പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്ത്ഥന് ജെ.എസിന്റെ മരണം സംബന്ധിച്ച് അന്വേഷണത്തിന് പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിട്ട് ഇന്ന് ആറാം ദിവസമാണ്. ഫെബ്രുവരി 29നായിരുന്നു ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. ഈ റിപ്പോര്‍ട്ട് തയാറാക്കുന്നതുവരെ പ്രത്യേക സമിതിയൊന്നും ഉണ്ടാക്കിയിട്ടില്ല. മുഖ്യമന്ത്രിയല്ല ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്, ആഭ്യന്തര വകുപ്പുമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണോ എന്ന് തീരുമാനിക്കുന്നത് പോലീസ് മേധാവിയല്ല. മറ്റ് ചില അധികാരകേന്ദ്രങ്ങള്‍ സര്‍വതും കൈക്കലാക്കിയിട്ട് കാലമേറെയായി. അതുകൊണ്ടാണ് അരമാസം കഴിഞ്ഞിട്ടും ലോക്കല്‍ പോലീസ് ഈ കേസില്‍ കെട്ടിമറിയുന്നത്. അവര്‍ കേസന്വേഷിക്കുന്നു, പ്രതികളെ അറസ്റ്റ് ചെയ്യുന്നു, തെളിവെടുപ്പിന് കൊണ്ടുപോകുന്നു, തെളിവു കിട്ടാനില്ലെന്ന് പറയുന്നു… എല്ലാം ലോക്കല്‍ പോലീസിന്റെ നിയന്ത്രണത്തില്‍.
ഈ കൊലക്കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍. സജീവ് പറഞ്ഞത് ആള്‍ക്കൂട്ട വിചാരണ നടന്നുവെന്നാണ്. എങ്കിലും അത് പിന്നീട് തിരുത്തി. അതിന് കാരണമായത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ സി.കെ. ശശീന്ദ്രന്റെ നിര്‍ദേശവും സമ്മര്‍ദ്ദവുമാണെന്നാണ് പറച്ചില്. ഫെബ്രുവരി 29 ന് പത്രസമ്മേളനത്തില്‍ ഡിവൈഎസ്പി നിരത്തിയ വാദങ്ങളും മാധ്യമങ്ങളോട് നടത്തിയ അഭ്യര്‍ത്ഥനയും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ അത് വ്യക്തമാകും. അതായത്, ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍, പോഷക സംഘടനയായ എസ്എഫ്ഐയുടെ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ അടിസ്ഥാന സംഘടനയായ സിപിഎം ശക്തമായി ഇടപെട്ടിരുന്നു.
പ്രതികളെ പോലീസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയപ്പോള്‍ ആ കോടതിയില്‍ (മജിസ്ട്രേറ്റ് ഔദ്യോഗിക നടപടികള്‍ നിര്‍വഹിക്കുന്ന ഏതിടവും കോടതിയാണെന്നാണ് നടപ്പ്) സിപിഎം നേതാവ് സി.കെ. ശശീന്ദ്രന് എന്തായിരുന്നു ദൗത്യം? അവിടെ കോടതി നടപടികള്‍ തടസപ്പെടുത്തും മട്ടില്‍ ഇടപെടാന്‍ സിപിഎം നേതാവിന് എങ്ങനെ കഴിഞ്ഞു? എന്തായിരുന്നു താത്പര്യം? കോടതി പരിസരത്തുവച്ചും ഡിവൈഎസ്പിയുമായി ശശീന്ദ്രന് സംസാരിച്ചു. ഇക്കാര്യം ആ നേതാവുതന്നെ സമ്മതിക്കുകയും ചെയ്തു. അതായത്, പ്രത്യക്ഷമായിത്തന്നെ സിപിഎം ഈ കേസില്‍, പോലീസ് അന്വേഷണത്തില്‍, നടപടികളില്‍, ഇടപെട്ട് സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു.
ഡീന്‍ ഈ ദുരൂഹമായ ദുരന്തത്തില്‍ വഹിച്ച ദുഷ്ടലാക്കുള്ള പങ്കിനെക്കുറിച്ച് കഴിഞ്ഞ ദിവസം പരമ്പരയില്‍ വിശദീകരിച്ചിരുന്നല്ലോ? കോളജ് അധികൃതര്‍ നടത്തിയ ഇടപാടുകളിലും ഏറെ സംശയങ്ങളുണ്ട്. പക്ഷേ, ഇപ്പോഴും കേസ് പോലീസിന്റെ പ്രത്യേക ടീമിന് പോലും കൈമാറിയിട്ടില്ല. അതായത്, നിര്‍ണായകമായ തെളിവുകള്‍ വരെ നശിപ്പിച്ചിട്ടോ അനുകൂലമാക്കിയിട്ടോ ആയിരിക്കും കേസ് ഏതെങ്കിലും പ്രത്യേക അന്വേഷണ സമിതിക്കോ കേന്ദ്ര അന്വേഷണ ഏജന്‍സിക്കോ കൈമാറുക എന്നര്‍ത്ഥം.
കേസില്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്ന് ഹൈക്കോടതിയോട് ഗവര്‍ണര്‍ അപേക്ഷിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്ക് നേരിട്ട് അന്വേഷണ ഉത്തരവിടാന്‍ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ല. എന്നാല്‍, ഈ ആവശ്യത്തോട് കോടതിയുടെ നിലപാട് എന്തായിരിക്കുമെന്നത് നിര്‍ണായകമാണ്. സിറ്റിങ് ജഡ്ജ് സമിതിയായ അന്വേഷണങ്ങളില്‍പ്പോലും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെ നടപടി ശിപാര്‍ശകളില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. സിറ്റിങ് ജഡ്ജിനെ ഇതിനായി വിട്ടുകൊടുക്കുന്ന കാര്യവും ഹൈക്കോടതിയെ സംബന്ധിച്ച് എളുപ്പമല്ല. മാത്രമല്ല, ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ വേണം അന്തിമ തീരുമാനം എടുക്കാന്‍. കോടതിക്ക് നേരിട്ട് സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ സംഘങ്ങള്‍ക്ക് ചുമതലകൊടുക്കാം. അങ്ങനെയൊരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍നിന്ന് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ന്നിട്ടുമുണ്ട്.
മറ്റൊന്ന് ഈ കേസില്‍ ഇതുവരെ പോലീസിന്റെ സൈബര്‍ സംഘം ഇടപെട്ടിട്ടില്ല എന്നതാണ്. അതാകട്ടെ ഏറെ നിര്‍ണായകമായ ഒന്നാണ്. സിദ്ധാര്‍ത്ഥന്റെ മൊബൈല്‍ ഫോണ്‍ ഈ കേസില്‍ സുപ്രധാന തെളിവാണ്. പ്രതികളുടെ ഫോണുകള്‍ക്കുമുണ്ട് അതിനൊപ്പം പ്രാധാന്യം.
അതിനേക്കാള്‍ നിര്‍ണായകമായ തെളിവായിരിക്കും വിദ്യാര്‍ത്ഥികളുടെ ഫോണുകള്‍. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കുന്ന അവസരങ്ങളില്‍ ചില കുട്ടികള്‍ മൊബൈലില്‍ അവ റിക്കാര്‍ഡ് ?ചെയ്തിരുന്നുവെന്നും ഹോസ്റ്റല്‍ താമസക്കാരുടെ വാട്സ്ആപ് ഗ്രൂപ്പ്, ബാച്ച് വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങിയവയില്‍ കൈമാറിയിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍തന്നെ പറയുന്നു. പക്ഷേ, പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളില്‍നിന്ന് ആ ദൃശ്യങ്ങളും തെളിവുകളും ഇല്ലാതാക്കിയില്ലെങ്കില്‍ കാമ്പസില്‍നിന്നല്ല, ഭൂമുഖത്തുനിന്നുതന്നെ ഒഴിവാക്കുമെന്ന് ചിലരില്‍നിന്ന് ഭീഷണികള്‍ ഉണ്ടായതായാണ് വിവരം.
കേസില്‍ സിദ്ധാര്‍ത്ഥന്റെ അച്ഛന്, അമ്മ, അമ്മാവന് മറ്റ് ബന്ധുക്കള്‍ എന്നിവര്‍ ഉയര്‍ത്തുന്ന, ഉയര്‍ത്തിയ സംശയങ്ങളുടെ വാസ്തവം അന്വേഷിക്കണം. അത് മുന്‍നിശ്ചയിച്ച തീരുമാനങ്ങളില്‍ എത്താനല്ല, വാസ്തവത്തിന്റെ കണ്ടെത്തലിനായിരിക്കണം. ഇതൊക്കെ കേരള പോലീസിന്റെ അന്വേഷണംകൊണ്ട് സാധ്യമാകില്ലല്ലോ.
ഇപ്പോഴും വെറ്ററിനറി കാമ്പസില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇത്രയൊക്കൊയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഭയം മാറിയിട്ടില്ല. കാമ്പസിനെ ഭയപ്പെടുത്തിയിരുന്നവര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തുന്നു.
കാമ്പസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യവും അവസരവും കിട്ടാത്ത വിദ്യാര്‍ത്ഥി സംഘടനകളായ എബിവിപിയും കെഎസ്യുവും സര്‍വകലാശാലാ കാമ്പസ് കവാടത്തില്‍ നടത്തിയ ഉപവാസ സമരമാണ് എസ്എഫ്ഐയുടെ ഈ ആളെക്കൊല്ലിക്കോട്ടയിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവന്നത്. പക്ഷേ, ഇനിയെന്ത്? എങ്ങനെ? എപ്പോള്‍? എന്ന ചോദ്യങ്ങളുണ്ട്. പ്രതികള്‍ക്ക് ജാമ്യം കൊടുത്താല്‍ അവര്‍ തെളിവ് നശിപ്പിക്കും, സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കും എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് എഴുതിയതും കൂട്ടിവായിക്കണം. കൊലയാളികള്‍ക്ക് കൂട്ടായി വലിയ രാഷ്ട്രീയ പ്രസ്ഥാനവും ശക്തമായ ഭരണകൂടവും ഉള്ളപ്പോള്‍ പ്രതികള്‍ പുറത്തുണ്ടാവേണ്ട അതിനൊന്നും. അതിനാല്‍, അധികം വൈകാതെ ശക്തമായ അന്വേഷണം നടക്കണം. അതിനാണ് കേരളമൊന്നാകെ ആവശ്യപ്പെടേണ്ടത്. അവസരം നോക്കി പ്രതികരിക്കുന്ന സാംസ്കാരിക നായകവൃന്ദത്തെ കാക്കേണ്ടതില്ല. അവര്‍ മാത്രമല്ല ജനാധിപത്യം സംരക്ഷിക്കുന്നത് എന്ന് ഓര്‍മിക്കുക.
കുട്ടികള്‍ സംരക്ഷിക്കപ്പെടണം. വെറ്ററിനറി കോളജിന്റെ കീര്‍ത്തി തകര്‍ന്നു പോകാതെ നോക്കണം. കേരളത്തിന് ഒരിക്കല്‍ ഉണ്ടായിരുന്ന വിദ്യാഭ്യാസ പാരമ്പര്യം വീണ്ടെടുക്കണം. പൂക്കോട് കാമ്പസില്‍ പൂക്കള്‍ വിരിയണം. അങ്കണത്തിലെ ‘വെള്ളപ്പശു’ വിശുദ്ധിയോടെ വിദ്യയുടെ പാല്‍ചുരത്തണം. സിദ്ധാര്ത്ഥന്മാരായി കാമ്പസിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ ബുദ്ധന്മാരായി മാറണം. അതിന് എല്ലാത്തരത്തിലുമുള്ള കാമ്പസ്ഭീകരതകളും എന്നെന്നേക്കുമായി എല്ലായിടത്തും അവസാനിക്കണം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: