കോട്ടയം: ടിപ്പർ ഡ്രൈവറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. യുവാവിന്റെ പറമ്പിൽ മണ്ണിറക്കിയതിന് പണം ആവശ്യപ്പെടുകയും ഇത് എതിർത്തതിനെ തുടർന്ന് ആക്രമിക്കുകയുമായിരുന്നു. കങ്ങഴ സ്വദേശി അജ്മൽ ലത്തീഫ്, രാഹുൽ കൃഷ്ണൻ, സൂരജ് വി നായർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇടയപ്പാറ ഭാഗത്ത് ടിപ്പറിൽ മണ്ണിറക്കാനെത്തിയ കങ്ങഴ ചൂരക്കുന്ന് സ്വദേശിയായ യുവാവിനെ മൂവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. റബ്ബർ കമ്പുപയോഗിച്ച് അടിക്കുകയും കരിങ്കൽ കഷണം ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. പോക്കറ്റിൽ നിന്ന് 18,000 രൂപയും ലൈസൻസും പാൻകാർഡും അടങ്ങിയ പഴ്‌സ് പിടിച്ചു പറിച്ചതായും യുവാവ് പറയുന്നു.
യുവാവ് വാങ്ങുന്നതിനായി അഡ്വാൻസ് കൊടുത്ത സ്ഥലത്ത് മണ്ണ് ഇറക്കണമെങ്കിൽ ഇവർക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് യുവാവ് നിരസിച്ചതോടെ പ്രകോപിതരായ പ്രതികൾ യുവാവിനെ ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: