തിരുവനന്തപുരം: അര്‍ദ്ധചാലക മേഖലയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വന്‍ തൊഴില്‍ അവസരങ്ങളാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിക്ക് കീഴിലുള്ള നാലാമത് സെമിക്കോണ്‍ ഇന്ത്യ ഫ്യൂച്ചര്‍ ഡിസൈന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് സെമികണ്ടക്ടര്‍ റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം വലിയമലയിലുള്ള ഐഐഎസ്ടി ക്യാമ്പസില്‍ സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍യൂണിവേഴ്‌സിറ്റി മൈക്രോ ഇലക്‌ട്രോണിക്‌സ് സെന്റര്‍ (ഐഎംഇസി), യുഎസിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), തായ്‌വാനിലെ ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ഐടിആര്‍ഐ) എന്നിവയ്‌ക്കൊപ്പം നില്‍ക്കുന്ന സ്ഥാപനമായിരിക്കും ഈ ഗവേഷണ കേന്ദ്രം. അര്‍ദ്ധചാലക ഗവേഷണ മേഖലയില്‍ ലോകത്തിലെ അഞ്ചാമത്തെ സ്ഥാപനമായിരിക്കും ബിഎസ്ആര്‍സിയെന്നും അദ്ദേഹം പറഞ്ഞു.
സെമി കണ്ടക്ടര്‍ മേഖലയില്‍ രാജ്യം അതിവേഗം മുന്നേറുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിക്ക് കീഴില്‍ പുതുതായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകളെ ചടങ്ങില്‍ അദ്ദേഹം ആദരിച്ചു. അര്‍ദ്ധചാലക മേഖലയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളുടേയും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളുടേയും പ്രദര്‍ശനവും കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും (ഐഐഎസ്ടി) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ വിഎസ്എസ് സി/ഐഐഎസ്ടി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, വ്യവസായിക, അക്കാദമിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: