വയനാട് വെറ്റിറിനറി സര്‍വ്വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ തന്നെ ഒരു സഹവിദ്യാര്‍ത്ഥിയെ കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമര്‍ദ്ദനങ്ങള്‍ക്കു വിധേയമാക്കി കൊലപ്പെടുത്തി കെട്ടിത്തുത്തൂക്കിയെന്ന ദാരുണ വാര്‍ത്ത അടുത്തകാലത്ത് സാക്ഷര കേരളത്തിന്റെ യശ്ശസ്സിനേറ്റ ഏറ്റവും നിന്ദ്യവും അപമാനകരവുമായ കനത്ത പ്രഹരമെന്നതിനുമപ്പുറം രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ക്യാമ്പസ്സുകളുടെ കടുത്ത ക്രിമിനല്‍വല്‍ക്കരണവും ഇപ്പോള്‍ അതും കടന്നു ക്യാമ്പസ്സുകളുടെ ഭീകരവല്ക്കരണമെന്ന ദേശീയ ദുരന്തത്തിലേക്കും കൂടിയാണ് വിരല്‍ ചൂണ്ടുന്നതെന്ന സത്യവും ദുഃഖവും യാഥാര്‍ത്ഥ്യവും നാം കാണാതെ പോകരുത്.
അഹിംസയുടെ മഹാചാര്യനായിരുന്ന ശ്രീബുദ്ധഭഗവാന്റെ പൂര്‍വ്വാശ്രമത്തിലെ അര്‍ത്ഥപൂര്‍ണ്ണമായ പേരു തന്നെ-സിദ്ധാര്ത്ഥന്-മകനു നല്‍കിയിട്ടും അതവന്റെ തന്നെ സതീര്‍ത്ഥ്യരുടെ ക്രൂരതയില്‍ നിന്നുപോലും അവനു രക്ഷാകവചമായില്ല എന്നത് അവന്റെ കുറ്റമായല്ല, മറിച്ചു അവനൊപ്പം പഠിക്കാനെത്തിയ കൂട്ടുകാരുടെ കഠിനവും ക്രൂരവും ദുഷ്ടവും വന്യവുമായ മനസ്സിന്റെ നേര്സാക്ഷ്യമായേ ആര്‍ക്കായാലും കാണാനാവൂ! നമ്മുടെ കൗമാരങ്ങള്ക്കെങ്ങിനെ ഇത്ര ക്രൂരമാകനാവും എന്നു അമ്പരക്കുന്നതിനിടയിലാണ് പൂക്കോട് ക്യാമ്പസിലെ കൊടും ക്രിമിനലുകള്‍ക്കു അവിടെത്തന്നെയുള്ള അധ്യാപകരിലും അധികാരികളിലും പെട്ട ചില ‘മഹോപാദ്ധ്യായ’ന്മാര്‍ തന്നെയാണു താങ്ങും തണലും ഒളിവും സംരക്ഷണവുമൊക്കെ നല്‍കിയതെന്നും ഇപ്പോള്‍ പത്രവാര്‍ത്ത കളെത്തുന്നത്. ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ’മെന്ന് ചിലപ്പോഴൊക്കെ ചില കോടതികള്‍ പോലും വിശേഷിപ്പിക്കാറുള്ളതരം സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് സിദ്ധാര്‍ത്ഥനോടു അതേ ക്യാമ്പസില്‍ പഠിക്കുകയും ഒരേ ഹോസ്റ്റലില്‍ താമസിക്കുകയും ചെയ്ത അവന്റെ ‘ക്ലാസ്സ്മേറ്റ്സ്’ തന്നെ കാണിച്ചതെന്നതും നമ്മുടെ സമൂഹത്തിന്റയാകെ ഉറക്കം കെടുത്താതിരിക്കുകയില്ലെന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം.
എന്നാല്‍ ഇത്ര മനുഷ്യത്വരഹിതമായ കൊടുംകൊലയിലേക്കു നയിച്ച തുടര്മര്ദ്ദനങ്ങള് നിസ്സഹായനായ ഒരു വിദ്യാര്‍ത്ഥിക്കു നേരേ, അവന് ഏതു രാഷ്ട്രീയ ചേരിയില്‍ ഉള്പ്പെട്ടവനുമാകട്ടെ, ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി ക്യാമ്പസ്സില്‍ അരങ്ങേറിയിട്ടും അവിടത്തെ സഹപാഠികളും അധ്യാപകരും അധികാരികളുമൊന്നും അതറിഞ്ഞതേയില്ല എന്നു പറയുന്നതും അതിലിടപെടാനോ അതിനെ തടയാനോ നിയമത്തിന്റെ വഴിയില്‍ ഒന്നു പോലീസിലറിയിക്കാ നോ പോലും തയ്യാറായില്ല എന്നതും നമ്മെ സത്യത്തില്‍ നടുക്കുന്നുമുണ്ട്!
നിഷ്പക്ഷമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്താനും സത്യങ്ങളെ തിരിച്ചറിഞ്ഞു വേണ്ട തെളിവുകളോടെ അവ നീതിപീഠത്തിനു മുന്നില്‍ കൊണ്ടു വരാനും കഴിയൂ. കുറ്റാരോപിതര്‍ക്കും അവരുടെ ഭാഗവും വാദങ്ങളും ന്യായ പീഠത്തിനു മുന്നില്‍ ബോധിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥയും ഉറപ്പാക്കുന്നുണ്ടല്ലോ. പക്ഷേ നിയമത്തിന്റെ വഴി ആ വഴി തന്നെയാകേണ്ടതുണ്ട്. അത് ഉറപ്പുവരുത്താനുള്ള കടമ സര്‍ക്കാരിനുമുണ്ട്. വെറ്റിനറി സര്‍വ്വകലാശാലയില്‍ നടന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കാര്യങ്ങള്‍ ഒരു പരിഷ്ക്കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല എന്നതാണ് എടുത്തു പറയേണ്ടതായിട്ടുള്ളത്. ഒരു സര്‍വ്വകലാശാലാ ക്യാമ്പസ്സിലാണ് ഇത്തരമൊരു ക്രൂര ദണ്ഡന തുടര്‍ക്കഥ അരങ്ങേറിയത്. ദിനരാത്രങ്ങളിലേക്കു നീണ്ട കൊടും താണ്ഡവം അധികാരികളാരും അറിഞ്ഞതേയില്ല എന്നാണ് കഥയും മൊഴിയും. പക്ഷേ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു അതത്രയങ്ങോട്ടു ബോദ്ധ്യമായില്ല എന്നതു കൊണ്ടാവണം അദ്ദേഹം സ്വമേധയാ സ്വന്തം അധികാരമുപയോഗിച്ചു നടപടികളെടുത്തത്. നിയമപരമായ നടപടികളുടെ ന്യായാന്യായങ്ങള്‍ ഇനി കോടതികള്‍ തന്നെ പരിശോധിക്കട്ടെ. എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സര്വ്വകലാശാലാധികാരികള്ക്കുണ്ടായ പ്രകടമായ ധാര്മ്മികവീഴ്ച്ചയും അതിലവര്ക്കുണ്ടായ സംവിധാനപരമായ ഉത്തരവാദിത്വവും ഗവര്‍ണര്‍ക്കു ബോധ്യപ്പെട്ടതുകൊണ്ടാവണം അദ്ദേഹം സത്വരമായ നടപടികള്‍ക്കു തയ്യാറായതും. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച ശക്തമായ നിലപാടും തുടര്‍ നടപടികളും ജനമനസ്സുകളില്‍ ഗവര്‍ണറെക്കുറിച്ചുള്ള റേറ്റിംഗ്സ് കൂട്ടുകയും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ടാവണമെന്നതിലും തര്‍ക്കമൊന്നുമില്ല.
കാട്ടില്‍ നിന്നും ഇടയ്ക്കിടെ ഭക്ഷണം തേടി നാട്ടിലിറങ്ങുന്ന കൊലയാനകള്‍ പോലും അവരുടെ അടങ്ങാത്ത കലിക്കിടയിലും മുന്നില്‍പ്പെടുന്നവരെ ഒറ്റച്ചവിട്ടില്‍ കൊല്ലുന്നതല്ലാതെ പീഡിപ്പിച്ചു കൊല്ലുന്നില്ല എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. അതു നമ്മുടെ ക്യാമ്പസ്സുകളിലെ ‘കരിവീരന്’മാര്‍ക്കും പൂക്കോട് വെറ്റിറിനറി സര്‍വ്വകലാശാലയിലെ ആധുനിക ‘ഭീകര’ജീവി കള്‍ക്കും ഒരു പാഠമായാല്‍ അത്രയും നല്ലത്.
ഒരു ജനാധിപത്യ സംവിധാനത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിഷേധിക്കപ്പെടേണ്ടതോ നിയമം കൊണ്ട് നിരോധിക്കപ്പെടേണ്ടതോ ആണെന്നു പറയുവാനും പ്രയാസമുണ്ട്. ക്യാമ്പസ് രാഷ്ട്രീയമല്ല, ക്യാമ്പസ് അക്രമങ്ങളാണ് തടയപ്പെടേണ്ടത്. ഒരു കാലത്ത് കവിതയും പാട്ടും നാടകവും പ്രസംഗ ങ്ങളും ഡാന്‍സും സ്പോര്‍ട്സും ഗെയിംസും പ്രേമവും ചിരിയുമൊക്കെയായി പടര്‍ന്നുപന്തലിച്ചു നിന്ന സ്കൂള്‍-കോളജ് ക്യാമ്പസ്സുകളാണ് ഇപ്പോള്‍ എല്ലാഅര്‍ത്ഥത്തിലും വന്ധീകരിക്കപ്പെട്ടുപോയത്. എന്നോ എപ്പോഴോ എവിടെയോ എങ്ങിനെയോ നമുക്കു നഷ്ടമായ ‘പറുദീസ’ യേയാണു കോളജുകളിലേക്കും സര്‍വ്വകലാശാലകളിലേക്കും നമുക്കു തിരിയെക്കൊണ്ടു വരേണ്ടത്. എന്നാല്‍ ഒരു സാഹചര്യത്തിലും ഒരു കാരണവശാലും നമ്മുടെ ക്യാമ്പസ്സുകള്‍ കുറ്റവാളികള്‍ക്കു സ്വതന്ത്രമായി വിഹരിക്കാനുള്ള സ്ഥലമോ കൊടുംകുറ്റവാളികള്‍ക്കുള്ള അഭയകേന്ദ്രമോ ഒളിത്താവളമോ ആകാനും നാം അനുവദിച്ചുകൂട. ഇക്കാര്യത്തില്‍ സമൂഹവും സര്‍ക്കാരും ക്യാമ്പസ് മേധാവികളും പോലീസും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട് എന്നു കൂടിയാണ് ‘പൂക്കോട് ദുരന്തം’ കേരളത്തെ ഓര്‍മ്മിപ്പിക്കുന്നത്.
ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് സത്യസന്ധവും നിഷ്പക്ഷവുമായ ഒരു പുനര്‍വായനയ്ക്കും കൂടി പൂക്കോട് വെറ്റിറിനറി സര്‍വ്വകലാശാലയിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രേരകമാകുമെങ്കില്‍ അത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ശൈലീ-സമ്പ്രദായങ്ങളിലും തികച്ചും വ്യത്യസ്തവും കൂടുതല്‍ ക്രിയാത്മകവും ഏറെ ആശാവഹ വുമായ മാറ്റങ്ങള്‍ക്കും വഴിവച്ചേക്കാം. കേരളത്തിന്റെ അടിയന്തരാവശ്യവും ഇപ്പോള്‍ മറ്റൊന്നല്ല. പക്ഷേ അതിനുള്ള ഒരേയൊരു ഉപാധി രാഷ്ട്രീയ കക്ഷി ഭേദങ്ങള്‍ക്കപ്പുറം ഭരണകൂടവും മറു പക്ഷവും മാത്രമല്ല, നമ്മുടെ സാക്ഷര സമൂഹമാകെ ഇക്കാര്യത്തില്‍ ഏകമനസ്സോടെ കൈകോര്ക്കുകയെന്നതു തന്നെയാണ്. ഈ മഹായജ്ഞത്തിനു ആരേക്കാളും മുന്നില്‍ നില്ക്കേണ്ടതു ഭരണാധികാരിയെന്ന നിലയില്‍ മുഖ്യമന്ത്രി തന്നെയാണ്. സര്‍വ്വകലാശാലകളുടെ ചാന്‍സിലറെന്ന നിലയില്‍ സംസ്ഥാനത്തലവന്‍ കൂടിയായ ഗവര്‍ണറും. അവരിരുവരും മനസ്സുവച്ചു കൈകൊടുത്താല്‍ നമ്മുടെ ക്യാമ്പസ്സുകള്ക്കു ശാപമോക്ഷവുമാകും
(മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: