പ്. ഉത്പാദനം കൂട്ടിയതോടെ ജലനിരപ്പ് വേഗത്തില്‍ താഴുകയാണ്. മഴക്കാലം എത്താന്‍ ഇനി 87 ദിവസം കൂടി അവശേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: