മരണവേളയില്‍ ഒരു വ്യക്തിയുടെ മനോഗുണങ്ങള്‍, പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങള്‍, ലൗകിക തൃഷ്ണകള്‍ തുടങ്ങിയവ പുനര്‍ജന്മത്തെ സ്വാധീനിക്കുമെന്നാണ് വിശ്വാസം. മരണകാലത്ത് ഈശ്വരചിന്ത, സാത്വികഭാവം തുടങ്ങിയവ ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് ശുഭകരമായ പുനര്‍ജന്മമുണ്ടാകുമെന്നാണ് വിശ്വാസം. ദുഷിച്ച ചിന്തകളോടെ മരിക്കുന്നവര്‍ അടുത്ത ജന്മത്തില് നീചയോനികളില്‍ വന്നു പിറക്കുകയും ദുരിതങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്നു. അതിനാല്‍ മരണസമയത്ത് ശാന്തമായൊരു അന്തരീക്ഷം വേണം. ഭക്തിയും, ശുദ്ധിയും നിറഞ്ഞ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുവാന്‍ മക്കളും ബന്ധുക്കളും ശ്രദ്ധിക്കണം.
ആസന്നമരണനായ വ്യക്തി വിഷ്ണുവിനെ സ്മരിക്കണം. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളില്‍നിന്ന് മോചനം ലഭിക്കാനും കൂടുതല്‍ ശുഭമായ പുനര്ജന്മം ലഭിക്കാനും നാരായണനാമജപവും സ്മരണവും ഏറ്റവും ഫലപ്രദമാണെന്നതിന് നമ്മുടെ പുരാണങ്ങളില്‍ എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. അവസാനകാലങ്ങളില്‍ ‘ഓം നമോ നാരായണായ’’എന്ന അഷ്ടാക്ഷര മന്ത്രമോ ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷര മന്ത്രമോ പതിവായി ജപിക്കേണ്ടതാണ്. രോഗശയ്യയില്‍ കിടക്കുന്ന വ്യക്തിയെ ഭാഗവതം പ്രഥമസ്കന്ധത്തിലെ ഭീഷ്മസ്തുതി അല്ലെങ്കില്‍ വിഷ്ണുസഹസ്രനാമം ചൊല്ലി കേള്‍പ്പിക്കുന്നത് വിശേഷമാണ്. ഭഗവദ്ഗീത തുടങ്ങിയവും ആസന്നമരണനായ വ്യക്തിയുടെ അരികെയിരുന്ന് പാരായണം ചെയ്യാവുന്നതാണ്. രോഗിയുടെ മനസ്സില്‍നിന്ന് മരണഭയത്തെ അകറ്റി ശുദ്ധവും ശാന്തവുമായ മനസ്സോടെ മരണത്തെ വരിക്കാന്‍ പറ്റിയ ഒരന്തരീക്ഷം സംജാതമാക്കുക എന്നതാണ് ഈ ചടങ്ങുകളുടെയെല്ലാം ലക്ഷ്യം. വിഷ്ണുക്ഷേത്രത്തില്‍ അഭിഷേകം കഴിച്ച തീര്‍ത്ഥമോ, തുളസിയിലയിട്ട വെള്ളമോ മരണവേളയിലായ വ്യക്തിക്ക് കൊടുക്കാന്‍ മറക്കരുത്.
രോഗിയുടെ കിടക്കയ്ക്കു ചുറ്റും അക്ഷതം കൊണ്ട് മണ്ഡലം വരയ്ക്കുകക, ഗന്ധം അറിയത്തക്കവണ്ണം തുളസിയില കിടക്കയില്‍ വിതറുക. രോഗിയുടെ ദേഹത്ത് ഭസ്മക്കുറികള്‍ ഇടുക, നെറ്റിയില്‍ ചന്ദനം തൊട്ട് തുളസിയില ഒട്ടിച്ചുവെക്കുക, എള്ള്, തുളസിയില, ദര്‍ഭ എന്നിവ വിരിച്ച് അതില്‍ കിടത്തുക, തുളസിമാല ധരിപ്പിക്കുക തുടങ്ങിയവയൊക്കെ ഗരുഡപുരാണം നിര്‍ദ്ദേശിക്കുന്നുണ്ട്. ചാണകം കൊണ്ട് മെഴുകിയോ, ചാണക വെള്ളം തളിച്ചോ ശുദ്ധമാക്കിയ തറയില്‍ തില, ദര്‍ഭ, തുളസീശയ്യ ഒരുക്കി, മരണം അടുത്ത സമയത്ത് അതില്‍ രോഗിയെ കിടത്തുന്നതിനും ഗരുഡപുരാണം പ്രാധാന്യം നല്‍കുന്നുണ്ട്. തിലം വിഷ്ണുവിന്റെ വിയര്‍പ്പില്‍ നിന്നും ദര്‍ഭ രോമങ്ങളില്‍നിന്നും ഉണ്ടായതാണെന്ന് വിശ്വാസം. അതിനാല്‍ അവയുടെ സ്പര്‍ശം ഏറ്റു മരിക്കുന്നവന് സ്വര്‍ഗപ്രാപ്തി പെട്ടന്നു നേടാം.
സാളഗ്രാമത്തില്‍ അഭിഷേകം ചെയ്ത് ജലം, ഗംഗാ ജലം തുടങ്ങിയവയും അന്ത്യവേളയില്‍ വ്യക്തിയുടെ നാവില്‍ ഇറ്റിക്കേണ്ടതാണ്. പുത്ര പൗത്രാദികളെ കണ്ട് സംതൃപ്തിയോടെയാണ് ഒരു വ്യക്തി മരണംവരിക്കേണ്ടത്. മരണകാലത്ത് ഇവര്‍ രോഗിയുടെ സമീപത്തുണ്ടാവുന്നതിന് അതീവപ്രാധാന്യമുണ്ട്. മരണവേളയില്‍ വ്യക്തിക്കിഷ്ടമുള്ള മന്ത്രങ്ങളും നാമവും ചെവിയില്‍ കേള്‍പ്പിക്കുമ്പോള്‍ ശാന്തമായ മനോവിചാര വികാരങ്ങളുണ്ടാകുന്നതായി ഗവേഷണങ്ങള്‍ക്ക് തെളിയിക്കു വാന്‍ കഴിഞ്ഞിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെയും ഹൃദയം ശാന്തമായി പ്രവര്‍ത്തിക്കുന്നതിന്റെയും ലക്ഷണങ്ങള്‍ വ്യക്തമാകാറുണ്ട്. യഥാര്‍ത്ഥത്തില്‍ മരണഭയത്തില്‍ നിന്നുള്ള മോചനത്തിലൂടെ ശാന്തമായി ജീവത്യാഗം സാധിക്കുന്നതിന് ഈ അനുഷ്ഠാനം വളരെയേറെ സഹായിക്കുന്നു.
മരണമടുത്താല്‍ ജപനാമങ്ങള്‍ കേട്ടാല്‍ത്തന്നെ പാപം നശിക്കുമെങ്കില് സ്വയം ജപിച്ചാലത്തെ കഥ പ്രത്യേകം പറയേണ്ടതില്ല. ചില സുകൃതികള്‍ക്കു മാത്രമേ മരണസമയത്തും തന്റേടത്തോടുകൂടി ജപിക്കാന്‍ ഭാഗ്യമുണ്ടാകാറുള്ളു. അതിനു സാധിച്ചവര്‍ക്ക് പുനര്‍ജന്മമുയാകില്ലെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: